മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

0

കാസർകോട്: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹമോചനം നടത്തിയാൽ ഒരു വിഭാഗം മാത്രം ജയിലിൽ പോകണമെന്ന നിയമം തെറ്റാണെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മതവിശ്വാസിക്ക് ഒരു നിയമം, മറ്റൊരുമതവിശ്വാസിക്ക് മറ്റൊരുനിയമം എന്നതാണ് രാജ്യത്തുള്ളത്. അതാണ് മുത്തലാഖിൽ കണ്ടത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയല്ലോ?. വിവാഹ മോചനം എല്ലാ വിഭാഗത്തിലും നടക്കുന്നുണ്ടല്ലോ?. അതെല്ലാം സിവിലായിട്ടാണല്ലോ കൈകാര്യം ചെയ്യുന്നത്. മുസ്ലീമിന് മാത്രം അത് എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് പിണറായി ചോദിച്ചു. ഇന്ന മതത്തിൽ ജനിച്ചതുകൊണ്ടാണോ നമുക്ക് പൗരത്വം ലഭിച്ചത്. ഈ മണ്ണിന്റെ സന്തതികളായതുകൊണ്ടാണ് പൗരത്വം ലഭിച്ചത്.

കേന്ദ്രം മറയില്ലാതെ വർഗീയ നിലപാട് സ്വീകരിക്കുകയാണ്. രാജ്യത്തെ വൈവിധ്യങ്ങൾ ഇല്ലാതാക്കാനാണ് ശ്രമങ്ങൾ നടക്കുന്നത്. ഫെഡറൽ സംവിധാനം തർക്കാൻ നീക്കം നടത്തിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ. കേരളത്തിൽ പൗരത്വനിയമം നടപ്പിലാക്കാൻ അനുവദിക്കിക്കില്ല. ഭരണഘടന അനുസൃതമായ തീരുമാനങ്ങളെ നടപ്പാക്കു. ഭാവിയിലും ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ടുപോകില്ലെന്ന് പിണറായി പറഞ്ഞു.

ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി നടത്തിയ ചർച്ച വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചതല്ല. ഈ ചർച്ചയിൽ കോൺഗ്രസ് ലീഗ് വെൽഫെയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ എന്ന് വ്യക്തമാക്കണമെന്നും മഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിലെ ഒരു വിഭാഗം ആർഎസ്എസിനോട് മൃദു നിലപാട് സ്വീകരിക്കുന്നവരാണ്. ലീഗിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയോടും. വെൽഫെയർ പാർട്ടി കേരളത്തിൽ കോൺഗ്രസിന്റേയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. അവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട് പിണറായി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിനെ ഒട്ടേറെ മുസ്ലിം സംഘടനകൾ വിമർശിച്ച് വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവേ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടുള്ളത്. എന്ത് കാര്യമാണ് അവർക്ക് തമ്മിൽ സംസാരിക്കാൻ ഉള്ളതെന്ന് എല്ലാവരും ചോദിക്കുകയാണ്.ലീഗിന്റെ നേതൃത്വത്തിൽ ഒരു വിഭാഗമായിരുന്നു വെൽഫെയർ സഖ്യത്തിന് നേതൃത്വം കൊടുത്തത്. ഇത് ലീഗിനകത്ത് പലരും എതിർത്തതാണ്. അതിനെ അവഗണിച്ചാണ് ജമാഅത്തെ ഇസ്ലാമി കൂടി കൂടെ ഉണ്ടാകുക എന്നത് നിലപാടായി എടുത്തത്. ആർഎസ്എസുമായുള്ള ചർച്ചയിൽ യുഡിഎഫ് ഏതെങ്കിലും തരത്തിലുള്ള പങ്ക് വഹിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ദുരൂഹമായ ഒരു കാര്യമാണ് ഉണ്ടായിട്ടുള്ളതെന്ന പിണറായി പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഹരിയാനയിൽ രണ്ട് പേരെ ചുട്ടുകൊന്ന ക്രൂരത പുറത്തുവന്നത്. അവര് മുസ്ലിം ആണെന്നത് മാത്രമാണ് കൊലയ്ക്ക് കാരണം. ഒരു കുറ്റവും ചെയ്തവരല്ല. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘ്പരിവാറിനോട് എന്ത് ചർച്ചയാണ് നടത്താനുള്ളത്.വർഗീയമായുള്ള ഏത് നീക്കവും ശക്തമായി എതിർക്കുന്ന സമൂഹമാണ് നമ്മുടേത്. വർഗീയത ഉയർത്തുന്ന യഥാർത്ഥ പ്രശ്നങ്ങൾ കാണണം. രാജ്യത്തിനകത്ത് മനുഷ്യനെ ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങൾ. ഇവിടെ ജീവിക്കാൻ കഴിയുമോ എന്ന ആശങ്കപോലും ഉണ്ടായിരിക്കുന്നു. യഥാർത്ഥ ജീവൽ പ്രശ്നങ്ങളിൽനിന്ന് വർഗീയ ശക്തികൾ ശ്രദ്ധ തിരിക്കുന്നു. മനുഷ്യരിൽ മഹാഭൂരിപക്ഷം കൂടുതൽ പിന്തള്ളപ്പെട്ട് പോകുന്നു. കേന്ദ്ര നയമാണ് ജീവിതം മോശമാക്കുന്നതെന്ന വസ്തുത മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ് പിണറായി പറഞ്ഞു.

മഞ്ചേശ്വരം മണ്ഡലത്തിലെ കുമ്പളയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു മാനേജരായ ജാഥയിൽ കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീൽ എംഎൽഎ എന്നിവർ സ്ഥിരാംഗങ്ങളാണ്.

Leave a Reply