സമരത്തിൻ്റെ പബ്ലിസിറ്റി കുറഞ്ഞു; വിഴിഞ്ഞത്ത് അക്രമം നടന്നത് വർത്തയാക്കുകയെന്ന ലക്ഷ്യത്തോടെ; തെറിവിളിയുമായി മുന്നിൽ നിന്നത് വെെദികരും; പോലീസ് വിലയിരുത്തൽ ഇങ്ങനെ

0

തിരുവനന്തപുരം: ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലെ സംഭവങ്ങളാണ് ഇന്നലെ വിഴിഞ്ഞം സമരത്തിൽ അരങ്ങേറിയത്. തുറമുഖത്തിന് എതിരായി നടന്നിരുന്ന പ്രതിഷേധം നൂറാം ദിവസം അക്രമങ്ങളിലേക്ക് വഴിമാറിയത് ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെയാണെന്ന് പൊലീസ് വിലയിരുത്തൽ. കഴിഞ്ഞ കുറച്ച് നാളുകളായി സമരത്തിൻ്റെ പബ്ലിസിറ്റി കുറഞ്ഞതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിക്കാനുള്ള നാടകമായിരുന്നു ഇതെന്നാണ് പോലീസ് പറയുന്നത്. മാധ്യമ പ്രവർത്തകർക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് വിഴിഞ്ഞത്ത് നടന്നത്. മാധ്യമപ്രവർത്തകരെ ആക്രമിച്ചാൽ സമരം വാർത്തയാകുമെന്ന നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ കരുതിക്കൂട്ടിയുള്ള അക്രമണമാണ് മാധ്യമപ്രവർത്തകർക്കും പൊലീസിനും നേരെയുണ്ടായതെന്നും കരുതപ്പെടുന്നു.

മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് സമരക്കാരുടെ മർദ്ദനമേറ്റിരുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തരെ ഒരു പ്രകോപനവുമില്ലാതെയാണ് സമരക്കാർ ആക്രമിച്ചത്. തങ്ങളുടെ പ്രതിഷേധത്തിന്റെ വീഡിയോ ചിത്രീകരിക്കാൻ പാടില്ലെന്നു പറഞ്ഞുകൊണ്ടായിരുന്നു അക്രമം. എന്നാൽ ആക്രമിക്കുന്ന വീഡിയോ ചിത്രീകരിക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് പ്രതിഷേധക്കാർ പെരുമാറിയതെന്നുള്ളതാണ് വസ്തുത. സ്ത്രീകൾ അടക്കമുള്ളവർ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ രംഗത്തുണ്ടായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, മീഡിയവൺ അടക്കമുള്ള മാധ്യമങ്ങൾക്കു നേരെയായിരുന്നു ആക്രമണം നടന്നത്.

അക്രമങ്ങൾക്കു നേതൃത്വം നൽകിയത് വെെദികർ ഉൾപ്പെടെയുള്ളവരായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യണമെന്ന ലക്ഷ്യത്തോടെ തന്നെ ആണ് വിഴിഞ്ഞത്ത് ലത്തീൻ അതിരൂപത ആക്രമണം അഴിച്ചു വിട്ടതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടാൽ മാത്രമേ വഴിഞ്ഞം സമരത്തിന് മാധ്യമങ്ങളിൽ പ്രാധാന്യം ലഭിക്കുകയുള്ളു എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലായിരുന്നു അപ്രതീക്ഷിതമായ ആക്രമണം നടന്നത്. സമരത്തിൻ്റെ പേരിൽ കാണിക്കുന്ന അക്രമം ചിത്രീകരിക്കാൻ ആര് ശ്രമിച്ചാലും അവരെ ആക്രമിക്കുന്ന രീതി ആയിരുന്നു നടന്നത്. ഇതിനായി സ്ത്രീകളെ ആണ് കൂടുതലായി രംഗത്ത് ഇറക്കിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ വെെദികർ വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ അശ്ലീല പ്രയോഗങ്ങൾ നടത്തിയെന്ന ആരോപണവും ഉയരുന്നുണ്ട്.

വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ നടത്തുന്ന സമരം അക്രമാസക്തമായതിൽ ഖേദം പ്രകടിപ്പിച്ച് ലത്തീൻ സഭ. മാധ്യമ പ്രവർത്തകർക്കെതിരായ അതിക്രമം ഖേദകരമെന്ന് ലത്തീൻ സഭ അറിയിച്ചു. ഫാദർ യൂജിൻ പെരേരയാണ് ഖേദം പ്രകടിപ്പിച്ചെത്തിയത്. പോലീസ് ഉദ്യോഗസ്ഥനെന്ന് നടിച്ച് സ്ത്രീകളുടെ ഫോട്ടോ എടുത്തതാണ് പ്രകോപനത്തിനിടയാക്കിയത്. സംഘര്‍ഷത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതിജീവന സമരത്തിന് വലിയ പിന്തുണ നല്‍കിയവരാണ് മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായ പ്രയാസത്തില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നും ഫാ യൂജിന്‍ പെരേര വ്യക്തമാക്കി. മീഡിയവൺ കാമറ സമരക്കാർ നശിപ്പിച്ചു. പൊലീസിന്റെ ബാരിക്കേഡുകൾ സമരക്കാർ കടലിലെറിഞ്ഞു. വിഴിഞ്ഞം തുറമുഖ സമരത്തിൽ മാധ്യമപ്രവർത്തകർക്കെതിരെ നടന്ന അതിക്രമത്തിൽ കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമരം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവർത്തകരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചാനൽ കാമറകൾ തകർക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിക്കുന്നതായി കെ.യു.ഡബ്ല്യു.ജെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പ്രതികരിച്ചു. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസും സെക്രട്ടറി അനുപമ ജി. നായരും ആവശ്യപ്പെട്ടു.

