കേരളം സുപ്രീം കോടതിയില്‍ ‘കാളയോട്ടം ജെല്ലിക്കെട്ടല്ല

0


കൊച്ചി : തമിഴ്‌നാട്ടിലെ ജെല്ലിക്കെട്ടും കേരളത്തിലെ കാളയോട്ടവും (മരമടി) സമാനസ്വഭാവമുള്ളതല്ലെന്നും അതിനാല്‍, നിരോധനം ആവശ്യമില്ലെന്നുംസംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമാണു കാള. വന്യമൃഗമല്ല. ജെല്ലിക്കെട്ടുമായി കാളയോട്ടത്തിനു ബന്ധമില്ലെന്നും മൃഗസംരക്ഷണ ബോര്‍ഡ്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജെല്ലിക്കെട്ട്‌ നിരോധിച്ചതിനെതിരേ തമിഴ്‌നാട്‌ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്‌ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണു കാളയോട്ടവും നിരോധിക്കണമെന്ന ആവശ്യം. കാളയോട്ടം ജെല്ലിക്കെട്ട്‌ തന്നെയെന്നാണു ഹര്‍ജിക്കാരുടെ വാദം. കര്‍ണാടക, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളില്‍ നടക്കുന്ന മരമടിയും മൃഗപീഡനമാണെന്നു ആരോപിക്കുന്നു.
ഹര്‍ജിയില്‍ സുപ്രീം കോടതി വനംവകുപ്പിനോടു റിപ്പോര്‍ട്ട്‌ തേടിയിരുന്നു. കാള വന്യമൃഗമല്ലാത്തതിനാല്‍, മറുപടി നല്‍കേണ്ടതു മൃഗസംരക്ഷണ വകുപ്പാണെന്നു നിയമോപദേശം ലഭിച്ചതിനെത്തു ടര്‍ന്നാണു മൃഗസംരക്ഷണ ബോര്‍ഡ്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌. ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിച്ചേക്കും.
നെല്‍കൃഷിയുമായി ബന്ധപ്പെട്ടതാണു മരമടി മത്സരമെന്നു കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോത്തോട്ടം, കാളപ്പൂട്ട്‌ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. കാളകള്‍ വളര്‍ത്തുമൃഗമാണ്‌. അതില്‍ മൃഗപീഡനമില്ല. ജനകീയ സാംസ്‌കാരികോത്സവമാണ്‌. വിളവിറക്കുന്ന പാടങ്ങളാണു വേദി. അതിവിദഗ്‌ധരായ കാളക്കാരാണു കാളകളെ നിയന്ത്രിക്കുന്നത്‌. അതിനാല്‍, അപകടമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംസ്‌ഥാനത്ത്‌ എറണാകുളം കാക്കൂര്‍, പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നിവിടങ്ങളിലാണു പ്രധാനമായും കാളയോട്ടം നടക്കുന്നത്‌. മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലും മലപ്പുറം ജില്ലയിലെ പയ്യനാടും വര്‍ഷങ്ങളായി കാളപൂട്ട്‌ മത്സരം നടക്കുന്നു. കര്‍ണാടകയില്‍ കംബള എന്ന പേരിലാണു മരമടി നടക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here