‘ജനിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ കുഞ്ഞിന്റെ അമ്മ അച്ഛനാകും അച്ഛൻ അമ്മയും…’

0
ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയും സഹദും പ്രഗ്നൻസി ഫോട്ടോഷൂട്ടിനിടെ.

കോട്ടയം ∙ ‘ജനിച്ചു കഴിഞ്ഞാൽ ഞങ്ങളുടെ കുഞ്ഞിന്റെ അമ്മ അച്ഛനാകും. അച്ഛൻ അമ്മയും…’ ട്രാൻസ്ജെൻഡർ പങ്കാളികളായ കോഴിക്കോട് ഉമ്മളത്തൂരിലെ സിയയ്ക്കും സഹദിനും കൗതുകവും ആകാംക്ഷയും അടക്കാൻ കഴി‍ഞ്ഞില്ല. സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയയും തങ്ങളുടെ പൊന്നോമനയെ കാത്തിരിക്കുകയാണ്. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവാകാൻ ഒരുങ്ങുകയാണ് സഹദ്.

കുഞ്ഞിനെ ദത്തെടുക്കാൻ‌ അന്വേഷിച്ചെങ്കിലും ട്രാൻസ്ജെൻഡർ പങ്കാളികൾക്കു മുന്നിൽ നിയമനടപടികൾ വെല്ലുവിളിയായി. തുടർന്നാണു പുരുഷനായി മാറിയെങ്കിലും സഹദ് ഗർഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്. ആളുകൾ എന്തു പറയുമെന്ന ആശങ്കയിൽ ആദ്യം മടി തോന്നിയെന്ന് സഹദ് പറയുന്നു. ഒപ്പം ഒരിക്കൽ ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്കുള്ള തിരിച്ചുപോക്കും വെല്ലുവിളിയായി. എന്നാൽ സിയയുടെ സ്നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി.

കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ പരിശോധനകൾ നടത്തി ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്നാണ് സഹദ് ഗർഭം ധരിച്ചിരിക്കുന്നത്. സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തെങ്കിലും ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാർച്ച് 4നാണു പ്രസവത്തീയതി. കുഞ്ഞിനെ മിൽക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.

LEAVE A REPLY

Please enter your comment!
Please enter your name here