പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി മരുന്നു നൽകി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ റിപ്പോർട്ട്

0

ഒറ്റപ്പാലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരി മരുന്നു നൽകി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിൽ ജില്ലാ ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) അധ്യക്ഷനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിന്റെ റിപ്പോർട്ട്. പാലക്കാട് സിഡബ്ല്യുസി അധ്യക്ഷൻ മാധ്യമങ്ങളോടു വെളിപ്പെടുത്തിയ വിവരങ്ങൾ കേസിനെ ബാധിക്കുമെന്ന് ഒറ്റപ്പാലം പൊലീസ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

ബോധപൂർവമോ നാക്കുപിഴ കൊണ്ടോ ശിശുക്ഷേമ സമിതി അധ്യക്ഷൻ വെളിപ്പെടുത്തിയ വിവരങ്ങൾ പ്രതികൾക്കു തെളിവു നശിപ്പിക്കാനും രക്ഷപ്പെടാനും സാധ്യതയൊരുക്കും. വെളിപ്പെടുത്തിയ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. പോക്‌സോ നിയമത്തിനു വിരുദ്ധമായി വെളിപ്പെടുത്തിയ വിവരങ്ങൾ അതിജീവിതയെ ഭാഗികമായി തിരിച്ചറിയാനും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനും വഴിയൊരുക്കുന്നതാണെന്ന് ഒറ്റപ്പാലം പൊലീസ് ഇൻസ്‌പെക്ടർ എം.സുജിത്ത് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും ലഹരി മാഫിയ കുട്ടികളെ വേട്ടയാടുന്നതിനെക്കുറിച്ചുള്ള ആകുലതയാണു പറഞ്ഞതെന്നുമാണു ശിശുക്ഷേമ സമിതി അധ്യക്ഷൻ കെ.വി.മോഹനന്റെ പ്രതികരണം.വീട്ടിൽനിന്നു കാണാതായ പതിനേഴുകാരി ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ 4 ജില്ലകളിലായി പീഡിപ്പിക്കപ്പെട്ടെന്നാണു പ്രാഥമികവിവരം. ബന്ധുക്കളുടെ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ ഓഗസ്റ്റിലാണു പെൺകുട്ടിയെ കണ്ടെത്തിയത്. ഇതിനു ശേഷം ശിശുക്ഷേമ സമിതിക്കു കൈമാറി. കൗൺസലിങ്ങും മറ്റും പൂർത്തിയാക്കിയ ശേഷമാണു പൊലീസ് കഴിഞ്ഞ ദിവസം വിശദമായ മൊഴിയെടുത്തത്. അതിനു മുൻപായിരുന്നു പരാതി സംബന്ധിച്ചു സിഡബ്ല്യുസി അധ്യക്ഷന്റെ പ്രതികരണങ്ങൾ.

അതിജീവിതയുടെ മൊഴിപ്രകാരം 21 പേർക്കെതിരെ കേസെടുത്തു. ഇവരിൽ എഴു പേർ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചവരെന്ന് ആരോപിക്കപ്പെട്ടവരാണ്. എംഡിഎംഎയും കഞ്ചാവും മദ്യവും ഉൾപ്പെടെയുള്ള ലഹരികൾക്കു കീഴ്‌പ്പെടുത്തി പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം 14 പോക്‌സോ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here