സഹായം ചോദിച്ചെത്തി മോഷണം നടത്തിയ ആള്‍ പിടിയില്‍

0


നെടുങ്കണ്ടം: ചെമ്മണ്ണാര്‍ എസ്‌.എച്ച്‌. കോണ്‍വെന്റില്‍ സഹായം ചോദിക്കാനെത്തി മോഷണം നടത്തിയ പ്രതിയെ പിടികൂടി. പാറത്തോട്‌ ഇരുമല കാപ്പ്‌ സ്വദേശിയെയാണ്‌ ഉടുമ്പന്‍ചോല പോലീസ്‌ പിടികൂടിയത്‌. പാറത്തോട്‌ ഇരുമലക്കാപ്പ്‌ വെട്ടിക്കാപ്പ്‌ അപ്പി ജോണ്‍സണ്‍ എന്നു വിളിക്കുന്ന ജോണ്‍സണ്‍ തോമസാണ്‌ പിടിയിലായത്‌. കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു സംഭവം. ചെമ്മണ്ണാര്‍ എസ്‌.എച്ച്‌. കോണ്‍വെന്റില്‍ ഉച്ചയോടുകൂടി എത്തിയ പ്രതി ചികിത്സ സഹായം അഭ്യര്‍ഥിച്ചു.
എന്നാല്‍ അടുത്തദിവസം എത്താന്‍ പറഞ്ഞു കന്യാസ്‌ത്രീകള്‍ ഇയാളെ മടക്കിഅയച്ചു. മടങ്ങിപ്പോകാതെ പ്രതി സമീപപ്രദേശങ്ങളില്‍ ചുറ്റിത്തിരിഞ്ഞ്‌ സ്‌ഥിതിഗതികള്‍ നിരീക്ഷിച്ചു. സിസ്‌റ്റര്‍മാര്‍ പുറത്തേക്കുപോയ തക്കംനോക്കി കോണ്‍വെന്റിനുള്ളില്‍ കടന്നപ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന 47,000 രൂപ അപഹരിച്ചു കടക്കുകയായിരുന്നു. തിരികെ എത്തിയ കന്യാസ്‌ത്രീകള്‍ പണം തപ്പിയപ്പോഴാണ്‌ അപഹരിച്ച വിവരം പുറത്തറിഞ്ഞത്‌. തുടര്‍ന്ന്‌ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി പണവുമെടുത്ത്‌ പോകുന്നത്‌ മനസിലായി.
തുടര്‍ന്ന്‌ ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കി. ഉടുമ്പന്‍ഞ്ചോല പോലീസ്‌ സി.സി ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഇരുമല കാപ്പിലെ വീട്ടില്‍നിന്നും പ്രതിയെ പിടികൂടിയത്‌. മോഷ്‌ടിച്ച 47,000 രൂപയില്‍ 31,500 രൂപ മാത്രമാണ്‌ കണ്ടെടുക്കുവാനായത്‌. ബാക്കി പണം പ്രതി ചെലവാക്കിയതായി പോലീസിനോട്‌ പറഞ്ഞു. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്‌തു. ഉടുമ്പഞ്ചോല സി.ഐ. അബ്‌ദുല്‍ഖനി, എസ്‌.ഐ. ഷിബു മോഹന്‍, എ.എസ്‌.ഐ. ബെന്നി, സി.പി.ഒമാരായ ബിനു, സിജോ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here