അഞ്ജുശ്രീയുടെ ജീവനെടുത്തത് പുതുവത്സരം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം വാങ്ങിയ കുഴിമന്തി; അഞ്ജുവിനൊപ്പം ഭക്ഷണം കഴിച്ച മറ്റുള്ളവർക്കും ഭക്ഷ്യ വിഷബാധയേറ്റു

0

കാസർഗോഡ്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കുഴിമന്തി കഴിച്ച കാസർഗോഡ് തലക്ലായിൽ സ്വദേശിനിയായ അഞ്ജുശ്രീ പാർവതി (19)യാണ് മരിച്ചത്. ഹോട്ടലിൽ നിന്ന് ഓൺൈലനിൽ വാങ്ങിയ കുഴിമന്തിയാണ് അഞ്ജുശ്രീയും സുഹൃത്തുക്കളും കഴിച്ചത്. പുതുവത്സര തലേന്നാണ് അഞ്ജുശ്രീ കുഴിമന്തി ഓർഡർ ചെയ്തത്.

ഭക്ഷണം കഴിച്ചതിനെ തുടർന്ന് അഞ്ജുശ്രീക്കും കൂട്ടുകാർക്കും ശാരീരിക അസ്വസ്ഥത ഉണ്ടായിരുന്നു. നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അഞ്ജുശ്രീയുടെ നില പിന്നീട് ഗുരുതരാവസ്ഥയിൽ ആവുകയുമായിരുന്നു. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പെൺകുട്ടിയെ ഉടൻ കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ആരോഗ്യനില മോശമായതോടെ മംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കാസർഗോഡ് അൽകത്ത് ബെയിലിൽ പ്രവർത്തിക്കുന്ന ‘അൽ റൊമൻസിയ’ എന്ന ഹോട്ടലിൽ നിന്നാണ് ഭക്ഷണം വാങ്ങിയതെന്ന് അഞ്ജുശ്രീയുടെ ഒരു സുഹൃത്ത് അയച്ചുനൽകിയ ബില്ലിൽ പറയുന്നുവെന്നും ഹോട്ടലിൽ പരിശോധന തുടങ്ങിയെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ സുബി മോൾ അറിയിച്ചു. മഞ്ചേശ്വരത്താണ് അഞ്ജുശ്രീ പഠിക്കുന്നത്. കുട്ടികൾ ഒരുമിച്ചാണ് ഭക്ഷണം വാങ്ങിക്കഴിച്ചതെന്നും നാലു കുട്ടികൾ ആശുപത്രിയിൽ ആയെന്നും ഒരാൾ മരണപ്പെടുകയായിരുന്നുവെന്നും ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു അറിയിച്ചു.

സംഭവത്തിൽ മേൽപ്പറമ്പ് പൊലീസ് കേസെടുത്തു. എന്നാൽ മരണം ഭക്ഷ്യവിഷബാധയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ച ശേഷം സ്ഥിരീകരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ അറിയിപ്പ്. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഭക്ഷ്യസുരക്ഷാ കമ്മീഷണേറാട് ഉത്തരവിട്ടതായും ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഓഫീസ് അറിയിച്ചു.

മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവരും. ഇവിടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പരിയാരം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റമോർട്ടത്തിനായി കൊണ്ടുപോകും. കുടുംബം മേൽപ്പറമ്പ് പൊലീസിന് നൽകിയ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അതേസമയം, ഭക്ഷ്യവിഷബാധ പരിശോധിക്കാൻ രണ്ടുസംഘങ്ങളെ ചുമതലപ്പെടുത്തി. കാസർകോടും കണ്ണൂരുമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. ഹോട്ടലിലെ വെള്ളവും ഭക്ഷണവും പരിശോധിക്കും. അഞ്ജുവിനെ പരിചരിച്ച ഡോക്ടറുടെ മൊഴിയെടുക്കും.

സംസ്ഥാനത്ത് ആറ് ദിവസത്തിനുള്ളിൽ ഭക്ഷ്യവിഷബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെയാളാണ്. കഴിഞ്ഞ ദിവസമാണ് കോട്ടയം സംക്രാന്തിയിൽ അൽഫാം കഴിച്ച് നഴ്സ് മരണമടഞ്ഞിരുന്നു. മുൻപ് ചെറുവത്തൂരിൽ ദേവനന്ദ എന്ന പ്ലസ് ടു വിദ്യാർത്ഥിനി ഷവർമ്മ കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞിരുന്നു. കോട്ടയത്തെ സംഭവത്തിനു പിന്നാലെ സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടക്കുന്നതിനിടെയാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നതും.

കഴിഞ്ഞ മെയ് മാസത്തിലും കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് മരണം സംഭവിച്ചിരുന്നു. അന്ന് ചെറുവത്തൂരിൽ 16 വയസുകാരിയായ ദേവനന്ദയെന്ന പെൺകുട്ടിയുടെ മരണം സംസ്ഥാനത്തെയാകെ ദുഃഖിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here