ഗവര്‍ണറെ വിമര്‍ശിച്ച്‌ ഹൈക്കോടതി ‘വ്യക്‌തികളെ ഇഷ്‌ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത്‌ യോജിച്ച നടപടിയല്ല’

0


കൊച്ചി: പ്രീതി വ്യക്‌തിപരമല്ലെന്നും വ്യക്‌തികളെ ഇഷ്‌ടമല്ലെങ്കില്‍ പ്രീതി പിന്‍വലിക്കുന്നത്‌ ഉന്നത സ്‌ഥാനത്തിരിക്കുന്നവര്‍ക്കു യോജിച്ച നടപടിയല്ലെന്നും ഹൈക്കോടതി. കേരള സര്‍വകലാശാലയിലെ 15 സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ നടപടിക്കെതിരേയുള്ള ഹര്‍ജി പരിഗണിക്കവെയാണ്‌ ചാന്‍സിലര്‍കൂടിയായ ഗവര്‍ണര്‍ക്കെതിരേ ഹൈക്കോടതിയില്‍നിന്നു വാക്കാല്‍ വിമര്‍ശനമുണ്ടായത്‌. സര്‍വകലാശാലയുടെയും സെനറ്റിന്റെയും നടപടികളെയും കോടതി വിമര്‍ശിച്ചു. പുതിയ വൈസ്‌ ചാന്‍സലറെ നിയമിക്കാന്‍ നിങ്ങള്‍ക്ക്‌ ഉദ്ദേശമില്ലെന്നാണ്‌ മനസിലാകുന്നതെന്നു സെനറ്റ്‌ അംഗങ്ങളെ വിമര്‍ശിച്ചു കോടതി പറഞ്ഞു. പുതിയ വൈസ്‌ ചാന്‍സലറെ തീരുമാനിക്കുന്നതിനുള്ള നോമിനിയെ നിശ്‌ചയിക്കുമെങ്കില്‍ പുറത്താക്കിയ മുഴുവന്‍ സെനറ്റ്‌ അംഗങ്ങളെയും ഉടന്‍ ആ സ്‌ഥാനങ്ങളിലേക്കു തിരിച്ചെത്തിക്കാമെന്ന വാദവും കോടതി മുന്നോട്ടുവച്ചു. എന്നാല്‍, അതിനനുസരിച്ചുള്ള പ്രതികരണങ്ങള്‍ സര്‍വകലാശാലയുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകുന്നില്ലെന്നും കോടതി പറഞ്ഞു.
വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ചു കോടതിക്കുമാത്രമേ ആശങ്കയുള്ളൂവെന്നു ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിയില്‍ കോടതിയില്‍ ഇന്നും വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here