സുസ്മിത സെന്നിനൊപ്പം റാമ്പിൽ തിളങ്ങിയ മോഡൽ; പിന്നീട് ജീവിച്ചത് തെരുവിൽ ഭിക്ഷയെടുത്തും ശരീരം വിറ്റും; ഗീതാഞ്ജലിയുടെ ജീവിതം തകർത്തതും ലഹരി മാഫിയ

0

ഇന്ത്യ ആകെയും കേരളം പ്രത്യേകിച്ചും ലഹരി മാഫിയയുടെ പിടിയിലാണ്. നമ്മുടെ സ്കൂൾ കുട്ടികളെ പോലും ലഹരി മാഫിയ ലക്ഷ്യമിടുന്നു. കോടികളുടെ മയക്കുമരുന്നുകളാണ് വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ, ലഹരി തകർത്ത ഒരു ജീവിത കഥ പറയുകയാണ്‌ രജിത്‌ ലീല രവീന്ദ്രൻ എന്ന കോളേജ്‌ അധ്യാപകൻ. പ്രശസ്ത മോഡലും നേവി ഓഫീസറുടെ മകളുമായ ഗീതാഞ്ജലിയുടെ ജീവിതത്തെ കുറിച്ചാണ് രജിതിന്റെ കുറിപ്പ്.

രജിതിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ വായിക്കാം.

നേവി ഓഫീസറുടെ മകളും,ഡൽഹിയിലെ അതിപ്രശസ്തമായ ലേഡി ശ്രീറാം കോളേജിലെ വിദ്യാർഥിനിയും 1990 കളിൽ സുഷ്മിത സെൻ ഉൾപ്പെടെയുള്ള ടോപ് മോഡലുകൾക്കൊപ്പം റാമ്പിൽ ഫാഷൻ മോഡലിങ് നടത്തിയ ഗീതാഞ്ജലി നാഗ്പാലിനെ 2007 ൽ പത്രപ്രവർത്തകർ കാണുന്നത് ഡൽഹിയിലെ ഹോസ് ഖസ് പരിസരത്താണ്.

എന്നാൽ അവരന്നു കണ്ട ഗീതാഞ്ജലി ഭിക്ഷയെടുത്തായിരുന്നു ജീവിച്ചിരുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമുള്ള പണം താൻ കണ്ടെത്തിയിരുന്നത് തന്റെ ശരീരം ആവശ്യമുള്ളവർക്ക് നൽകിയായിരുന്നെന്ന് അവർ പറയുന്നുണ്ട്. അവരുടെ ശരീരം മുഴുവൻ വ്രണങ്ങളുടെയും, മുറിവുകളുടെയും, പൊള്ളലുകളുടെയും പാടുകളായിരുന്നു. ’ഔട്ടർ സ്പേസിൽ’ എനിക്കൊരു ഹോട്ടൽ ഉണ്ട് എന്നവർ സ്ഥിരമായി പറഞ്ഞുകൊണ്ടിരുന്നു.

സന്നദ്ധ സംഘടനകളും, ഫൌണ്ടേഷനുകളും ഗീതാഞ്ജലിയെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികൾ എടുത്തു. മധുർ ഭണ്ടാർക്കാരുടെ ഫാഷൻ സിനിമയിലെ കങ്കണയുടെ കഥാപാത്രം ഗീതാഞ്ജലിയെ മാതൃകയാക്കിയിട്ടുള്ളതാണെന്ന് പറയുന്നവരുണ്ട്. ഇപ്പോഴൊന്നും അവരെക്കുറിച്ച് അറിയുന്നില്ല. അവസാനം അവരെ കുറിച്ച് കേൾക്കുമ്പോൾ പുറം ലോകത്തോട് സംസാരിക്കാൻ തയ്യാറാകാതെ അവർ അമ്മയോടൊപ്പം ഹരിദ്വാറിൽ താമസിക്കുകയായിരുന്നു.

ഗീതഞ്‌ജലിയെ പോലെ മയക്കുമരുന്നുകൾ ഇല്ലാതാക്കിയ ജീവിതം ഒരുപാടുണ്ട്. ഒരു തിരിച്ചുവരവ് സാധ്യമാകാത്ത വിധത്തിലുള്ള പതനത്തിലേക്കാണ് മയക്കുമരുന്നുകൾ കൊണ്ടുപോകുന്നത്. കഴിവും, സാധ്യതകളുമുണ്ടായിട്ടും സ്വന്തം ജീവിതം കുപ്പത്തൊട്ടിയിലേക്ക് പോകേണ്ടി വരുന്നത് പകുതി ബോധത്തോടെ കാണേണ്ടി വരുന്ന ഗീതാഞ്ജലിയെപ്പോലുള്ളവർ പുതിയ തലമുറയ്ക്ക് ഒരു പാഠ പുസ്തകമാകേണ്ടതുണ്ട്. സ്റ്റേ എവേ ഫ്രം ഡ്രഗ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here