ആര്യാടനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം തട്ടിയെടുക്കാൻ ശ്രമിച്ച കേസ്; രണ്ടും മൂന്നും പ്രതികൾ പിടികിട്ടാപ്പുള്ളികൾ; ഒന്നും നാലും പ്രതികൾ കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്

0

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ ഒന്നും നാലും പ്രതികൾ മാർച്ച് 3 ന് കുറ്റം ചുമത്തലിന് ഹാജരാകാൻ കോടതി ഉത്തരവിട്ടു. രണ്ടും മൂന്നും പ്രതികളെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു.പ്രതികളെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കെ. വിദ്യാധരൻ ഉത്തരവിട്ടു. തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോടാണ് വാറണ്ടുത്തരവ് നടപ്പിലാക്കാൻ കോടതി ആജ്ഞാപിച്ചത്. ബ്ലാക്ക് മെയിലിങ് കേസിലെ രണ്ടാം പ്രതി പാലക്കാട് മിഥുനം പള്ളത്ത് താമസം രവീന്ദ്രൻ നായർക്കും സതീശനുമാണ് അറസ്റ്റ് വാറണ്ട്.

ഒന്നും നാലും പ്രതികളായ ഡാർജിലിങ് സ്വദേശി പാലക്കാട് കുഴൽമന്ദത്ത് സജീഷ് കൃഷ്ണൻ നായർ, എറണാകുളം കുന്നത്ത് നാട് വേങ്ങൂർ സ്വദേശി എബി പോൾ എന്നിവരാണ് വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് ഹാജരാകേണ്ടത്. 2011 ഓഗസ്റ്റ് 25 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കെ. എസ് .ഇ. ബിക്ക് ആവശ്യമായ വൈദ്യുതി ഉപകരണങ്ങൾ വാങ്ങിയാൽ വൈദ്യുതി മന്ത്രിക്ക് 8 ശതമാനം കമ്മീഷൻ കൊടുക്കാമെന്ന് വാഗ്ദാനം നൽകി ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ തന്ത്രമൊരുക്കിയെന്നാണ് കേസ്.

തലസ്ഥാനത്തെ ഒരു പ്രമുഖ ക്ലബ്ബ് കേന്ദ്രീകരിച്ചാണ് ഈ സംഘം ഗൂഢാലോചന നടത്തിയത്. ക്ലബ്ബിലെ ഒരംഗത്തിന്റെ സഹായത്തോടെ ഇവിടെ മുറിയെടുത്ത് താമസിച്ച് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. വൈദ്യുത ഉപകരണങ്ങൾ നിർമ്മിച്ചു വിൽക്കുന്ന അമേരിക്കൻ കമ്പനിയായ ‘അവാക്കോ’ യുടെ പ്രതിനിധികളാണെന്ന് ആൾമാറാട്ടം നടത്തി ഇവർ മന്ത്രിയെ ഫോണിലൂടെ തെറ്റിദ്ധരിപ്പിച്ചു. മന്ത്രിയുമായുള്ള കൂടിക്കാഴ്ചയും തരപ്പെടുത്തി.

ഔദ്യോഗിക വസതിയിൽ മന്ത്രിയുമായി നടന്ന സംഭാഷണം മുഴുവൻ രവീന്ദ്രൻ നായർ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ കുത്തിയിരുന്ന പേനയിലെ ഒളിക്യാമറയിൽ റെക്കോഡ് ചെയ്തു. ഈ സംഭാഷണത്തിനിടയിൽ മന്ത്രി പറയാത്ത ചില കാര്യങ്ങൾ പിന്നീട് വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി ബ്ലാക്ക് മെയിൽ ചെയ്തുവെന്നാണ് കുറ്റപത്രം. മന്ത്രി 8 ശതമാനം കമ്മീഷൻ ചോദിച്ചതായുള്ളസംഭാഷണം തിരുകി ചേർത്തതായാണ് കേസ്. ഒരു റിട്ടയേഡ് ചീഫ് എൻജിനീയർ ശർമ്മയുടെ മകൻ എന്ന് പരിചയപ്പെടുത്തിയാണ് മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുള്ള തീയതിയും സമയവും തരപ്പെടുത്തിയത്.

മന്ത്രിയുമായി നടന്ന സംഭാഷണം ഒരു ചാനലിൽ 2011 ഓഗസ്റ്റ് 26 ന് വാർത്തയാക്കി. വാർത്ത വന്നശേഷം ഇവർ മന്ത്രിയെ ഫോണിൽ വിളിച്ച് 25 ലക്ഷം രൂപ കൊടുക്കാമെങ്കിൽ കമ്മീഷൻ ചോദിച്ച വിവരം മറ്റു ചാനലുകൾ പുറത്തു വിടുന്നത് തടയാമെന്ന് അറിയിക്കുകയായിരുന്നു. തിരുവനന്തപുരം സിറ്റി മ്യൂസിയം പൊലീസാണ് ക്രൈം രജിസ്റ്റർ ചെയ്തത്. മുൻ കന്റോൺമെന്റ് അസി.കമ്മിഷണർ ഹരിദാസ്, ശംഖുമുഖം അസി.കമ്മീഷണർ കെ.എസ്.വിമൽ കുമാർ എന്നിവരാണ് കേസന്വേഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 120-ബി (ക്രിമിനൽ ഗൂഢാലോചന), 419 (ആൾമാറാട്ടം), 420 ഓഫ് 511 ( ചതിക്കാൻ ശ്രമിക്കൽ), 468 ( ചതിക്കാൻ വേണ്ടിയുള്ള വ്യാജ നിർമ്മാണം), 469 ( ഖ്യാതിക്ക് ഹാനി ഉളവാക്കാൻ വേണ്ടിയുള്ള വ്യാജ നിർമ്മാണം), 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കലും കളവായ വിവരം നൽകലും), 34 ( കൂട്ടായ്മ) എന്നീ വകുപ്പുകളും 2000 ആണ്ടിൽ നിലവിൽ വന്ന വിവര സാങ്കേതിക വിദ്യാ നിയമത്തിലെ വകുപ്പ് 66 (ഡി )യും പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. 2018 ഓഗസ്റ്റ് 18 നാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here