ഏറ്റുമുട്ടി രാജേഷും സതീശനും ‘രണ്ടു കോണ്‍ഗ്രസ്‌, രണ്ടു സി.പി.എം.’

0


തിരുവനന്തപുരം: സ്വന്തം പാര്‍ട്ടിയുടെ രാഷ്‌ട്രീയ നയങ്ങളെ വഞ്ചിക്കുന്നവരാണ്‌ കോണ്‍ഗ്രസെന്ന്‌ മന്ത്രി എം.ബി. രാജേഷ്‌. രാജ്യത്ത്‌ രണ്ടു കോണ്‍ഗ്രസുണ്ട്‌. മല്ലികാര്‍ജ്‌ജുന്‍ ഖാര്‍ഗേയും സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസും. കേരളത്തില്‍ മോദിയും ഇ.ഡിയും നയിക്കുന്ന കോണ്‍ഗ്രസുമെന്നും അദ്ദേഹം നിയമസഭയില്‍ പരിഹസിച്ചു.
കേരളത്തില്‍ തന്നെ രണ്ട്‌ സി.പി.എമ്മുണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശന്റെ തിരിച്ചടി- എം.വി. ഗോവിന്ദന്റെ ജാഥയില്‍ പോലും പങ്കെടുക്കാത്ത, മുഖ്യമന്ത്രി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും സീനിയറായ ഇ.പി. ജയരാജനുള്ള പാര്‍ട്ടിയും ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തീരുമാനിക്കുന്ന പോളിറ്റ്‌ ബ്യൂറോയെ എതിര്‍ത്ത്‌ ഇവിടെ കോണ്‍ഗ്രസിനെ ആക്രമിക്കുന്ന സി.പി.എമ്മും. ലൈഫ്‌ മിഷന്‍ വിഷയത്തില്‍ മാത്യു കുഴല്‍നാടന്റെ അടിയന്തരപ്രമേയ അവതരണാനുമതി നോട്ടീസിലാണ്‌ ഇരുവരും ഏറ്റുമുട്ടിയത്‌.

എം.ബി. രാജേഷ്‌

ലൈഫ്‌ മിഷന്‍ പദ്ധതി തകര്‍ക്കുമെന്ന യു.ഡി.എഫിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണ്‌ അടിയന്തിരപ്രമേയം. ഇതുവരെ പദ്ധതിയുടെ ഭാഗമായി 3,28,315 പേര്‍ക്ക്‌ പദ്ധതിപ്രകാരം വീടുവച്ചുനല്‍കിയിട്ടുണ്ട്‌. 13,132.6 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്‌. ഇത്രയും ബൃഹത്തായ പദ്ധതിയെ ലക്ഷ്യമിട്ട്‌ സംഘടിതമായ ആക്രമണമാണ്‌ നടക്കുന്നത്‌.
2014ന്‌ ശേഷം ഇ.ഡി. നടത്തിയ അന്വേഷണത്തില്‍ 90%വും പ്രതിപക്ഷത്തിനെതിരായായിരുന്നു. പി.എം.എല്‍.എ. നിയമപ്രകാരം മൊത്തം 5,422 കേസ്‌ എടുത്തതില്‍ ശിക്ഷിച്ചത്‌ വെറും 23 എണ്ണം-അതായത്‌ വെറും.5ശതമാനം. അത്തരം ഒരു ഏജന്‍സിയുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ എടുത്തുകൊണ്ടുവന്നാണ്‌ ഇവിടെ ആയുധമാക്കുന്നത്‌. 24 കോണ്‍ഗ്രസ്‌ നേതാക്കളെയാണ്‌ ഇ.ഡി വട്ടമിട്ടത്‌. ഇതില്‍ രാഹുല്‍ഗാന്ധിയെ 50 മണിക്കൂറാണ്‌ ചോദ്യം ചെയ്‌തത്‌. സോണിയാഗാന്ധിയേയും ചോദ്യം ചെയ്‌തു. അന്ന്‌ ഡല്‍ഹിയില്‍ പോയി സമരമുണ്ടാക്കി ആശുപത്രിയിലായിട്ട്‌ ഇവിടെ വന്ന്‌ ഇ.ഡിക്ക്‌ വേണ്ടി വാദിക്കുന്നു. പക്ഷേ തങ്ങള്‍ അന്ന്‌ സ്വീകരിച്ച നിലപാട്‌ ഇതായിരുന്നില്ല. അതാണ്‌ നിങ്ങളും തങ്ങളും തമ്മിലുള്ള വ്യത്യാസം.
ഗാന്ധിജിയുടെ സത്യാന്വേഷണപരീക്ഷണങ്ങളല്ല, ഇ.ഡിയുടെ കുറ്റാന്വേഷണ പരീക്ഷണങ്ങളാണ്‌ നിങ്ങള്‍ക്ക്‌ വേദവാക്യം. പ്ലീനറി സമ്മേളനത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ മല്ലികാര്‍ജ്‌ജുന ഖാര്‍ഗേ അവതരിപ്പിച്ച പ്രമേയമെങ്കിലും ഒന്നുവായിച്ചുനോക്കണമായിരുന്നു. ഇ.ഡിയുടെ റിമാന്‍ഡ്‌ റിപ്പോര്‍ട്ട്‌ വേദവാക്യമായി കാണുന്നത്‌ കേരളത്തിലെ കോണ്‍ഗ്രസ്‌ മാത്രമാണ്‌. ഇ.ഡിമേധാവിക്ക്‌ കാലാവധി നീട്ടികൊടുത്തത്‌ ചട്ടവിരുദ്ധമാണെന്ന്‌ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി നല്‍കിയ റിപ്പോര്‍ട്ട്‌ ഇന്നലെ ദേശീയമാധ്യമങ്ങളില്‍ വന്നിട്ടുണ്ട്‌. ഇവിടെ എങ്ങനെയെങ്കിലും നിങ്ങള്‍ക്ക്‌ അധികാരത്തില്‍ എത്തണം. അതുകൊണ്ട്‌ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ക്ക്‌ രാഹുലിന്റെ താടിയെക്കാളും ഇഷ്‌ടം മോദിയുടെ താടിയെ ആണ്‌.

