നോട്ട്‌ നിരോധനം ശരിവച്ച്‌ കോടതി , അഞ്ചംഗ ബെഞ്ചില്‍ ഒരാള്‍ വിയോജിച്ചു

0


ന്യൂഡല്‍ഹി: ആറുവര്‍ഷം മുമ്പ്‌ ഒന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട്‌ നിരോധനം ശരിവച്ച്‌ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി.
നിരോധനത്തിന്റെ ഉദ്ദേശ്യലക്ഷ്യം കൈവരിക്കാനായോ എന്നതു പ്രസക്‌തമല്ലെന്ന്‌ അഞ്ചംഗ ബെഞ്ചില്‍ നാല്‌ ജഡ്‌ജിമാരും വിലയിരുത്തി. എന്നാല്‍, കേന്ദ്രനടപടി നിയമവിരുദ്ധമാണെന്നു ഭിന്നവിധി പുറപ്പെടുവിച്ച ജസ്‌റ്റിസ്‌ ബി.വി. നാഗരത്‌ന ചൂണ്ടിക്കാട്ടി.
2016 നവംബര്‍ എട്ടിനു രാത്രി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുമ്പോഴാണ്‌ 1000 രൂപയുടെയും 500 രൂപയുടെയും നോട്ടുകള്‍ നിരോധിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്‌. കള്ളപ്പണം പിടികൂടാനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം തടയാനുമാണു നടപടിയെന്നായിരുന്നു വിശദീകരണം.
രായ്‌ക്കുരാമാനം 10 ലക്ഷം കോടി രൂപയുടെ കറന്‍സി പിന്‍വലിച്ച നടപടി ചോദ്യംചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട 58 ഹര്‍ജികളാണു സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്‌ പരിഗണിച്ചത്‌. കൂടിയാലോചന കൂടാതെയുള്ള നടപടിയിലൂടെ പൗരന്‍മാര്‍ക്കു വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നു ഹര്‍ജിക്കാര്‍ ആരോപിച്ചു.
നോട്ട്‌ മാറിയെടുക്കാന്‍ എ.ടി.എമ്മുകള്‍ക്കും ബാങ്കുകള്‍ക്കും മുന്നില്‍ നീണ്ടനിരകള്‍ രൂപപ്പെട്ടതും ഹര്‍ജികളില്‍ ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ്‌ ബി.ആര്‍. ഗവായിയാണു ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി പ്രസ്‌താവിച്ചത്‌. ജസ്‌റ്റിസുമാരായ ബി.ആര്‍. ഗവായി, എസ്‌. അബ്‌ദുള്‍ നസീര്‍, എ.എസ്‌. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍ എന്നിവരാണു ഭൂരിപക്ഷ വിധിയുടെ ഭാഗമായത്‌.

ഭൂരിപക്ഷവിധി ഇങ്ങനെ (4/5)
നോട്ട്‌ നിരോധിച്ച കേന്ദ്രനടപടിക്കു സാധുതയുണ്ട്‌.
നിരോധനത്തിന്റെ ലക്ഷ്യം കൈവരിച്ചോയെന്നതു പ്രസക്‌തമല്ല.
നിരോധിച്ച നോട്ടുകള്‍ മാറ്റിവാങ്ങാന്‍ 52 ദിവസം അനുവദിച്ചതു ന്യായീകരിക്കത്തക്കതാണ്‌.
കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടതുകൊണ്ടു മാത്രം തീരുമാനത്തിന്റെ രീതി തെറ്റെന്നു പറയാനാവില്ല.
റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുമായി കൂടിയാലോചിച്ചാണു കേന്ദ്രം പ്രവര്‍ത്തിക്കേണ്ടത്‌.
ആറുമാസത്തോളം റിസര്‍വ്‌ ബാങ്കുമായി കൂടിയാലോചന നടന്നു.
സാമ്പത്തികനയങ്ങളുടെ കാര്യത്തില്‍ കോടതിക്ക്‌ ഇടപടാന്‍ വലിയ പരിമിതികളുണ്ട്‌.
സര്‍ക്കാരിന്റെ (എക്‌സിക്യൂട്ടീവ്‌) യുക്‌തികള്‍ക്കു പകരം കോടതിയുടേത്‌ അടിച്ചേല്‍പ്പിക്കാനാവില്ല.

വിയോജനവിധി ഇങ്ങനെ (1/5)
നോട്ട്‌ നിരോധിച്ച കേന്ദ്രനടപടി വികലവും നിയമവിരുദ്ധവും.
പാര്‍ലമെന്റ്‌ നടപടികളിലൂടെ വേണമായിരുന്നു നിരോധനം നടപ്പാക്കാന്‍.
നോട്ട്‌ നിരോധനത്തിനു മുമ്പുള്ള തല്‍സ്‌ഥിതി ഇനി പുനഃസ്‌ഥാപിക്കാനാവില്ല.
നിയമവാഴ്‌ചയുമായി യോജിക്കാത്ത അധികാരപ്രയോഗമായിരുന്നു നോട്ട്‌ നിരോധനം.
24 മണിക്കൂര്‍കൊണ്ടാണു നിരോധനം നടപ്പാക്കിയത്‌.
നിരോധനത്തേത്തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കാണാന്‍ റിസര്‍വ്‌ ബാങ്കിനു കഴിയാതിരുന്നത്‌ അതിശയകരം.
കേന്ദ്രവും റിസര്‍വ്‌ ബാങ്കും സമര്‍പ്പിച്ച രേഖകളില്‍, “കേന്ദ്രസര്‍ക്കാരിന്റെ ഇച്‌ഛപ്രകാരം” എന്ന പ്രയോഗമുണ്ട്‌.

കേന്ദ്രസര്‍ക്കാരിന്റെ വാദം

ആലോചിച്ചുറപ്പിച്ച തീരുമാനമായിരുന്നു നോട്ട്‌ നിരോധനം.
കള്ളനോട്ട്‌, കള്ളപ്പണം, നികുതിവെട്ടിപ്പ്‌, തീവ്രവാദധനസഹായം എന്നിവ ചെറുക്കാനുള്ള വിശാലനയത്തിന്റെ ഭാഗമായിരുന്നു തീരുമാനം.
വ്യക്‌തമായ പരിഹാരം നിര്‍ദേശിക്കാനാകാത്ത കേസില്‍ കോടതിക്കു തീരുമാനമെടുക്കാനാവില്ല.
തീരുമാനം പുനഃപരിശോധിക്കുന്നതു സമയം പിന്നോട്ടാക്കുന്നതുപോലെയോ പൊട്ടിയ മുട്ട കൂട്ടിച്ചേര്‍ക്കുന്നതുപോലെയോ അസാധ്യം.
ആര്‍.ബി.ഐ. ഇക്കാര്യത്തില്‍ സ്വതന്ത്രമനോഭാവം പുലര്‍ത്തിയില്ലെന്നാണ്‌ ഇതു സൂചിപ്പിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here