ബി.ബി.സി കോളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍; ഗൂഢാലോചന അന്വേഷിക്കണം: വി. മുരളീധരന്‍

0


കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സുപ്രീം കോടതി വരെ തള്ളിക്കളഞ്ഞവയാണെന്നും ബി.ബി.സി ഡോക്യുമെന്ററി രാജ്യത്തിന്റെ മതനിരപേക്ഷതക്ക് വെല്ലുവിളിയാണെന്നും കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍.

സമാധാനവും സുരക്ഷിതവുമായി ജീവിക്കുന്ന ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് ഇതുവഴി നടക്കുന്നതെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യ ആഗോളതലത്തിൽ വലിയ മുന്നേറ്റം നടത്തുമ്പോൾ പുറത്ത് വരുന്ന ഡോക്യുമെൻ്ററിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷിക്കണമെന്നും മന്ത്രി പ്രതികരിച്ചു.

2002 മുതല്‍ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ പഴകിത്തേഞ്ഞവയാണ്. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയെയും നിലപാടുകളെയും ചോദ്യം ചെയ്യുന്നത് അംഗീകരിക്കാൻ ആകില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പഴയ കൊളോണിയല്‍ ഭരണാധികാരികളുടെ പിന്മുറക്കാര്‍ വീണ്ടും ഇതെല്ലാം ചർച്ചയാക്കുന്നതും അതിന് ചില കേന്ദ്രങ്ങളിൽ നിന്ന് പിന്തുണ ലഭിക്കുന്നതും ദൗര്‍ഭാഗ്യകരമാണ്. ഗുജറാത്തില്‍ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി സമാധാനമാണ്. അവിടുത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് രാജ്യത്തിന്റെ മതനിരപേക്ഷതക്ക് എതിരാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here