ശ്രീനിവാസന്‍ വീണ്ടും അഭിനയ രംഗത്തേക്ക്‌

0


കൊച്ചി: രോഗകാലംതാണ്ടി നടന്‍ ശ്രീനിവാസന്‍ അഭിനയരംഗത്തേക്കു തിരിച്ചെത്തി. എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ സ്‌കൂളിലെ ഷൂട്ടിങ്‌ സെറ്റില്‍ “കുറുക്കന്‍” എന്ന സിനിമയില്‍ മകന്‍ വിനീതിനൊപ്പമാണു ശ്രീനിവാസന്റെ തിരിച്ചുവരവ്‌. ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും അന്‍സിബ ഹസനും അടക്കം ഒട്ടേറെ പേര്‍ അഭിനയിക്കുന്നുണ്ട്‌.
ആത്മവിശ്വാസത്തോടെയാണ്‌ അദ്ദേഹം സെറ്റിലെത്തിയത്‌. കാരവാനിലേക്കു കയറി മുഖത്തു ചായമിട്ടു ചെറുചിരിയോടെ തിരിച്ചിറങ്ങി. സ്വിച്ചോണ്‍ നിര്‍വഹിക്കാന്‍ കെ.എം.ആര്‍.എല്‍. എം.ഡി. ലോക്‌നാഥ്‌ ബഹ്‌റയെത്തി. “കീടം” ആണു ശ്രീനിവാസന്റെ അവസാനം റിലീസ്‌ ചെയ്‌ത ചിത്രം. തിരിച്ചുവരവില്‍ അഭിനയം മാത്രമല്ല എഴുത്തുമുണ്ട്‌.
“ഈ സിനിമയുടെ ചര്‍ച്ച തുടങ്ങിയതു മുതല്‍ അച്‌ഛന്റെ ആരോഗ്യമായിരുന്നു എല്ലാവരും നോക്കിയിരുന്നത്‌. അതുകൊണ്ടാണു ഷൂട്ട്‌ തുടങ്ങാന്‍ വൈകിയതും. അഭിനേതാക്കള്‍ എല്ലാവരും സഹകരിച്ചു. അച്‌ഛന്റെ ആരോഗ്യാവസ്‌ഥയില്‍ നല്ല മാറ്റമുണ്ട്‌. സിനിമ തന്നെയാണ്‌ അച്‌ഛനു വേണ്ട ഏറ്റവും നല്ല ചികിത്സ. ഇവരൊക്കെ ജോലി ചെയ്‌തു ശീലിച്ചവരാണ്‌. വെറുതെയിരുന്നിട്ടില്ല ഇതുവരെ. സിനിമയുടെ തിരക്കിലേക്കു മാറിയാല്‍ അദ്ദേഹം ഫുള്‍ ഓണ്‍ ആയി പഴയതുപോലെ തിരിച്ചെത്തും.” -വിനീത്‌ ശ്രീനിവാസന്‍ പറഞ്ഞു.
വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈറാണു കുറുക്കന്റെ നിര്‍മാണം. സുധീര്‍ കരമന, ശ്രീകാന്ത്‌ മുരളി, ജോജി ജോണ്‍, അശ്വത്‌ ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ്‌ നെടുമങ്ങാട്‌, അഞ്‌ജലി സത്യനാഥ്‌, ബാലാജി ശര്‍മ, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു. ജിബു ജേക്കബ്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. മനോജ്‌ റാം സിങ്‌ തിരക്കഥ സംഭാഷണമെഴുതുന്നു. മനു മഞ്‌ജിത്തിന്റെ വരികള്‍ക്ക്‌ ഉണ്ണി ഇളയരാജാ സംഗീതം പകരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here