മുള്ളന്‍പന്നിയെ വേട്ടയാടിപ്പിടിച്ച്‌ കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

0


കുമളി: നാടന്‍ തോക്ക്‌ ഉപയോഗിച്ച്‌ മുള്ളന്‍പന്നിയെ വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില്‍ സോയി മാത്യുവാണ്‌ വനംവകുപ്പിന്റെ പിടിയിലായത്‌.
വാളാര്‍ഡി, മേപ്പറട്ട്‌ ഭാഗത്ത്‌ വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനംവകുപ്പിന്‌ പരാതി ലഭിച്ചിരുന്നു. ഇതോടെ വനപാലകര്‍ അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. കുമളി, വാളാര്‍ഡി ഓടമേട്‌ ഭാഗത്തുനടത്തിയ പരിശോധനയ്‌ക്കിടെ ഈ മേഖലയില്‍ നിന്ന്‌ വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന്‌ നടത്തിയ പരിശോധനയിലാണ്‌ ഇരുചക്ര വാഹനത്തില്‍ ഇതുവഴി വന്ന സോയി മാത്യു പിടിയിലായത്‌. ഇയാള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന്‌ ചാക്കില്‍ പൊതിഞ്ഞനിലയില്‍ മുള്ളന്‍ പന്നിയുടെ ജഡവും നാടന്‍ തോക്കും തിരയും മറ്റ്‌ വേട്ടയ്‌ക്ക്‌ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തുകയായിരുന്നു. ഇയാളോടൊപ്പം മറ്റു പ്രതികളുണ്ടോയെന്നും വനപാലകര്‍ അന്വേഷിക്കുന്നുണ്ട്‌. വനംവകുപ്പ്‌ ചെല്ലാര്‍കോവില്‍ സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ പി.കെ. വിനോദ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ ഗ്രേഡ്‌ സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍മാരായ വി.എസ്‌. മനോജ്‌, ജെ. വിജയകുമാര്‍, ബീറ്റ്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ എം. സതീഷ്‌, ഫോറസ്‌റ്റ്‌ വാച്ചര്‍ ഇ. ഷൈജുമോന്‍ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply