കേരളത്തില്‍ പുതിയ ഇനം കുയില്‍ തേനീച്ചയെ കണ്ടെത്തി

0

കേരളത്തില്‍ പുതിയ ഇനം കുയില്‍ തേനീച്ചയെ കണ്ടെത്തി. കുക്കു ബീ വിഭാഗത്തില്‍പ്പെടുന്ന തൈറിയസ്‌ നരേന്ദ്രാനി എന്നു പേരിട്ടിരിക്കുന്ന ഈ സ്‌പീഷീസിനെ ഷഡ്‌പദ എന്റമോളജി റിസര്‍ച്ച്‌ ലാബ്‌, ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജ്‌, കോടഞ്ചേരി ഗവ. കോളജ്‌ എന്നിവിടങ്ങളിലെ ഗവേഷകരാണു കണ്ടെത്തിയത്‌.
മലപ്പുറം ജില്ലയിലെ കോള്‍നിലമായ സ്രായില്‍ക്കടവില്‍നിന്നും ഇരിങ്ങാലക്കുട ക്രൈസ്‌റ്റ്‌ കോളജ്‌ കാമ്പസില്‍നിന്നുമാണ്‌ പുതിയ സ്‌പീഷീസിനെ ഗവേഷകര്‍ കണ്ടെത്തിയത്‌. ജൈവവൈവിധ്യ സമ്പന്നമായ ആവാസവ്യവസ്‌ഥയാണു കോള്‍നിലങ്ങളിലുള്ളത്‌. കേരളത്തില്‍ തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇവ കാണപ്പെടുന്നു. ആവാസവ്യവസ്‌ഥയുടെ പ്രാധാന്യം കണക്കിലെടുത്ത്‌ 2002 മുതല്‍ ഇതിനെ റാംസാര്‍ സൈറ്റുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഷഡ്‌പദങ്ങളുടെ വിഭാഗത്തില്‍ ഏറ്റവും ഉപകാരികളാണു തേനീച്ചകള്‍. ലോകത്തെ ഭൂരിഭാഗം വിളകളുടെയും സസ്യജാലങ്ങളുടെയും പരാഗണത്തിന്‌ ഇവ സഹായിക്കുന്നു. തേനീച്ചകള്‍ പൊതുവേ കോളനിയായി താമസിക്കുന്നവയും തേനും വാക്‌സും ഉത്‌പാദിപ്പിക്കുന്നവയുമാണ്‌. എന്നാല്‍ ഇവയുടെ കൂട്ടത്തില്‍ത്തന്നെ കോളനിയായി താമസിക്കാത്തതും തേന്‍ ഉല്‍പ്പാദിപ്പിക്കാത്തതുമായ വിഭാഗവുമുണ്ട്‌. ഇവയെ സോളിറ്ററി ബീ അധവാ ഏകാകി തേനീച്ചകള്‍ എന്നു വിളിക്കുന്നു. ഇവ ഒറ്റയ്‌ക്കു കൂടുണ്ടാക്കി താമസിക്കുന്നവരാണ്‌. സസ്യജാലങ്ങളുടെ പരാഗണത്തില്‍ മറ്റു തേനീച്ചകളെപ്പോലെ ഇവയും സഹായിക്കുന്നു. അതേസമയം സ്വന്തമായി കൂടുണ്ടാക്കാതെയും പരാഗണത്തില്‍ സഹായിക്കാതെയുമുള്ള ഒരു വിഭാഗവും ഏകാകി തേനീച്ചകളിലുണ്ട്‌. അതാണ്‌ കുക്കു ബീ അഥവാ കുയില്‍ തേനീച്ചകള്‍. ഇവ മറ്റ്‌ ഏകാകി തേനീച്ചകളുടെ കൂട്ടില്‍ മുട്ടയിടുന്നവരാണ്‌. കുയിലിന്റെ സ്വഭാവം കാണിക്കുന്നതുകൊണ്ടാണ്‌ കുക്കു ബീ എന്നു വിളിക്കുന്നത്‌.
ക്രൈസ്‌റ്റ്‌ കോളജിലെ ഷഡ്‌പദ എന്റമോളജി റിസര്‍ച്ച്‌ ലാബ്‌ ഗവേഷക അഞ്‌ജു സാറാ പ്രകാശ്‌, ക്രൈസ്‌റ്റ്‌ കോളജ്‌ അധ്യാപകനും എസ്‌.ഇ.ആര്‍.എല്‍. മേധാവിയുമായ ഡോ. ബിജോയ്‌ സി, കോടഞ്ചേരി ഗവ. കോളജിലെ അധ്യാപകനും ഗവേഷക മേധാവിയുമായ ഡോ. ജോബിരാജ്‌ ടി. എന്നിവരാണു കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്‌. പുതിയ ഇനം കുയില്‍ തേനീച്ചയുടെ സാന്നിധ്യവും ഇതിന്റെ പൂര്‍ണ വിവരണങ്ങളും രാജ്യാന്തര ശാസ്‌ത്ര മാസികയായ ഓറിയന്റല്‍ ഇന്‍സെക്‌ട്‌സസില്‍ ഓണ്‍ലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കൗണ്‍സില്‍ ഫോര്‍ സയന്റിഫിക്ക്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രിയല്‍ റിസര്‍ച്ച്‌ ഗവേഷണ ഗ്രാന്റുപഗോഗിച്ചാണ്‌ പഠനം നടത്തിയത്‌.
അന്തരിച്ച ഡോ. ടി.സി. നരേന്ദ്രന്റെ ഓര്‍മ്മയ്‌ക്കുവേണ്ടിയാണ്‌ തൈറിയസ്‌ നരേന്ദ്രാനി എന്ന നാമം പുതിയ സ്‌പീഷീസിനു നല്‍കിയിരിക്കുന്നത്‌. എന്റമോളജി അഥവാ പ്രാണിശാസ്‌ത്ര പഠനമേഖലയിലെ അദ്ദേഹത്തിന്റെ മികവും സംഭാവനകളും കണക്കിലെടുത്താണു നാമകരണം.

Leave a Reply