വിവാഹം കഴിക്കാന്‍ പരസ്‌പരം തീരുമാനിച്ചിരിക്കെ സുഹൃത്തിനെ മാതാപിതാക്കള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി സുപ്രീം കോടതിയില്‍

0

വിവാഹം കഴിക്കാന്‍ പരസ്‌പരം തീരുമാനിച്ചിരിക്കെ സുഹൃത്തിനെ മാതാപിതാക്കള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി സ്വവര്‍ഗാനുരാഗിയായ പെണ്‍കുട്ടി സുപ്രീം കോടതിയില്‍. സുഹൃത്തിനെ കാണാനും മാതാപിതാക്കള്‍ അനുവദിക്കുന്നില്ലെന്നു പരാതിയില്‍ പറയുന്നു.
കൊല്ലം സ്വദേശിനിയായ ദേവു ജി. നായരാണു പരാതിക്കാരി. തന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചതു ചോദ്യം ചെയ്‌താണു യുവതി സുപ്രീം കോടതിയിലെത്തിയത്‌.
പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിനു വിധേയമാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. നിലവില്‍ മാതാപിതാക്കളോടൊപ്പം കഴിയുന്ന സുഹൃത്തായ പെണ്‍കുട്ടിയുമായി കൂടിക്കാഴ്‌ച നടത്തിയശേഷം റിപ്പോര്‍ട്ട്‌ നല്‍കാന്‍ സുപ്രീം കോടതിയിലെ കമ്മിറ്റി അംഗവും സീനിയര്‍ ജുഡീഷ്യല്‍ ഓഫീസറുമായ സലീന വി.ജി. നായരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ നിലപാട്‌ അറിയാനാണിത്‌.
മാതാപിതാക്കളുടെ മുന്നില്‍വച്ചു ചോദിച്ചാല്‍, ഭയംമൂലം പെണ്‍കുട്ടി തന്റെ ആഗ്രഹം തുറന്നു പറയില്ലെന്ന ദേവുവിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്നു കൊല്ലം കുടുംബകോടതിയില്‍ കഴിഞ്ഞ എട്ടിനു കൂടിക്കാഴ്‌ച നടത്താനായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശം. ഇതുപ്രകാരം കൂടിക്കാഴ്‌ച നടത്തി റിപ്പോര്‍ട്ട്‌ ഈയാഴ്‌ച കോടതിയില്‍ സമര്‍പ്പിക്കും. ചീഫ്‌ ജസ്‌റ്റിസ്‌ ഡി.വൈ. ചന്ദ്രചൂഢ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ ഈ മാസം 17നു കേസ്‌ വീണ്ടും പരിഗണിക്കും. സംസ്‌ഥാന സര്‍ക്കാരിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കും നോട്ടീസ്‌ അയയ്‌ക്കാന്‍ ഉത്തരവായി.
ജില്ലാ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി സെക്രട്ടറിയോടു പെണ്‍കുട്ടിയുടെ വീട്ടിലെത്തി സ്‌റ്റേറ്റ്‌മെന്റ്‌ എടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. മാത്രമല്ല, നാലഞ്ചു ദിവസത്തിനുള്ളില്‍ കൗണ്‍സിലിങ്‌ നല്‍കണമെന്നും കഴിഞ്ഞ മാസം 13നു ഹൈക്കോടതി വിധിച്ചിരുന്നു.
അതേസമയം, സ്വവര്‍ഗ വിവാഹം സ്‌പെഷല്‍ മാര്യേജ്‌ ആക്‌ട്‌ പ്രകാരം രജിസ്‌റ്റര്‍ ചെയ്യാന്‍ അനുമതി തേടി രാജ്യത്തെ വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ കഴിഞ്ഞമാസം സുപ്രീം കോടതിയിലേക്കു മാറ്റിയിട്ടുണ്ട്‌. മാര്‍ച്ച്‌ 13ന്‌ ആണ്‌ ഈ കേസ്‌ വീണ്ടും പരിഗണിക്കുന്നത്‌. കൊല്ലം സ്വദേശിനിയുടെ ഹര്‍ജിയും ഇതോടൊപ്പം കേള്‍ക്കാനാണു സാധ്യത. ഡല്‍ഹി, ഗുജറാത്ത്‌, കേരള ഹൈക്കോടതികള്‍ പരിഗണിക്കുന്ന ഹര്‍ജികളാണ്‌ സുപ്രീംകോടതിയിലേക്കു മാറ്റിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here