പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സീനിയർ താരം ഷെഫാലി വർമ നയിക്കും

0

പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സീനിയർ താരം ഷെഫാലി വർമ നയിക്കും. നിലവിൽ ഇന്ത്യയുടെ സീനിയർ ടീം ഓപ്പണറാണ് ഷെഫാലി. അടുത്ത ജനുവരിയിൽ ദക്ഷിണാഫ്രിക്കയിലാണ് ടൂർണമെന്റ് നടക്കുന്നത്. ശ്വേത സെഹ്രാവത് ടീമിന്റെ വൈസ് ക്യാപ്റ്റനാവും. മുംബൈയിൽ ന്യൂസിലൻഡിനെതിരെ കളിച്ചുകൊണ്ടിരിക്കുന്ന ടീമിനെ നയിക്കുന്നത് ശ്വേതയാണ്. മറ്റൊരു സീനിയർ താരം റിച്ചാ ഘോഷും 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. മലയാളി താരം നജ്ല സിഎംഎസ് സ്റ്റാൻഡ് ബൈ താരമായി ടീമിലെത്തി.

19കാരിയായ റിച്ച ഇന്ത്യക്ക് വേണ്ടി 25 ടി20 മത്സരങ്ങളും 17 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഷെഫാലി 2019 ഇന്ത്യയുടെ സീനിയർ ടീമിൽ അരങ്ങേറിയ താരമാണ്. 46 ടി20 മത്സരങ്ങളും 21 ഏകദിനങ്ങളും ഇന്ത്യൻ ജേഴ്സിയിൽ കളിച്ചു. രണ്ട് ടെസ്റ്റുകളിൽ ഷെഫാലി ഇന്ത്യൻ ടീമിന്റെ ഭാഗമായി. ടി20യിൽ 134.52 സ്ട്രൈക്ക് റേറ്റിലാണ് താരം റൺ കണ്ടെത്തുന്നത്. 46 ഇന്നിങ്സിൽ നിന്ന് 1091 റൺസാണ് സമ്പാദ്യം. ശരാശരി 24.24.

ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയ്ക്കെതിരെ അഞ്ച് ടി20 മത്സരങ്ങൾ കളിക്കും. ഡിസംബർ 27 മുതൽ ജനുവരി 4 വരെയാണ് പരമ്പര. 14ന് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തന്നെ നേരിടും. ഗ്രൂപ്പ് ഡിയിലാണ് ന്ത്യ മത്സരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ സ്‌കോട്ലൻഡ്, യുഎഇ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുതാരങ്ങൾ. 16 ടീമുകൾ ലോകകപ്പിന്റെ ഭാഗമാവും. ഗ്രൂപ്പിൽ നിന്ന് മൂന്ന് ടീമുകൾ വീതം അടുത്ത റൗണ്ടിലേക്ക് മുന്നേറും. നാല് ഗ്രൂപ്പിൽ നിന്ന് 12 ടീമുകൾ. ഇവരെ ആറ് ടീമുകളുള്ള രണ്ട് ഗ്രൂപ്പായി തിരിക്കും. ഇരു ഗ്രൂപ്പിൽ നിന്നും രണ്ട് ടീമുകൾ വീതം സെമിയിലേക്ക്.

ഇന്ത്യൻ ടീം: ഷെഫാലി വർമ, ശ്വേത സെഹ്രാവത്, റിച്ചാ ഘോഷ്, ജി തൃഷ്, സൗമ്യ തിവാരി, സോണിയ മെന്ദിയ, ഹേർലി ഗല, ഹ്രിഷിത ബസു, സോനം യാദവ്, മന്നത് കശ്യപ്, അർച്ചന ദേവി, പർഷവി ചോപ്ര, തിദാസ് സദു, ഫലക് നാസ്, ഷബ്നം എം ഡി. സ്റ്റാൻഡ് ബൈ താരങ്ങൾ: ശിഖ, നജ്ല സിഎംസി, യഷശ്രീ.

LEAVE A REPLY

Please enter your comment!
Please enter your name here