ഒരു വയസ്സുള്ള കുഞ്ഞിന്റെ വായിലെ അസുഖത്തിനു മധുരയിലെ ആശുപത്രിയിലെ ഡോക്ടർമാർ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയെന്നു പരാതി

0

ഒരു വയസ്സുള്ള കുഞ്ഞിന്റെ വായിലെ അസുഖത്തിനു മധുരയിലെ ആശുപത്രിയിലെ ഡോക്ടർമാർ ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയെന്നു പരാതി. വിരുധ്നഗർ ജില്ലയിലെ ഗവണ്‍മെന്റ് രാജാജി ആശുപത്രിയിലെ (ജിആർഎച്ച്) ഡോക്ടർമാർക്കു പിഴവു സംഭവിച്ചുവെന്നു കുട്ടിയുടെ പിതാവ് അമീർപാളയം സ്വദേശിയായ ആർ. അജിത്കുമാർ(25) ആരോപിച്ചു. അതേസമയം, ജിആർഎച്ച് ഡീൻ ഡോ. എ. രത്നവേൽ ആരോപണം നിഷേധിച്ചു.

‘‘വായിൽ രൂപപ്പെട്ട സിസ്ട് നീക്കം ചെയ്യുന്നതിനാണ് നവംബർ 21നാണ് ജിആർഎച്ചിൽ പ്രവേശിപ്പിച്ചത്. പിറ്റേദിവസം ശസ്ത്രക്രിയ നടത്തി. തിരിച്ചു കുട്ടിയെ ബെഡിലേക്കു മാറ്റിയപ്പോഴാണ് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയതായി കാണുന്നത്. ഇതു ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അവർക്ക് മറുപടിയില്ലായിരുന്നു. മറ്റൊരു കുഞ്ഞിന്റെ ശസ്ത്രക്രിയയാണ് എന്റെ കുട്ടിയുടെ മേൽ നടത്തിയതെന്നു സംശയിക്കുന്നു’’ – അജിത്കുമാർ പറഞ്ഞു.

സംഭവത്തിൽ പിതാവ് ജിആർഎച്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

‘‘കുട്ടിയുടെ വായിൽ രൂപപ്പെട്ട സിസ്ട് മൂലം ശ്വാസം എടുക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഇതു കഴിഞ്ഞ വർഷം കണ്ടെത്തിയിരുന്നു. അന്ന് നവംബർ രണ്ടിന് ഇതിനു ശസ്ത്രക്രിയ നടത്തിവിട്ടതാണ്. പിന്നീടും കുട്ടിക്കു പ്രശ്നം കണ്ടെത്തുകയും വീണ്ടും ശസ്ത്രക്രിയ നിർദേശിക്കുകയും ആയിരുന്നു. എന്നാൽ ചൊവ്വാഴ്ച ശസ്ത്രക്രിയയുടെ സമയത്താണ് കുട്ടിയുടെ ബ്ലാഡറിന് കുഴപ്പം കണ്ടത്. പിന്നാലെ ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഫിമോസിസ് എന്ന അവസ്ഥയും കണ്ടെത്തി. ഇതേത്തുടർന്നാണ് മറ്റൊരു ശസ്ത്രക്രിയയും അനസ്തീസിയയും ഒഴിവാക്കാനായി രണ്ടും ഒരുമിച്ചു ചെയ്തത്. ശസ്ത്രക്രിയയ്ക്കുശേഷം കുട്ടി സുഖം പ്രാപിച്ചു വരുന്നു. സാധാരണപോലെ ഭക്ഷണം കഴിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യുന്നുണ്ട്’’ – ഡീൻ രത്നവേൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here