വി.ഡി. സതീശന്‍

എം.വി. ഗോവിന്ദന്റെ പ്രതിരോധ ജാഥയ്‌ക്ക്‌ പങ്കെടുക്കാതെ മറ്റൊരു ജന്മദിനാഘോഷത്തിന്‌ കേരളത്തിലെ രണ്ടാമത്തെ മുതിര്‍ന്ന സി.പി.എം. നേതാവ്‌ പോയിരുന്നത്‌ മറച്ചുവച്ചാണ്‌ കോണ്‍ഗ്രസിനോടുള്ള ചോദ്യങ്ങള്‍. പോളിറ്റ്‌ ബ്യൂറോ കോണ്‍ഗ്രസുമായി കൂട്ടുകൂടാമെന്ന്‌ പറയുമ്പോള്‍ ഇവിടെ കോണ്‍ഗ്രസിന്‌ എതിരായാണ്‌ സി.പി.എം. നില്‍ക്കുന്നത്‌. അതിനിടിയില്‍ ചില ഒത്തുകളികളുമുണ്ട്‌. അതാണ്‌ സി.ബി.ഐ. അന്വേഷണം നിലച്ചത്‌. ഇപ്പോഴത്തെ ഇ.ഡിയുടെ അന്വേഷണവും സംശയാസ്‌പദമാണ്‌.
ലൈഫ്‌മിഷന്‍ കോഴക്കേസ്‌ രാജ്യത്തിനകത്തും പുറത്തും വ്യാപിച്ച്‌ കിടക്കുന്നതാണ്‌. അത്‌ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ വാദം വച്ചുതന്നെ ഇവിടുത്തെ വിജിലന്‍സിന്‌ കഴിയില്ല. അതാണ്‌ തങ്ങള്‍ സി.ബി.ഐക്ക്‌ പരാതി നല്‍കിയത്‌. ആ സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ തന്നെ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിച്ച്‌ നിങ്ങള്‍ ഫയലുകള്‍ പിടിച്ചെടുത്തു. ഇത്‌ പഴയ വീഞ്ഞും പഴയകുപ്പിയും തന്നെയാണ്‌. അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിന്‌ ഇതില്‍ വ്യക്‌തമായ പങ്കുണ്ട്‌.
-ഓരോ ഘട്ടത്തിലും കരാറുകള്‍ വയ്‌ക്കണമെന്ന്‌ ധാരണാപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ട്‌ പിന്നെ അത്‌ ഒഴിവാക്കിയത്‌ എന്തിന്‌?
-എന്തിനാണ്‌ സി.ബി.ഐ അന്വേഷണത്തെ എതിക്കുന്നത്‌. കൈക്കൂലി നല്‍കിയെന്ന്‌ സമ്മതിച്ച സന്തോഷ്‌ ഈപ്പനുമൊപ്പം എന്തിന്‌ സുപ്രീംകോടതിയില്‍ പോയി?
-എന്തിനാണ്‌ വിജിലന്‍സ്‌ അന്വേഷണം നടത്തി രേഖകള്‍ പിടിച്ചെടുത്തത്‌?

LEAVE A REPLY

Please enter your comment!
Please enter your name here