ഭർത്താവ് മരിച്ച യുവതിയാണെന്ന വ്യാജേന ഭാര്യയെ കൊണ്ട് വിവാഹ വാഗ്ദാനം നൽകി 41 ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിൽ യുവാവ് അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശി സരിൻ കുമാർ (37) ആണ് പൊലീസിന്റെ പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ച് വിവാഹ തട്ടിപ്പുകേസുകളിൽ പ്രതിയായ ഭാര്യ ശാലിനി (36) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
പ്രമുഖ മലയാള പത്രങ്ങളിൽ പുനർവിവാഹത്തിന് ആലോചന ക്ഷണിച്ച പരസ്യദാതാവിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെട്ട് ഭർത്താവ് വാഹനാപകടത്തിൽ മരിച്ച യുവതിയാണെന്ന നിലയിലാണ് ശാലിനി പരിചയപ്പെടുത്തിയത്. മധ്യപ്രദേശിൽ അധ്യാപികയാണെന്നാണ് പറഞ്ഞിരുന്നത്.
പരസ്യം നൽകിയ 53 കാരന്റെ ഫോണിൽ സന്ദേശങ്ങൾ അയച്ചു സൗഹൃദം നടിച്ചു. വാഹനാപകടത്തിൽ മരിച്ച ആദ്യ ഭർത്താവിന്റെ ചികിത്സക്ക് പലരിൽനിന്ന് കടം വാങ്ങിയാണ് ആശുപത്രി ചെലവ് നടത്തിയെന്നു പറഞ്ഞ് പലതവണയായി 41 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
പ്രതികൾക്കെതിരെ വഞ്ചന കുറ്റത്തിനാണ് കോങ്ങാട് പൊലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്. പ്രതിയെ പാലക്കാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിൽ പോയ പ്രതി കടമ്പഴിപ്പുറം ഭാഗത്ത് താമസിച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ശാലിനിക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തി.