പദ്ധതിപ്രദേശത്ത് നൂറുകണക്കിന് സമരക്കാരാണ് ഇരച്ചുകയറിയത്. വിഴിഞ്ഞം തുറമുഖം വളഞ്ഞ് കടലിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. പുതുകുറിച്ചി, അഞ്ചുതെങ്ങി ഫെറോനകളുടെ നേതൃത്വത്തിൽ വള്ളങ്ങളിൽ പ്രതിഷേധക്കാർ മുതലപ്പൊഴിയിൽനിന്ന് വിഴിഞ്ഞത്ത് എത്തിയാണ് തുറമുഖം വളഞ്ഞത്. സമാധാനപരമായി മാത്രമേ സമരം ചെയ്യാവൂ എന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് പദ്ധതി പ്രദേശത്തേക്ക് ഇന്ന് സമരക്കാർ ഇരച്ചുകയറിയത്. തുറമുഖ നിർമാണം നിർത്തിവെക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽ ഒന്നിൽ പോലും പിന്നോട്ടില്ലെന്ന ഉറച്ച സൂചനയാണ് ലത്തീൻ അതിരൂപത നൽകുന്നത്.

ഇതിനിടെ വെെദികരുടെ നേതൃത്വത്തിൽ നടക്കുന്ന വഴിഞ്ഞം സമരത്തിനെതിരെ നാട്ടുകാരുടെ ജനകീയ സമിതി സമരം ശക്തിയാർജ്ജിക്കുകയാണ്. ജനകീയ സമരത്തിൻ്റെ വാർത്തകൾ മാധ്യമങ്ങൾ വാർത്ത നൽകുന്നതാണ് സമരക്കാരെ പ്രകോപിപ്പിച്ചതെന്നാണ് സൂചനകൾ. അക്രമത്തിനു പിന്നിലെ ഗൂഡാലോചനയെ കുറിച്ച് പോലീസ് അന്വേഷണം നടത്തി പ്രതികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ജനകീയ സമരവേദി ഉയർത്തുന്ന ആവശ്യം. വഴിഞ്ഞം സമരം ആരംഭിച്ചിട്ട് 100 ദിവസം തികയുന്ന ദിവസം കരയിലും കടലിലും ഒരേ സമയത്താണ് സമരം സംഘടിപ്പിച്ചത്. ഈ സമരമാണ് അക്രമങ്ങളിലേക്ക് വഴിമാറിയതും. മുല്ലൂർ കവാടം, വിഴിഞ്ഞം കവാടം, മുതലപ്പൊഴി എന്നിവിടങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുല്ലൂരിലെ പ്രധാന കവാടത്തിൻ്റെ പൂട്ട് തകർത്ത സമരക്കാർ പദ്ധതി പ്രദേശത്തേയ്ക്ക് കടക്കുകയായിരുന്നു. സമരത്തിൽ അക്രമം നടക്കണമെന്ന തീരുമാനം പ്രതിഷേധക്കാർ നേരത്തെ കെെക്കൊണ്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന സൂചനകളാണ് രാവിലെ കാണാൻ കഴിഞ്ഞത്. രാവിലെ 8.30 മുതൽ ഒരോ ഇടവകകളിൽ നിന്നും ബൈക്കുകളിലും ഒട്ടോകളിലുമാണ് പ്രതിഷേധക്കാർ മുല്ലൂരിലെ സമരപന്തലിലെത്തിയത്.

ഏഴ് ആവശ്യങ്ങൾ ഉന്നയിച്ചാണ് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി ജൂലായ് 30 മുതൽ സമരം ചെയ്യുന്നത്. തുറമുഖ നിർമ്മാണം നിർത്തിവച്ച് തീരശോഷണത്തെക്കുറിച്ച് പഠിക്കണമെന്ന ആവശ്യമൊഴികെ മറ്റ് ആറ് ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. അതേസമയം പഠനം നടത്തണമെന്ന ആവശ്യം ശക്തമാക്കുകയാണ് പ്രതിഷേധക്കാർ. ഇതിൻ്റെ ഭാഗമായി സമരം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടതും.

LEAVE A REPLY

Please enter your comment!
Please enter your name here