ക്ഷേത്രത്തിലെ ആവശ്യത്തിനായി ആലില പറിക്കണമെന്നാവശ്യപ്പെട്ട് നാല് അതിഥി തൊഴിലാളികളെ മരത്തിൽ കയറ്റിയ ശേഷം അവരുടെ പണവും മൊബൈലുമായി മലയാളി മുങ്ങി

0

ക്ഷേത്രത്തിലെ ആവശ്യത്തിനായി ആലില പറിക്കണമെന്നാവശ്യപ്പെട്ട് നാല് അതിഥി തൊഴിലാളികളെ മരത്തിൽ കയറ്റിയ ശേഷം അവരുടെ പണവും മൊബൈലുമായി മലയാളി മുങ്ങി. ചേർക്കരയിലാണ് സംഭവം. ഒരു ക്ഷേത്രത്തിൽ കൊടുക്കാൻ ആലില പറിക്കണമെന്നാവശ്യപ്പെട്ടാണ് മലയാളിയായ ഒരാൾ ഇന്നലെ രാവിലെ അതിഥി തൊഴിലാളികളെ വിളിച്ചത്. ആലില ക്ഷേത്രത്തിലേക്കായതുകൊണ്ട് ശുദ്ധി വേണമെന്നു പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ചു.

തോർത്തു മാത്രം ഉടുത്ത തൊഴിലാളികളെ ചേർക്കര റോഡരികിലെ ആലിന്റെ മുകളിലേക്കു കയറ്റി. തൊഴിലാളികൾ ആലില പറിക്കുന്നതിനിടെ താഴേക്ക് നോക്കിയപ്പോൾ ജോലിക്കു വിളിച്ചയാൾ വസ്ത്രങ്ങളും 16,000 രൂപ വില വരുന്ന രണ്ട് മൊബൈൽ ഫോണുകളും പണവുമായി മുങ്ങി. ആലിനു മുകളിൽ നിന്ന് വേഗം ഇറങ്ങിയെങ്കിലും അപ്പോഴേക്കും അയാൾ കടന്നുകളഞ്ഞെന്നാണ് തൊഴിലാളികൾ പറയുന്നത്. വസ്ത്രങ്ങൾ പിന്നീട് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

പണവും ഫോണും തിരികെ കിട്ടാനായി ഇവർ വലപ്പാട് സ്റ്റേഷനിലെത്തി പരാതി നൽകി. ഇൻസ്‌പെക്ടർ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോൺ നമ്പർ നൽകി. അതിൽ വിളിച്ചെങ്കിലും ആരും എടുത്തില്ല. ജാർഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാർഡ്. അതിഥിത്തൊഴിലാളികളെ കബളിപ്പിച്ചയാളെ പിടികൂടാൻ പൊലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here