അന്വേഷണം തമിഴ്‌നാടിന്‌ കൈമാറണമെന്ന്‌; പ്രതികള്‍ നിയമോപദേശം തേടി

0


കൊച്ചി : പാറശാല മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയ കേസിന്റെ എഫ്‌.ഐ.ആറിന്മേലുള്ള അന്വേഷണം തമിഴ്‌നാട്‌ പോലീസിനു കൈമാറണമെന്ന ആവശ്യവുമായി പ്രതികള്‍ കോടതിയെ സമീപിച്ചേക്കും. ഇതു സംബന്ധിച്ചു പ്രതികള്‍ നിയമോപദേശം തേടി. മുഖ്യപ്രതിയായ ഗ്രീഷ്‌മ അടക്കമുള്ളവര്‍ ജാമ്യാപേക്ഷ നല്‍കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്‌.
കേസ്‌ തമിഴ്‌നാട്‌ പോലീസിനു മാത്രമായി കൈമാറുന്നതിനെ കേരള പോലീസ്‌ കോടതിയില്‍ എതിര്‍ക്കും. കേരള പോലീസോ തമിഴ്‌നാട്‌ പോലീസോ അന്വേഷിക്കുന്നതില്‍ നിയമ തടസമില്ലെന്നാണു ജില്ലാ ക്രൈംബ്രാഞ്ചിനു നിയമോപദേശം ലഭിച്ചത്‌. അതിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം തുടരും.
ആത്മഹത്യാശ്രമത്തെത്തുടര്‍ന്നു ആശുപത്രിയില്‍ തുടരുകയാണു ഗ്രീഷ്‌മ. കേരളത്തില്‍ ശക്‌തമായ മാധ്യമ ഇടപെടലുള്ള കേസായതിനാല്‍, പോലീസിന്മേല്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടെന്നും ഭീഷണിപ്പെടുത്തിയാണു കുറ്റം സമ്മതിപ്പിച്ചതെന്നുമാണു പ്രതികളുടെ പരാതി. കേസ്‌ കൈമാറിയില്ലെങ്കില്‍ വിചാരണയ്‌ക്കു നിയമതടസമുള്ളതും പ്രതിഭാഗം ചൂണ്ടിക്കാട്ടും. അന്വേഷണം കേരള പോലീസ്‌ നടത്തിയാലും വിചാരണ തമിഴ്‌നാട്ടില്‍ വേണമെന്നു പ്രതികള്‍ക്കു ആവശ്യപ്പെടാം. അതിനിടെ, ഇന്നു ഹാജരാകണമെന്നു ഡിവൈ.എസ്‌.പിയോടു നെയ്യാറ്റിന്‍കര കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌.
ഗ്രീഷ്‌മയുടെ വീട്‌ സ്‌ഥിതി ചെയ്യുന്നതു രാമവര്‍മന്‍ ചിറയിലാണ്‌. കേരള അതിര്‍ത്തിയില്‍നിന്നും മീറ്ററുകള്‍ മാത്രം അകലെയാണു വീട്‌. ഇവിടേക്കു വിളിച്ചു വരുത്തിയാണു ഷാരോണിനെ കളനാശിനി കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്‌.
ഷാരോണിനിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്‌മയും മറ്റു പ്രതികളും ഗൂഢാലോചന നടത്തിയതും വിഷം വാങ്ങി കൊടുത്തതും തെളിവു നശിപ്പിച്ചതും തമിഴ്‌നാട്ടിലാണ്‌. മരണം സംഭവിച്ചിരിക്കുന്നതു തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലും. കേസെടുത്തതു പാറാശാല പോലീസും. കുറ്റപത്രം നല്‍കി വിചാരണയിലേക്കു പോകുമ്പോള്‍ അന്വേഷണ പരിധി പ്രതികള്‍ മേല്‍കോടതിയില്‍ ചോദ്യം ചെയ്യാന്‍ സാധ്യതയേറെ. ഇരു സംസ്‌ഥാനങ്ങളിലെയും പോലീസിനു അന്വേഷിക്കാമെന്നു നിയമോപദേശം ലഭിച്ചതോടെ ഉന്നതപോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here