നെയ് തേങ്ങയെന്ന് കരുതി അയ്യപ്പഭക്തൻ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞത് 30,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ

0

ശബരിമല: നെയ് തേങ്ങയെന്ന് കരുതി അയ്യപ്പഭക്തൻ സന്നിധാനത്തെ ആഴിയിലേക്ക് വലിച്ചെറിഞ്ഞത് 30,000 രൂപ വിലവരുന്ന മൊബൈൽ ഫോൺ. അബദ്ധം മനസിലായ ഭക്തർ കരുതിയത് ഫോൺ അഗ്‌നിയിൽ ദഹിക്കുമെന്ന് തന്നെയാണ്. പക്ഷേ, അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടൽ മൂലം ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ചു. രക്ഷാപ്രവർത്തനത്തിനിടെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥന് പൊള്ളലേറ്റു.

കിളിമാനൂർ പള്ളിക്കൽ ആനകുന്നം ചന്ദന ഹൗസിൽ അഖിൽ രാജിന്റെ മൊബൈൽ ഫോണാണ് അഗ്നിരക്ഷാ സേനയുടെ ഇടപെടൽ മൂലം ആഴിയിൽ നിന്നും വീണ്ടെടുത്തത്. ഫയർ ഓഫീസറായ വി.സുരേഷ് കുമാറിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം. അഭിഷേകത്തിന് നെയ്യ് ശേഖരിച്ച ശേഷം ആഴിയിലേക്ക് തേങ്ങ വലിച്ചെറിയുന്നതിനിടെ മൊബൈൽ ഫോണും ആഴിയിൽ വീഴുകയായിരുന്നു.

അഗ്നിരക്ഷാസേനയുടെ സന്നിധാനം കൺട്രോൾ റൂമിൽ വിവരം അറിയിച്ചതിനെ തുടർന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ പി മധുവിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ റെസ്‌ക്യു ഓഫീസർ ഗണേശൻ ഫയർ ഓഫീസർമാരായ വി സുരേഷ് കുമാർ പി വി ഉണ്ണിക്കൃഷ്ണൻ ഇന്ദിരാ കാന്ത്, എസ്എൽ അരുൺകുമാർ എന്നിവരുടെ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. നേരിയ പൊള്ളലേറ്റ സുരേഷ് കുമാർ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.

LEAVE A REPLY

Please enter your comment!
Please enter your name here