വിലക്കയറ്റത്തിന്റെ കാരണമറിയാതെ സര്‍ക്കാര്‍, പരിശോധന ശക്‌തമാക്കാന്‍ നിര്‍ദേശം

0


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ “ഉപ്പു തൊട്ട്‌ കര്‍പ്പൂരം” വരെയുള്ളവയ്‌ക്ക്‌ വില കുതിച്ചുയരുന്നതിന്റെ കാരണം അറിയാതെ സര്‍ക്കാര്‍. കേരളത്തില്‍ മാത്രമായി വില വര്‍ധനയ്‌ക്കു പ്രത്യേക കാരണങ്ങളൊന്നും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ്‌ മന്ത്രി ജി.ആര്‍ അനില്‍ പറയുന്നത്‌.
അരി വില വര്‍ധന നേരിടുന്നതിന്‌ ഭക്ഷ്യ വകുപ്പ്‌ ശക്‌തമായ നടപടികളെടുത്തിട്ടുണ്ട്‌. റേഷന്‍ കടകളിലൂടെയും സൈപ്ലകോ മാവേലി സ്‌റ്റോറുകളിലൂടെയും, സഞ്ചരിക്കുന്ന മാവേലിസ്‌റ്റോറുകളിലൂടെയും കൂടുതല്‍ അരി റേഷന്‍ കാര്‍ഡുടമകള്‍ക്ക്‌ എത്തിക്കുന്നതിന്‌ നടപടികള്‍ സ്വീകരിച്ചുവെന്നും മന്ത്രി പറയുന്നു.
അതേസമയം സംസ്‌ഥാനത്ത്‌ ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമ വില വര്‍ധന സൃഷ്‌ടിക്കുന്നതിനെതിരേ ശക്‌തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്കു മന്ത്രി നിര്‍ദേശം നല്‍കി. വിലക്കയറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിന്‌ വിളിച്ചുകൂട്ടിയ ജില്ലാ കലക്‌ടര്‍മാരുടേയും ജില്ലാ സൈപ്ല ഓഫീസര്‍മാരുടേയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ്‌ മന്ത്രി അനില്‍ നിര്‍ദേശം നല്‍കിയത്‌.
വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരേ ശക്‌തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്‌ത്തി വയ്‌പ്‌ എന്നിവ തടയുന്നതിന്‌ ജില്ലാ കളക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ്‌ രൂപവത്‌കരിച്ച്‌ പരിശോധന ശക്‌തമാക്കും.
എല്ലാ ആഴ്‌ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട്‌ സര്‍ക്കാരിന്‌ സമര്‍പ്പിക്കണമെന്ന്‌ മന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യ ഉത്‌പന്നങ്ങളുടെ ലഭ്യത യഥേഷ്‌ടം ഉറപ്പുവരുത്തണമെന്നും താലൂക്ക്‌ തലങ്ങളില്‍ കൃത്യമായ അവലോകന മീറ്റിങ്ങുകള്‍ നടത്തി സ്‌ഥിതി വിലയിരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.
യോഗത്തില്‍ ലാന്‍ഡ്‌ റവന്യൂ കമ്മിഷണര്‍ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃ കാര്യ സെക്രട്ടറി അലി അഡ്‌ഗര്‍ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ്‌ കമ്മിഷണര്‍ ഡി. സജിത്‌ ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ജോണ്‍ സാമുവല്‍, കലക്‌ടര്‍മാര്‍ വകുപ്പിലെ മറ്റ്‌ ഉന്നത ഉദ്യോഗസഥര്‍ എന്നിവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here