കോടികളുടെ നിക്ഷേപ തട്ടിപ്പു നടന്നതായി പരാതി ഉയർന്ന കണ്ണൂർ അർബൻ നിധിയെന്ന സ്ഥാപനത്തിന്റെ ഏജന്റുമാർ വെട്ടിലായി

0

കണ്ണൂർ: കോടികളുടെ നിക്ഷേപ തട്ടിപ്പു നടന്നതായി പരാതി ഉയർന്ന കണ്ണൂർ അർബൻ നിധിയെന്ന സ്ഥാപനത്തിന്റെ ഏജന്റുമാർ വെട്ടിലായി. കണ്ണൂർ റെയിൽവെ മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ആദർശ് ആർക്കേഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ അർബൻ നിധിയെന്ന സ്ഥാപനം നിക്ഷേപകർക്ക് ഉയർന്ന പലിശയും സ്ഥാപനത്തിൽ ജോലിയും വാഗ്ദാനം ചെയ്താണ് പലരിൽ നിന്നായി കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചത്.

കാലാവധി കഴിഞ്ഞിട്ടും മുതലോ പലിശയോ തിരിച്ചു നിക്ഷേപകർക്ക് ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പുവിവരം പുറത്തുവരുന്നത്. ഏജന്റുമാർ മുഖേനെയാണ് സ്ഥാപനം വൻതോതിൽ നിക്ഷേപം സ്വീകരിച്ചത്. പന്ത്രണ്ടുശതമാനം വരെയാണ് ഇവർ പലിശ വാഗ്ദാനം ചെയ്തത്. ബാങ്കുകളിൽ നിക്ഷേപിച്ചാൽ ആദായ നികുതി നൽകേണ്ടി വരുമെന്നും ഇവിടെ നിക്ഷേപിച്ചാൽ അതു ഒഴിവായി കിട്ടുമെന്നും നിക്ഷേപകരെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു.

നിലവിൽ ഇൻഷൂറൻസ് ഏജന്റായി പ്രവർത്തിക്കുന്നവർ ഉൾപ്പെടെയുള്ള നിരവധി പേരാണ് സ്ഥാപനത്തിന്റെ ഏജന്റുമാരായി പ്രവർത്തിച്ചത്. വലിയ തോതിൽ നിക്ഷേപം കൊണ്ടുവന്നാൽ ഇവർക്ക് സ്ഥാപനത്തിൽ സ്ഥിരം ജോലി നൽകുമെന്നായിരുന്നു വാഗ്ദാനം. ഇതേ തുടർന്ന് പലരും ഏറെ അധ്വാനിച്ചാണ് വൻതുക വാങ്ങി സ്ഥാപനത്തിൽ നിക്ഷേപിച്ചത്.

എന്നാൽ സ്ഥാപന ഉടമകൾ മുങ്ങിയെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് നിക്ഷേപകർ ഏജന്റുമാരോടാണ് തങ്ങളുടെ പണം ആവശ്യപ്പെടുന്നത്. സ്ഥിരം ജോലി ലഭിച്ചില്ലെന്നു മാത്രമല്ല നിക്ഷേപകർ തങ്ങളോട് പണം ആവശ്യപ്പെടുന്നതും ഇവരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അതിനിടെ സ്ഥാപനത്തിന്റെ ഡയറക്ടർമാരെന്നു പറയപ്പെടുന്ന കെ. എ ഗഫൂർ,ഷൗക്കത്തലി എന്നിവരെ കുറിച്ചു യാതൊരുവിവരവുമില്ലെന്നാണ് പൊലിസ് പറയുന്നത്.

കണ്ണൂർ അർബൻ നിധിയെപ്പോലെ സമാനരീതിയിൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ കണ്ണൂരിലുണ്ട്. അവയിൽ പണം നിക്ഷേപിച്ചവരൊക്കെ തന്നെ ആശങ്കയിലുമാണ്. ഈസ്ഥാപനങ്ങൾ തകരാനിടയുണ്ടോയെന്നു ചോദിച്ചുകൊണ്ടു നിരവധി ഫോൺ കോളുകളാണ് പൊലിസ് സ്റ്റേഷനിലെത്തുന്നത്. കണ്ണൂർ അർബൻ നിധിയിൽ പണം നിക്ഷേപിച്ചതു കള്ളപണമാണെന്ന സൂചന പൊലീസിനു ലഭിച്ചിട്ടുണ്ട്. പലരും പരാതി നൽകാൻ മടികാണിക്കുന്നത് ഇതുകാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ. കണ്ണൂർ നഗരത്തിലെഒരു ഡോക്ടറുടെ മാത്രം മുപ്പതുലക്ഷം രൂപയാണ് നഷ്്ടമായത്്.

LEAVE A REPLY

Please enter your comment!
Please enter your name here