ചൈനയില്‍ വീണ്ടും കോവിഡ്‌ തരംഗം

0

ചൈനയില്‍ വീണ്ടും കോവിഡ്‌ തരംഗം. ബുധനാഴ്‌ച മാത്രം രാജ്യത്ത്‌ 31,527 പേര്‍ക്കാണു കോവിഡ്‌ ബാധ സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ ഏപ്രിലില്‍ കോവിഡ്‌ തരംഗമുണ്ടായപ്പോള്‍ പ്രതിദിന കേസുകള്‍ 28,000 മാത്രമായിരുന്നു. ബുധനാഴ്‌ച രോഗം സ്‌ഥിരീകരിച്ചവരില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നാണു റിപ്പോര്‍ട്ട്‌.
രോഗബാധ ഉയരാന്‍ തുടങ്ങിയതോടെ ക്വാറന്റൈന്‍ സംബന്ധിച്ച വ്യവസ്‌ഥകള്‍ വീണ്ടും കര്‍ക്കശമാക്കിയിട്ടുണ്ട്‌. രോഗിയുമായി അടുത്ത സമ്പര്‍ക്കമുള്ളവര്‍ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അഞ്ചു ദിവസവും വീട്ടില്‍ മൂന്നു ദിവസവും ക്വാറന്റൈനില്‍ കഴിയണം. സെക്കന്‍ഡറി കോണ്‍ടാക്‌ടുള്ളവര്‍ മറ്റുള്ളവരെ സന്ദര്‍ശിക്കുന്നതില്‍ വിലക്കുണ്ട്‌.
ഷെങ്‌സൗ നഗരത്തില്‍ ഇന്നു മുതല്‍ ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തും. 60 ലക്ഷമാണ്‌ ഇവിടുത്തെ ജനസംഖ്യ. സീറോ കോവിഡ്‌ നയത്തില്‍ ഇളവ്‌ വരുത്താന്‍ ചൈന തയാറെടുക്കുന്നതിനിടെയാണു വീണ്ടും കേസുകള്‍ കുത്തനെ ഉയര്‍ന്നത്‌. മുതിര്‍ന്ന പൗരന്മാര്‍ക്കു കൂടുതല്‍ കരുതല്‍ നല്‍കാന്‍ പ്രസിഡന്റ്‌ ഷി ചിന്‍പിങ്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
കോവിഡിനെ തുടര്‍ന്നുള്ള തകര്‍ച്ചയില്‍നിന്നു കരകയറിവന്ന ചൈനീസ്‌ സമ്പദ്‌ഘടനയ്‌ക്കും പുതിയ സാഹചര്യം തിരിച്ചടിയായി. ഓഹരിവിപണികളില്‍ കനത്ത ഇടിവുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here