ജീവനക്കാരുടെ അപകടമരണ പരിരക്ഷ 15 ലക്ഷമാക്കി; ജീവൻ രക്ഷാ പദ്ധതിയെന്ന് പുനർനാമകരണം ചെയ്യുന്നത് ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി

0


തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ട് ടൈം കണ്ടിജന്റ് എംപ്ലോയീസ് ഉൾപ്പെടുന്ന സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, എയ്ഡഡ് സ്‌കൂൾ/കോളജ് സാപനങ്ങളിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പഞ്ചായത്ത് മുൻസിപ്പൽ കോമൺ സർവീസ് എന്നിവിടങ്ങളിലെ ജീവനക്കാർ, മുൻസിപ്പൽ കോമൺ സർവീസിലെ കണ്ടിജന്റ് ജീവനക്കാർ, സർവകലാശാല ജീവനക്കാർ, എസ്.എൽ.ആർ വിഭാഗം ജീവനക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാർക്ക് സംസ്ഥാന ഇൻഷുറൻസ് വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി 22/02/2023 ലെ സ.ഉ(അച്ചടി) നം.17/2023/ധന പ്രകാരം ജീവൻ രക്ഷാ പദ്ധതിയായി പുനർനാമകരണം ചെയ്ത് ഉത്തരവായി.

2023-24 ലെ പുതിയ ബജറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപകടം മൂലമുള്ള മരണത്തിന്റെ പരിരക്ഷ 10 ലക്ഷം രൂപയിൽ നിന്നും 15 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. മറ്റു മരണങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ പരിരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രീമിയം തുക 500 ൽ നിന്നും 1,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. 2023 ഏപ്രിൽ ഒന്ന് മുതലുള്ള ക്ലെയിമുകൾക്കാണ് ജീവൻ രക്ഷാ പദ്ധതി പ്രകാരമുള്ള ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ഇതിനോടകം പ്രീമിയം ഒടുക്കി ഈ വർഷത്തെ ജി പി എ ഐ എസ് പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർ ജീവൻ രക്ഷാ പദ്ധതിയിൽ അംഗത്വം നേടുന്നതിന് ഏപ്രിൽ മുതൽ ഡിസംബർ വരെ യുള്ള ആനുപാതിക പ്രീമിയം തുക കൂടി അടയ്ക്കേണ്ടതുണ്ട്.

പ്രീമിയം തുക 2023 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും പിടിക്കേണ്ടതും അതിനു കഴിയാതെ വരുന്ന പക്ഷം പ്രീമിയം തുക ബന്ധപ്പെട്ട ശീർഷകത്തിൽ മാർച്ച് 31 ന് മുമ്പ് നേരിട്ട് ട്രഷറിയിൽ ഒടുക്കേണ്ടതുമാണ്. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ വിശദാംശങ്ങൾ ധനകാര്യ വകുപ്പിന്റെ വെബ് സൈറ്റായ www.finance.kerala.gov.in ൽ ലഭ്യമാണ്

Leave a Reply