വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സർക്കാർ നൽകണമെന്നുമാവശ്യപ്പെട്ടു തുറമുഖ വകുപ്പിന് അദാനി പോർട്സിന്റെ കത്ത്

0

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരം മൂലം 78.70 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ഇതു സർക്കാർ നൽകണമെന്നുമാവശ്യപ്പെട്ടു തുറമുഖ വകുപ്പിന് അദാനി പോർട്സിന്റെ കത്ത്. അതേസമയം, ലത്തീൻ അതിരൂപതയുടെ സമരം മൂലമാണു നിർമാണം തടസ്സപ്പെട്ടതെന്നും നഷ്ടം അവരിൽനിന്നു നികത്തണമെന്നും വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡ് (വിസിൽ) സർക്കാരിനെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളുടെ സമരം മൂലം പൊതുമുതലിനു നഷ്ടം സംഭവിച്ചാൽ അതു പാർട്ടികളിൽ നിന്ന് ഈടാക്കാൻ കോടതിവിധികളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു വിസിൽ സർക്കാരിനെ സമീപിച്ചത്.

സമരം ആരംഭിച്ച ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയുള്ള നഷ്ടത്തിന്റെ പ്രാഥമിക കണക്കാണ് അദാനി കമ്പനി തുറമുഖ സെക്രട്ടറിക്കു കൈമാറിയത്. വാടകയ്ക്കെടുത്ത യന്ത്രങ്ങൾ ഉപയോഗിക്കാതിരുന്നതിനാൽ 57 കോടി രൂപയും ജോലി ചെയ്യാതെ തൊഴിലാളികൾക്കു ശമ്പളം കൊടുത്തതിനാൽ 2 കോടി രൂപയും നഷ്ടമുണ്ടായി. പലിശയിനത്തിൽ 19.23 കോടി രൂപയും നഷ്ടം വന്നു. സമരക്കാർ വരുത്തിയ നാശനഷ്ടം 42 ലക്ഷം രൂപയും വൈദ്യുതി ചാർജ് 5 ലക്ഷം രൂപയുമാണ്.

നിർമാണത്തിനു ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. ഈ നഷ്ടം സർക്കാർ നൽകണമെന്നാണു കത്തിലെ ആവശ്യം. എന്നാൽ നഷ്ടം സംഭവിച്ചതിന്റെ അടിസ്ഥാന കാരണം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരമാണെന്ന് ഈ കത്തിനു സർക്കാരിനു നൽകിയ വിശദീകരണത്തിൽ വിസിൽ വാദിക്കുന്നു.

സമരത്തിന്റെ പേരിൽ 6 മാസം കൂടി നിർമാണ കാലാവധി നീട്ടാൻ കമ്പനി ശ്രമിക്കുന്നതിനൊപ്പമാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടു സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. സമരത്തിന്റെ ആഘാതം ആറു മാസത്തെ നിർമാണത്തെ ബാധിക്കുമെന്നാണു കമ്പനിയുടെ വാദം. കരാർ പ്രകാരം ഒന്നാംഘട്ടം പൂർത്തിയാക്കേണ്ട കാലാവധി 2019 ഡിസംബറിൽ പിന്നിട്ടതാണെങ്കിലും മൂന്നാം തവണയാണു കമ്പനി സമയം നീട്ടിച്ചോദിക്കുന്നത്. 2018ലെ ഓഖി ചുഴലിക്കാറ്റിന്റെ പേരിൽ 16 മാസം നീട്ടി ചോദിച്ചെങ്കിലും അനുവദിച്ചില്ല.

കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി സമയം ആവശ്യപ്പെട്ടപ്പോൾ 34 ദിവസം മാത്രമാണ് അധികമായി നൽകിയത്. 3100 മീറ്റർ പുലിമുട്ടിൽ 2500 മീറ്റർ ആദ്യഘട്ടമായി 2019 ഡിസംബർ 3ന് അകം പൂർത്തിയാകേണ്ടതാണ്. ഇതു പാലിക്കാത്തതിനെതിരെ സർക്കാർ കമ്പനിക്കു നോട്ടിസ് നൽകിയപ്പോഴാണ്, ഓഖിയും കോവിഡും ഉന്നയിച്ചു കമ്പനി ട്രൈബ്യൂണലിനെ സമീപിച്ചത്.

2019 ഡിസംബർ 3ന് അകം ആദ്യഘട്ടം പൂർത്തിയായില്ലെങ്കിൽ ആദ്യം 3 മാസവും, പിന്നീട് പിഴയോടു കൂടി 6 മാസവും നീട്ടിക്കൊടുക്കാമെന്നാണു കരാറിലെ വ്യവസ്ഥ. ദിവസം 12 ലക്ഷം രൂപ വച്ചാണ് ആറു മാസത്തേക്കു കമ്പനി പിഴയായി നൽകേണ്ടിയിരുന്നത്. 21.6 കോടി രൂപ ഈയിനത്തിൽ സർക്കാരിനു നൽകാനുള്ളപ്പോഴാണു സമരത്തിന്റെ പേരിൽ ഇതിന്റെ നാലിരട്ടിയോളം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here