ഇറാനിൽ മതപണ്ഡിതരുടെ തലപ്പാവ് വലിച്ചെറിയുന്നു; ഹിജാബ് വിരുദ്ധ സമരം പുതിയ രീതിയിൽ

0

ടെഹ്റാൻ: ഇറാനിലെ ഹിജാബ് വിരുദ്ധ സമരത്തിന് പുതിയ രൂപം. പൊതു ഇടങ്ങളിലെത്തുന്ന ഇസ്ലാംമത പണ്ഡിതരുടെ തലപ്പാവ് തട്ടിത്തെറിപ്പിക്കുകയാണ് ചെറുപ്പക്കാർ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് വിരുദ്ധ പ്രതിഷേധം മറ്റൊരു തലത്തിലേക്ക് കടക്കുന്നു എന്നതിന്റെ സൂചന നൽകുന്ന രണ്ട് വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഇറാന്റെ തെരുവുകളിലൂടെ നടക്കുന്ന ഇസ്ലാംമത പുരോഹിതന്മാരുടെ തലപ്പാവ് വലിച്ചെറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മതചിഹ്നമായി തലപ്പാവ് ധരിച്ച ഒരു ഇസ്ലാംമത പുരോഹിതൻ റോഡിലൂടെ നടന്നു പോകുന്നതു മുതലാണ് ദൃശ്യങ്ങൾ ആരംഭിക്കുന്നത്. പിന്നാലെ ഓടി എത്തുന്ന ഒരു യുവതി കൈകളുപയോഗിച്ച് പുരോഹിതന്റെ തലപ്പാട് തട്ടിത്തെറിപ്പിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് പുരോഹിതന് മനസ്സിലാകുന്നതിനു മുന്നേ തന്നെ യുവതി ഓടി മറയുന്നു. നിലത്തുവീണ തലപ്പാവ് പുരോഹിതൻ തിരികെ എടുത്തണിയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന രണ്ടാമത്തെ വീഡിയോ, ഒരു ബസ് സ്റ്റാൻഡിൽ നിന്നും ചിത്രീകരിച്ചിരിക്കുന്നതാണ്. വീഡിയോയിൽ ഒരു മതപണ്ഡിതൻ ബസ് സ്റ്റാൻഡിൽ നിൽക്കുന്നത് കാണാം. അതുവഴി പോയ ഒരു ചെറുപ്പക്കാരൻ മതപണ്ഡിതന്റെ പുറകിലൂടെ കടന്നു വന്ന് തലപ്പാവ് തട്ടി താഴെയിടുന്നതും വേഗതയിൽ അവിടെനിന്നും രക്ഷപ്പെടുന്നതും കാണാം.

22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾ ഇറാനിൽ തുടരുകയാണ്. പ്രതിഷേധങ്ങൾക്കിടെ ഇതുവരെ നിരവധി ആളുകൾ കൊല്ലപ്പെട്ടു. ഇറാൻ സർക്കാർ പ്രതിഷേധക്കാർക്കെതിരെ കർശന നിലപാടാണ് സ്വീകരിച്ചു വരുന്നത്. ഒരു വശത്ത് ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുമ്പോൾ മറുവശത്ത് ജനങ്ങൾ കൂട്ടമായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആദ്യം ആരംഭിച്ചത് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ്. ഇത് പൊടുന്നനെ രാജ്യത്തുടനീളം വ്യാപിച്ചു. നിരവധി സ്ത്രീകളും പെൺകുട്ടികളും ജനകീയ പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പോലീസ് തുടർച്ചയായി സമരക്കാർക്കെതിരെ അതിക്രമം അഴിച്ചു വിടുകയാണ്. എന്നിട്ടും പ്രകടനങ്ങൾ തടയുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. സമാധാനത്തിനായി ഇറാൻ സർക്കാർ നിരവധി തവണ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സമാധാനം പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഇപ്പോൾ ഈ പ്രകടനം ഇറാനിൽ മാത്രമല്ല ലോകമെമ്പാടും വ്യാപിച്ചിരിക്കുന്നു എന്നതാണ് പ്രത്യേകത. സോഷ്യൽ മീഡിയയിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇറാൻ സ്ത്രീകളുടെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് നിരവധി പ്രശസ്ത താരങ്ങളും പിന്തുണ നൽകിയിട്ടുണ്ട്.

അതേസമയം, മറ്റ് രാജ്യങ്ങളിലെ സാധാരണ പൗരന്മാരും വ്യത്യസ്ത രീതികളിൽ എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. മുടി മുറിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് പ്രതിഷേധം അറിയിച്ച സ്ത്രീകളും ധാരാളമുണ്ട്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ നിലയ്ക്കാത്തതിനാൽ, ലോകമെമ്പാടു നിന്നും ഇറാൻ സർക്കാരിനെതിരെ ചോദ്യങ്ങൾ ഉയരുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രകടനത്തിന്റെ വാർത്ത ഒരു തരത്തിലും രാജ്യത്തിന് പുറത്ത് പോകാതിരിക്കാൻ ഇറാൻ സർക്കാർ ശ്രദ്ധിക്കുന്നുണ്ട്. ഇക്കാരണത്താൽ, സൗദി അറേബ്യയെയോ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളെയോ ഇറാൻ ഉടൻ ആക്രമിച്ചേക്കുമെന്നും അതിനാൽ ലോകത്തിന്റെ ശ്രദ്ധ പ്രകടനത്തിൽ നിന്ന് വ്യതിചലിക്കാമെന്നും വാർത്തയുണ്ട്.

യുഎസും സൗദി അറേബ്യയും ഒരു രഹസ്യാന്വേഷണ വിവരം പങ്കിട്ടതായി എപി ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ഉടൻ ആക്രമിക്കാൻ ഇറാന് കഴിയുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവരം. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൗദി അറേബ്യ മാത്രമല്ല യുഎസ് സൈന്യവും തയ്യാറെടുപ്പ് തുടങ്ങിയിട്ടുണ്ട്. അങ്ങനെ സംഭവിച്ചാൽ മറുപടി നൽകുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here