ബലാത്സംഗ കേസ്‌: എല്‍ദോസ്‌ കുന്നപ്പിള്ളിയുടെ ഹര്‍ജി തള്ളി

0


കൊച്ചി: ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ്‌ ലഭിക്കണമെന്നാവശ്യപ്പെട്ടു എല്‍ദോസ്‌ കുന്നപ്പിള്ളില്‍ എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. എന്നാല്‍ രഹസ്യമൊഴി കോടതിയുടെ മേല്‍നോട്ടത്തില്‍ എല്‍ദോസിന്റെ അഭിഭാഷകനു പരിശോധിക്കാന്‍ കോടതി അനുമതി നല്‍കി. ഹര്‍ജി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.
അതുവരെ ഇടക്കാല ഉത്തരവ്‌ തുടരുമെന്നു കോടതി വ്യക്‌തമാക്കി. മുദ്രവച്ച കവറിലാണു രഹസ്യമൊഴിയുള്ളതെന്നു സര്‍ക്കാര്‍ അറിയിച്ചു. കോടതിക്ക്‌ നല്‍കിയ രഹസ്യമൊഴിയില്‍ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നല്‍കിയിട്ടുണ്ടെന്നും എല്‍ദോസിന്‌ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എല്‍ദോസ്‌ അന്വേഷണ ഉദ്യോഗസ്‌ഥനുമായി സഹകരിക്കണമെന്നും കോടതി വ്യക്‌തമാക്കി. ജാമ്യം റദ്ദാക്കുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനു മുമ്പ്‌ രഹസ്യമൊഴിയെപ്പറ്റി മനസിലാക്കേണ്ടത്‌ അത്യാവശ്യമാണെന്നു എല്‍ദോസ്‌ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ്‌ മൊഴി വായിച്ചു നോക്കാന്‍ അനുമതി നല്‍കിയത്‌

LEAVE A REPLY

Please enter your comment!
Please enter your name here