ചെങ്കോട്ട ഭീകരാക്രമണം; ലഷ്‌കര്‍ ഭീകരന് വധശിക്ഷ തന്നെ

0

ന്യൂഡൽഹി: 2000ലെ ചെങ്കോട്ട ഭീകരാക്രമണക്കേസിൽ ലഷ്‌കർ ഭീകരൻ മുഹമ്മദ് ആരിഫിന്റെ (അഷ്ഫാഖ്) വധശിക്ഷ ശരിവെച്ച് സുപ്രീംകോടതി. പ്രതിയുടെ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് ഭീകരന് വധശിക്ഷ ഉറപ്പായത്. രണ്ടാം തവണയാണ് സുപ്രീംകോടതി ഇയാളുടെ വധശിക്ഷ സംബന്ധിച്ച വിധിക്കെതിരായ പുനപരിശോധനാ ഹർജി പരി​ഗണിച്ചത്,

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ പുനഃപരിശോധനാ ഹർജിയും ക്യൂറേറ്റീവ് ഹർജിയും തള്ളിയതിന് ശേഷം സുപ്രീം കോടതി വീണ്ടും പുനഃപരിശോധനാ ഹർജി പരിഗണിക്കുന്ന ആദ്യ കേസാണിത്. 2000 ഡിസംബർ 22 ന് ആണ് ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയിൽ ഭീകരാക്രമണം നടത്തിയത്.

ആക്രമണത്തിൽ രണ്ട് സൈനികർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ ചെങ്കോട്ടയിൽ നുഴഞ്ഞുകയറിയ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. 2005 ഒക്ടോബർ 31ന് കീഴ്ക്കോടതി ആരിഫിനെ വധശിക്ഷയ്ക്ക് വിധിച്ചു. 2013ൽ സുപ്രീംകോടതിയും വധശിക്ഷ ശരിവച്ചു. പുനഃപരിശോധന ഹർജിക്ക് പിന്നാലെ 2014ൽ ആരിഫിന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ പ്രതികൾ ശിക്ഷക്കെതിരെ വീണ്ടും പുനഃപരിശോധന ഹർജി നൽകുകയായിരുന്നു. ഇത് സുപ്രീം കോടതി വീണ്ടും തള്ളുകയായിരുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ കേൾക്കണമെന്ന സുപ്രധാന വിധിയുണ്ടായതും ഈ കേസിലാണ്. യാക്കൂബ് മേമന്റെയും ആരിഫിന്റെയും ഹർജിയിൽ 2015ൽ ആയിരുന്നു സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി. നേരത്തെ ജഡ്ജി തന്റെ ചേംബറിലാണ് റിവ്യൂ ഹർജി കേട്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here