വടക്കാഞ്ചേരി അപകടം: ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0

കൊച്ചി: വടക്കഞ്ചേരിയിൽ ഇന്നലെ നടന്ന ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഇന്ന് ഉച്ചക്ക് 1.45ന് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. അപകടത്തിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് വിശദീകരണം നൽകാനാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ ഹാജരാകുന്നത്.

ഡി.ജെ ലൈറ്റ് അടക്കമുള്ള സംവിധാനങ്ങൾ കോടതി നിരോധിച്ചിട്ടും അപകടത്തിൽപ്പെട്ട ബസിൽ ഇതെല്ലാം ഉണ്ടായിരുന്നുവെന്നും ആരാണ് ബസിന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും കോടതി ചോദിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് അപകടത്തിൽ സ്വമേധയാ കേസെടുത്തത്. വടക്കഞ്ചേരി അപകടം സംബന്ധിച്ച് പൊലീസിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു.

ഉച്ചക്ക് ശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ച് വീണ്ടും ഇതേ വിഷയം പരിഗണിച്ചു. ഡ്രൈവർമാർ കാണിക്കുന്ന കൂസലില്ലായ്മ തുടരാൻ അനുവദിച്ചാൽ റോഡുകൾ കൊലക്കളമാകുമെന്ന് കോടതി പറഞ്ഞു. റോഡുകൾ ഡ്രൈവർമാർ ഇഷ്ടംപോലെ ഉപയോഗിക്കുകയാണ്. ഇരുചക്ര വാഹനമോടിക്കുന്നവർ ഉൾപ്പെടെ നിയമം പാലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഒരു വാഹനത്തിലും ഫ്‌ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ല. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here