പല നായകന്മാരുടെയും സിനിമകൾക്കു വേണ്ടി ടിക്കറ്റ് മുറിച്ചു നൽകിയ അച്ഛൻ ജോലി ചെയ്ത അതേ തിയറ്റർ; ‘ഋ’ സുരഭി തീയറ്ററിൽ റിലീസിനെത്തുമ്പോൾ രാജീവ് രാജന് ഇത് അഭിമാന നിമിഷം

0


ചാലക്കുടി: രാജീവ് രാജൻ നായകനായ ആദ്യ ചിത്രമാണ് ‘ഋ’. രാജീവന്റെ ആദ്യ ചിത്രം ചാലക്കുടി സുരഭി തിയറ്ററിൽ വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിച്ചു തുടങ്ങി. സുരഭി തിയറ്ററിൽ ‘ഋ’ റിലീസിനെത്തുമ്പോൾ രാജീവിന് അത് അഭിമാന നിമിഷമായി മാറുകയാണ്. കാരണം രാജിവിന്റെ പിതാവ് ഇവിടുത്തെ ജീവനക്കാരനായിരുന്നു. പല നായകന്മാരുടെയും സിനിമകൾക്കു വേണ്ടി തിയറ്ററിന്റെ കവാടത്തിൽ ടിക്കറ്റ് മുറിച്ചു നൽകിയ തന്റെ അച്ഛൻ ജോലി ചെയ്ത അതേ തിയറ്ററിലാണ് തന്റെ സിനിമ പ്രദർശിപ്പിക്കുന്നതെന്നത് രാജീവിന് ഇരട്ടി മധുരമാകുകയാണ്.

ഒട്ടേറെ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ച രാജീവ് രാജൻ നായകനായ ആദ്യ ചിത്രമായ ‘ഋ’. തന്റെ പിതാവ് കൈതവളപ്പിൽ രാജൻ ഏറെക്കാലം ജീവനക്കാരനായിരുന്ന ചാലക്കുടി സുരഭി തിയറ്ററിലാണു വെള്ളിയാഴ്ച മുതൽ ഈ സിനിമ പ്രദർശിപ്പിക്കുന്നത്. പക്ഷേ മകന്റെ വിജയയാത്ര കാണാൻ അച്ഛൻ ഇന്ന് ജീവിച്ചിരിപ്പില്ല. എന്നിരുന്നാലും അച്ഛന്റെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സുയർത്തി പിടിക്കുകയാണ് രാജീവ്.

രാജീവിന് തന്റെ അഞ്ചാം വയസ്സിൽ അച്ഛനെ നഷ്ടമായി. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വീണാണ് അച്ഛൻ മരിക്കുന്നത്. പിന്നീട് അമ്മ എൽസി രാജനൊപ്പം താണ്ടിയതു ദുരിതപർവം. പള്ളിക്കനാൽ പുറമ്പോക്കിലെ ചെറിയ വീട്ടിൽ രാജീവ് കണ്ടതു മുഴുവൻ സിനിമയെ കുറിച്ചുള്ള സ്വപ്നങ്ങൾ. അച്ഛനു സിനിമയോട് ഉണ്ടായിരുന്ന അടുപ്പം മകനും പകർന്നു കിട്ടിയിരുന്നു. ഇതിനിടെ ഉപജീവനത്തിനായി കേറ്ററിങ് ജോലിക്ക് പോയി.

അച്ഛന്റെ മരണശേഷം മുൻ നഗരസഭാധ്യക്ഷനും ഫുട്‌ബോൾ താരവുമായിരുന്ന എം.എൽ. ജേക്കബിന്റെ വീട്ടിലായിരുന്നു കൂടുതൽ സമയവും. ജേക്കബിന്റെ മകൻ വിനോദ് ഉറ്റ സുഹൃത്തായി. അവസരങ്ങൾ തേടി അലഞ്ഞതു കൂടുതലും വിനോദ് ആയിരുന്നുവെന്നു രാജീവ് പറയുന്നു.

ജൂനിയർ ആർട്ടിസ്റ്റായാണ് തുടക്കം. ഇതിനകം 30ൽ അധികം സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടി ദ് ബെസ്റ്റ് ആക്റ്റർ എന്ന ടിവി റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനത്ത് എത്തിയതു വഴിത്തിരിവായി. അടുത്ത കാലത്തായി ശ്രദ്ധിക്കപ്പെടുന്ന ഒട്ടേറെ വേഷങ്ങളിലൂടെ സിനിമാ മേഖലയിൽ സജീവമായി. ഇതിഹാസയുടെ സംവിധായകൻ ബിനുവിന്റെ ‘പ്രഹരം’ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

നായകനായ രണ്ടാമത്തെ ചിത്രം ‘ത്രീ നൈറ്റ്‌സ്’ ഒടിടി റിലീസായും എത്തിയിട്ടുണ്ട്. നെയ്മാർ, എൽഎൽബി എന്നീ സിനിമകൾ പുറത്തിറങ്ങാനിരിക്കുന്നു. ശ്രീധന്യ കേറ്ററിങ് സർവീസ് എന്ന സിനിമയിൽ മുഴുനീള വേഷം ചെയ്തു. സുമേഷ് ആൻഡ് രമേഷ് എന്ന സിനിമയിൽ ശ്രീനാഥ് ഭാസിയുടെ സുഹൃത്തായി അഭിനയിച്ചു.

ഷേക്‌സ്പിയറുടെ ഒതല്ലോ എന്ന നാടകത്തെ ആസ്പദമാക്കിയാണ് ഋ തയാറാക്കിയത്. ഫാ.വർഗീസ് ലാലാണു സംവിധായകൻ. ജോസ് കെ.മാനുവൽ തിരക്കഥയും സിദ്ധാർഥ ശിവ ഛായാഗ്രഹണവും എഡിറ്റിങ്ങും നിർവഹിച്ചു. ഡെയ്ൻ ഡേവിസ്, രഞ്ജി പണിക്കർ, വിഷ്ണു ഗോവിന്ദൻ, മേരി റോയ് എന്നിവരാണു നിർമ്മാണം.

LEAVE A REPLY

Please enter your comment!
Please enter your name here