വിദേശ വനിതയുടെ ബാഗ് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

0

വിദേശ വനിതയുടെ ബാഗ് മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി ഫരീദാബാദിലെ സൂരജ്കുണ്ഡ് മേളയിലേക്ക് പോകുകയായിരുന്ന ജർമ്മൻ യുവതിയുടെ 60,000 രൂപയടങ്ങിയ ബാഗാണ് പ്രതികൾ മോഷ്ടിച്ചത്. ദീപക്, നാഗേഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കാർ മോഷണ ഗ്രൂപ്പായ തക്-തക് സംഘത്തിലുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

മോഷ്ടിച്ചെടുത്ത തുകയിൽ 50,000 രൂപയും പ്രതികൾ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഫെബ്രുവരി ഏഴിന് വിദേശ വനിത സൂരജ്കുണ്ഡ് മേളയിലേക്ക് പോകുമ്പോഴാണ് സംഭവം. തുഗ്ലക്കാബാദിലെ എയർഫോഴ്സ് സ്റ്റേഷന് സമീപം മുതൽ പ്രതികൾ വിദേശ വനിത സഞ്ചരിച്ചിരുന്ന കാർ പിന്തുടരുകയായിരുന്നു. കാറിന്റെ ടയർ ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണ് കാർ നിർത്തി ഡ്രൈവർ പുറത്തിറങ്ങി, ഇതിനിടയിൽ പ്രതികൾ കാറിൽ നിന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കുകയായിരുന്നു.

സമീപത്തു സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യത്തിൽ പ്രതികൾ മോഷണത്തിന് ശേഷം സ്‌കൂട്ടറിൽ കടന്നതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ചന്ദൻ ചൗധരി പറഞ്ഞു. പ്രതികൾ നിരന്തരം തക് തക് തന്ത്രങ്ങൾ ഉപയോഗിച്ച് മോഷണം നടത്തുന്നുണ്ടെന്നും, വാഹനത്തിന്റെ ടയർ പഞ്ചറായെന്ന് ഡ്രൈവറെ തെറ്റിദ്ധരിപ്പിച്ച ശേഷം ഡ്രൈവർമാർ വാഹനം നിർത്തി പുറത്തിറങ്ങി ടയർ പരിശോധിക്കുന്ന സമയം വിലപിടിപ്പുള്ള സാധനങ്ങൾ വാഹനങ്ങളിൽ നിന്ന് മോഷ്ടിച്ച് കടന്ന് കളയുന്നതാണ് സ്ഥിരം പരിപാടിയെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

Leave a Reply