തീവണ്ടിയിൽ യാത്രചെയ്ത യുവാവ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുസമീപം സിഗ്‌നൽ തൂണിൽ തലയിടിച്ച് മരിച്ചു

0

തീവണ്ടിയിൽ യാത്രചെയ്ത യുവാവ് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുസമീപം സിഗ്‌നൽ തൂണിൽ തലയിടിച്ച് മരിച്ചു. മലപ്പുറം കൊണ്ടോട്ടി മൊറയൂർ സലഫി ജബലിൽ പള്ളിയാളിവീട്ടിൽ അബ്ബാസിന്റെയും നഫീസയുടെയും മകൻ മുഹമ്മദ് ഷബിറാണ് (26) മരിച്ചത്.

തിരുവനന്തപുരത്തേക്കുള്ള ഏറനാട് എക്സ്‌പ്രസിലെ യാത്രക്കാരനായിരുന്നു ഷബിർ. വാതിൽപ്പടിയിൽ നിൽക്കുകയായിരുന്ന ഇയാൾ ഏത് സ്റ്റേഷനാണെന്നറിയാൻ തല പുറത്തേക്കിട്ടു നോക്കുമ്പോൾ തൂണിൽ ഇടിക്കുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. തലയ്ക്ക് സാരമായി പരിക്കേറ്റ് പാളത്തിൽ വീണുകിടക്കുകയായിരുന്നു.

വ്യാഴാഴ്ച രാത്രി ഏഴരയോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തായിരുന്നു അപകടം. സുഹൃത്തുക്കൾക്കൊപ്പം കൊല്ലം ശക്തികുളങ്ങര ക്ഷേത്രത്തിലെ ഉത്സവംകാണാൻ പുറപ്പെട്ടതായിരുന്നു ഷബിർ. കൊല്ലത്തെ സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു യാത്ര. എറണാകുളത്തുനിന്നാണ് ട്രെയിനിൽ കയറിയത്.

ഷബിറിനെ കാണാതിരുന്ന സുഹൃത്തുക്കൾ നൽകിയ വിവരത്തെ തുടർന്ന് രാത്രി ശാസ്താംകോട്ട പൊലീസ് നടത്തിയ തിരച്ചിലിലാണ് പാളത്തിൽനിന്നു മൃതദേഹം കണ്ടെത്തിയത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി വെള്ളിയാഴ്ച ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകി. കൊല്ലത്തുനിന്നു സുഹൃത്തുക്കളുമെത്തിയിരുന്നു. ഷബിറിന്റെ സഹോദരങ്ങൾ: ജംഷീന, മൻസൂർ.

Leave a Reply