രണ്ടാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യൻ യുവനിര

0

രണ്ടാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ റൺമലയ്ക്ക് മുന്നിൽ പൊരുതി വീണ് ഇന്ത്യൻ യുവനിര. അക്‌സർ പട്ടേലിന്റെയും സൂര്യകുമാറിന്റെയും ശിവം മാവിയുടെയും വീരോചിത പോരാട്ടത്തിനും ഇന്ത്യയെ ജയത്തിലെത്തിക്കാനായില്ല. ശ്രീലങ്ക ഉയർത്തിയ 207 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, അവസാന ഓവർ വരെ പൊരുതിയെങ്കിലും 16 റൺസ് അകലെ വീണു.

ലങ്ക മുന്നോട്ടുവെച്ച 207 റൺസ് വിജയലക്ഷ്യത്തിലേക്കുള്ള ഇന്ത്യൻ ബാറ്റിങ് 20 ഓവറിൽ എട്ട് വിക്കറ്റിന് 190 റൺസെന്ന നിലയിൽ അവസാനിച്ചു. ഇതോടെ പരമ്പരയിൽ ഒരു മത്സരം അവശേഷിക്കേ ലങ്ക 1-1ന് ഒപ്പമെത്തി. അക്സർ 31 പന്തിൽ 65 ഉം സൂര്യ 36 പന്തിൽ 51 ഉം മാവി 15 പന്തിൽ 26 ഉം റൺസെടുത്ത് പുറത്തായി. ഒരു റണ്ണുമായി ഉംറാൻ മാലിക് പുറത്താവാതെ നിന്നു. ബാറ്റും പന്തുമായി തിളങ്ങിയ നായകൻ ദാസുൻ ശനകയാണ് ലങ്കയുടെ വിജയശിൽപി.

മുൻനിര തുടക്കത്തിൽ തകർന്നടിഞ്ഞതോടെ പ്രതിരോധത്തിലായ ആതിഥേയരെ അക്ഷറിന്റെയും സൂര്യകുമാറിന്റെ റെക്കോർഡ് കൂട്ടുകെട്ടും അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം മാവിയുമാണ് കരകയറ്റിയത്. അക്ഷർ പട്ടേൽ (31 പന്തിൽ 65), സൂര്യകുമാർ യാദവ് (36 പന്തിൽ 51) എന്നിവർ അർധസെഞ്ചറി തികച്ചപ്പോൾ ശിവം മാവി (15 പന്തിൽ 26) റൺസുമെടുത്ത് പുറത്തായി.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് തുടങ്ങിയ ഇന്ത്യ സമ്മർദത്തിന് മുന്നിൽ തുടക്കത്തിലേ വിറച്ചു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 4.4 ഓവറുകൾക്കിടെ 34 റൺസ് നേടിയെങ്കിലും നാല് വിക്കറ്റ് നഷ്ടമാക്കി. ഇഷാൻ കിഷൻ(5 പന്തിൽ 2), ശുഭ്മാൻ ഗിൽ(3 പന്തിൽ 5) എന്നിവരെ കാസുൻ രജിത പുറത്താക്കി. അരങ്ങേറ്റക്കാരൻ രാഹുൽ ത്രിപാഠിയെ അഞ്ച് പന്തിൽ 5 റൺസെടുത്ത് നിൽക്കേ ദിൽഷൻ മധുഷനക മടക്കി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ(12 പന്തിൽ 12) ചാമിക കരുണരത്നെയ്ക്ക് കീഴടങ്ങുകയായിരുന്നു. വൈകാതെ ഹസരങ്കയുടെ പന്തിൽ ദീപക് ഹൂഡ(12 പന്തിൽ 9) പുറത്താകുമ്പോൾ ഇന്ത്യ 9.1 ഓവറിൽ 57-5 മാത്രം.

