മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടൽ

0

മൂന്നാർ: മൂന്നാറിൽ കനത്ത മഴയ്ക്കിടെ രണ്ടിടത്ത് ഉരുൾപൊട്ടൽ. കുണ്ടള ഡാമിന് സമീപവും മൂന്നാർ എക്കോപോയിന്റിലുമാണ് ഉരുൾപൊട്ടിയത്. ഉച്ച കഴിഞ്ഞ് 3.30 തോടെ ഉണ്ടായ ശക്തമായ മഴയ്ക്ക് പിന്നാലെയായിരുന്നു ഉരുൾപൊട്ടൽ.

കുണ്ടളയിൽ ടെംപോട്രാവലറിനു മുകളിൽ മണ്ണിടിഞ്ഞുവീണു. ടെമ്പോ ട്രാവലറിൽ എത്തിയ 12 അംഗ സംഘത്തിലെ വടകര സ്വദേശി രൂപേഷ് (45) നെയാണ് കാണാതായിട്ടുള്ളത്. സഹയാത്രികർ സുരക്ഷിതരാണ്. മലവെള്ളം മാട്ടുപ്പെട്ടി – കുണ്ടള റോഡിലേയ്ക്കാണ് ഇരച്ച് എത്തിയത്.

റോഡിൽ ഈ ഭാഗത്ത് വച്ച് രൂപേഷ് ഒഴുക്കിൽ പെട്ടെന്നാണ് കൂടെയുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. മഴ ശക്തമായി തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസം നേരിടുന്നുണ്ടെന്നാണ് സൂചന. പൊലീസും അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മാട്ടുപ്പെട്ടി റോഡിൽ വൻഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മൂന്നാറിൽ രാവിലെ മുതൽ ആരംഭിച്ച കനത്തമഴ തുടരുകയാണ്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുകയാണ്. ഇടുക്കി അടക്കം പലയിടങ്ങളിലും ഇടിയോടുകൂടിയ ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടുക്കി ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ 9 ജില്ലകളിൽ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. മഴ നാളെയും തുടരും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയുടെ വടക്കുകിഴക്കൻ തീരത്ത് രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ശക്തികൂടിയതാണ് മഴയ്ക്ക് കാരണം. കേരളാ തീരത്ത് ശനി, ഞായർ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here