സ്വര്‍ണക്കടത്തു കേസില്‍ സുപ്രീം കോടതി “വിചാരണ മറ്റു സംസ്‌ഥാനത്തേക്കു മാറ്റാന്‍ അസാധാരണ സാഹചര്യം വേണം”

0


കൊച്ചി: സ്വര്‍ണക്കടത്ത്‌ കേസ്‌ വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റണമെന്ന ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. അസാധാരണ സാഹചര്യത്തില്‍ മാത്രമേ വിചാരണ മറ്റു സംസ്‌ഥാനങ്ങളിലേക്കു മാറ്റാന്‍ അനുവദിക്കൂവെന്നും കോടതി വ്യക്‌തമാക്കി.
വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡി. ആവശ്യത്തില്‍ ധൃതി പിടിച്ച്‌ തീരുമാനത്തില്ലെന്നും കോടതി നിരീക്ഷിച്ചു. സംസ്‌ഥാനത്ത്‌ ഭരണത്തിലിരിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ള കേസാണിത്‌. അതിനാല്‍ കേസ്‌ മാറ്റുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്‌. അസാധാരണമായ സാഹചര്യത്തിലാണു വിചാരണമാറ്റം അംഗീകരിക്കുക. നിയമവ്യവസ്‌ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടുള്ള വിഷയമാണിതെന്നും ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, എം.എം. സുന്ദരേഷ്‌ എന്നിവരടങ്ങിയ ബെഞ്ച്‌ നീരീക്ഷിച്ചു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട്‌ അസാധാരണ സാഹചര്യമുണ്ടെന്ന വാദം ഇ.ഡി. കോടതിയില്‍ ആവര്‍ത്തിച്ചു. ഹര്‍ജി തള്ളണമെന്ന ആവശ്യം സംസ്‌ഥാനം ആവര്‍ത്തിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. വിചാരണക്കോടതിയിലെ നടപടികളെക്കുറിച്ചാരാഞ്ഞ കോടതി, ഇക്കാര്യത്തിലെ പുരോഗതി അറിഞ്ഞശേഷം വാദം കേള്‍ക്കുന്ന തീയതി അറിയിക്കാമെന്നും വ്യക്‌തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here