ഇതിനുശേഷമാണ് സൂര്യകുമാറും അക്ഷറും ഒന്നിച്ചത്. ലങ്കൻ ബോളർമാരെ തലവിലങ്ങും പായിച്ച അക്ഷർ, അതിവേഗം സ്‌കോർ ഉയർത്തി. 14-ാം ഓവറിൽ ഹസരങ്കയെ അക്സർ തുടർച്ചയായ മൂന്ന് സിക്സുകൾക്ക് പറത്തിയതോടെ ഇരുവരും 50 റൺസ് പാർട്ണർഷിപ്പ് തികച്ചു. ഈ ഓവറിൽ നാല് സിക്സുകളോടെ ഇരുവരും 26 റൺസ് അടിച്ചുകൂട്ടിയതോടെ കളിയുടെ ഗിയർ മാറി. തൊട്ടടുത്ത ഓവറിൽ കരുണരത്നെയെ ബൗണ്ടറിലൈനിന് പുറത്തേക്ക് പറത്തി 20 പന്തിൽ അക്സർ 50 തികച്ചു. ഇതിനകം ആറ് സിക്സുകൾ അക്സർ നേടിക്കഴിഞ്ഞിരുന്നു. അക്സറിന്റെ ആദ്യ രാജ്യാന്തര ഫിഫ്റ്റിയാണിത്. എന്നാൽ 33 പന്തിൽ അമ്പത് തികച്ച സൂര്യകുമാർ(36 പന്തിൽ 51) മധുശനകയുടെ പന്തിൽ ഹസരങ്കയുടെ ക്യാച്ചിൽ മടങ്ങിതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ വീണ്ടും അസ്തമിച്ചു.

പിന്നീടെത്തിയ ശിവം മാവി രണ്ടു സിക്‌സും രണ്ടും ഫോറുമടിച്ച പ്രതീക്ഷയുണർത്തി. മധുശനക എറിഞ്ഞ 18-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറും സഹിതം 17 റൺസ് അടിച്ചു. രജിത എറിഞ്ഞ 19-ാം ഓവറിൽ പിറന്നത് 12 റൺസ്. അവസാന ഓവറിൽ 21 റൺസ് ഇന്ത്യക്ക് ജയിക്കാൻ വേണമെന്നിരിക്കേ പന്തെറിയാനുള്ള ഉത്തരവാദിത്തം ലങ്കൻ നായകൻ ദാസുൻ ശനക ഏറ്റെടുത്തു.

മത്സരത്തിൽ ശനകയുടെ ആദ്യ ഓവർ കൂടിയായിരുന്നു ഇത്. മൂന്നാം പന്തിൽ അക്സർ(31 പന്തിൽ 65) കരുണരത്നെയുടെ ക്യാച്ചിൽ പുറത്തായി. ശിവം മാവിക്കും ഉംറാൻ മാലിക്കിനും പിന്നീട് വിജയലക്ഷ്യം എത്തിപ്പിടിക്കാനാവുന്നതായിരുന്നില്ല. മാവി(15പന്തിൽ 26) ഇന്നിങ്സിലെ അവസാന പന്തിൽ പുറത്തായി. അക്സർ ആറും സൂര്യ മൂന്നും മാവി രണ്ടും സിക്സ് നേടി. ശ്രീലങ്കയ്ക്കായി ദിൽഷൻ മധുശങ്ക, കസുൻ രജിത, ദസുൻ ശനക എന്നിവർ രണ്ടു വിക്കറ്റ് വീതവും ചാമിക കരുണരത്നെ, വനിഡു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക, ആറു വിക്കറ്റ് നഷ്ടത്തിലാണ് 206 റൺസ് എടുത്തത്. ഓപ്പണർ കുശാൽ മെൻഡിസിന്റെയും (31 പന്തിൽ 52) ക്യാപ്റ്റൻ ദസുൻ ശനകയുടെയും (22 പന്തിൽ 56*) അർധസെഞ്ചറിയും പാത്തും നിസങ്ക (35 പന്തിൽ 33), ചരിത് അസലങ്ക (19 പന്തിൽ 37) എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനവുമാണ് സന്ദർശകരെ കൂറ്റൻ സ്‌കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി പേസർ ഉംറാൻ മാലിക്ക് മൂന്നു വിക്കറ്റും അക്ഷർ പട്ടേൽ രണ്ടും യുസ്വേന്ദ്ര ചെഹൽ ഒരു വിക്കറ്റും വീഴ്‌ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here