ഇനി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ ഭക്ഷണം ഉണ്ടാക്കാൻ ഇനിയില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ തീരുമാനത്തോട് പ്രതികരിച്ചു ഷാഫി പറമ്പിൽ എംഎൽഎ

0

കോഴിക്കോട്: ഇനി സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിലെ ഭക്ഷണം ഉണ്ടാക്കാൻ ഇനിയില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ തീരുമാനത്തോട് പ്രതികരിച്ചു ഷാഫി പറമ്പിൽ എംഎൽഎ. കലോത്സവത്തിന് കൊടുക്കുന്ന ഭക്ഷണത്തിൽ ജാതീയത കലർത്തിയത് ആരാണെന്നു പരിശോധിക്കണമെന്നും ഇത് വളരെ ഖേദകരമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

സർക്കാരാണ് ഭക്ഷണമെന്തുകൊടുക്കണമെന്ന് തീരുമാനിക്കുന്നത്. ഭക്ഷണം പാകം ചെയ്യാൻ വേണ്ടി വന്നയാൾക്കു നേരെ ജാതീയ ആക്ഷേപം ഉന്നയിച്ചവരുടെ രാഷ്ട്രീയം എന്താണെന്ന് എല്ലാവർക്കും അറിയാം. ഇക്കാര്യം പരിശോധിക്കണമെന്നും വകുപ്പ് മന്ത്രിയടക്കം ജനങ്ങൾക്ക് ബാധ്യതയായി മാറുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഭക്ഷ്യവിഷബാധയേറ്റ് സാധാരണക്കാർ മരിക്കുന്നത് ഇതടു സർക്കാരിന്റെ പരാജയമാണ്. ഭക്ഷണത്തിൽ വിഷം കലർന്നുകൊണ്ട് ആളുകൾ മരിക്കുന്ന അവസ്ഥയിൽ മന്ത്രിമാരും വകുപ്പുകളും തികഞ്ഞ പരാജയമാവുകയാണ്. ഇപ്പോൾ നടക്കുന്നത് റെയ്ഡ് ഉത്സവങ്ങളും റെയ്ഡ് മാമാങ്കങ്ങളും മാത്രമാണെന്ന് എല്ലാവർക്കും നന്നായി അറിയാം. സുഗുണനെ കൊണ്ട് മതിൽ കെട്ടിച്ചവരാണ് നവോത്ഥാനം പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

കലോത്സവങ്ങൾക്ക് ഇനി ഊട്ടുപുരയൊരുക്കാൻ താനില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയിരുന്നു. തന്നെ ഭയം പിടികൂടിയതായും, അതുകൊണ്ടുതന്നെ അടുക്കള നിയന്ത്രിക്കുന്നത് ഇനി പ്രയാസമാകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഭക്ഷണത്തിൽ പോലും വർഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകൾ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തിൽ അതിനെ എങ്ങനെ നേരിടുമെന്നത് ഞാൻ ചിന്തിക്കുകയാണ്. ഇത് എന്നെ വല്ലാതെ അസ്വസ്ഥമാക്കുന്നു’- ഇത്തരത്തിലാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്റെത് പുർണമായും വെജിറ്റേറിയൻ ബ്രാന്റ് തന്നെയാണ്. ഇനി ഇപ്പോ ഭക്ഷണരീതികളും ഭക്ഷണശീലങ്ങളും മാറിവരുന്ന അടുക്കളയിൽ എന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയില്ലെന്ന് ബോധ്യമായതിന് പിന്നാലെയാണ് പിന്മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here