സിങ് നാട്ടുകാര്‍ക്ക് മുന്നില്‍ മാന്യന്‍, കുട്ടികളുടെ ഐ.ക്യു. വര്‍ധിപ്പിക്കാനുള്ള ക്ലാസുകളും, മോട്ടിവേഷന്‍ ക്ലാസുകളും; ആരും ഒരു പരാതിയും പറയാത്ത ​വൈദ്യന്‍

0

കോഴഞ്ചേരി: കാടിനാല്‍ ചുറ്റപ്പെട്ട വളപ്പിനു നടുവില്‍ പഴയ തറവാട്. ഒപ്പം ആയുര്‍വേദ വൈദ്യാലയവും തിരുമ്മുകേന്ദ്രവും. ദുരൂഹത നിറഞ്ഞ മേഖലയില്‍ ആള്‍താമസം നന്നേകുറവ്. ഇലന്തൂര്‍-തരിയന്‍ നഗറില്‍ ആഞ്ഞിലിമൂട്ടില്‍ കടകംപള്ളിയില്‍ ഭഗവല്‍ സിങ്ങിന്റെ ജീവിതത്തെപ്പറ്റി അധികമാര്‍ക്കും അറിയില്ലെങ്കിലും നാട്ടുകാര്‍ക്ക് മുന്നില്‍ അടിമുടി മാന്യന്‍.

കൊട്ടാരം വൈദ്യന്മാര്‍ എന്ന വിശേഷണമുള്ള തറവാട്ടിലെ ഇളംമുറക്കാരനായ ഭഗവല്‍ സിങ് തികഞ്ഞ മിതഭാഷി. മാന്യമായ പെരുമാറ്റം. മുമ്പ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഇപ്പോള്‍ ലോക്കല്‍ കമ്മിറ്റി അംഗവും കര്‍ഷക സംഘം പ്രവര്‍ത്തകനുമാണ്. ഒപ്പം ആയുര്‍വേദ െവെദ്യന്റെ പരിവേഷവും.
നാട്ടില്‍ ആരോട് ചോദിച്ചാലും ഭഗവല്‍ സിങ്ങിന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുതരും. ഇലന്തൂര്‍ ചന്തയില്‍നിന്നു പുന്നയ്ക്കാട്ടേക്കുള്ള റോഡില്‍ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മാര്‍ത്തോമ പള്ളിയായി. അവിടെനിന്നു വലത്തോട്ട് യാത്രചെയ്താല്‍ തരിയന്‍ നഗറിലെത്താം. അര കിലോ മീറ്റര്‍ കഴിഞ്ഞാല്‍ വലതുഭാഗത്ത് നൂറു മീറ്റര്‍ മാറി കാടിനാല്‍ ചുറ്റപ്പെട്ട ആഞ്ഞിലിമൂട്ടില്‍ കടകംപള്ളി വീട് കാണാം. ആദ്യം നടന്നെത്തുന്നത് ആയുര്‍വേദ ചികിത്സയുടെ ഭാഗമായ തിരുമ്മുകേന്ദ്രത്തിലേക്ക്. അത് പിന്നിട്ടാല്‍ വീടായി. ദിവസവും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടി ആളുകള്‍ ഇവിടെ എത്താറുണ്ട്. തിരുമ്മു ചികിത്സയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ആരും ഒരു പരാതിയും ഭഗവല്‍ സിങ് എന്ന വൈദ്യനെപ്പറ്റി പറഞ്ഞിട്ടില്ല.

ആയുര്‍വേദ ഔഷധത്തോട്ടം നടത്തുന്നതിന് ഇദ്ദേഹത്തിന് പഞ്ചായത്തില്‍നിന്നു സഹായം ലഭിച്ചിരുന്നു. വീടിന് ചുറ്റും ഔഷധച്ചെടികള്‍ തഴച്ചു വളര്‍ന്നു നില്‍പ്പുണ്ട്. ഇതിനൊപ്പം കാടും പടര്‍ന്ന് പന്തലിച്ചു. അതോടെ കടകംപള്ളി വീടിന് ചുറ്റും ദുരൂഹതയും വര്‍ധിച്ചു. ആയുര്‍വേദ സസ്യകൃഷി പുഷ്ടിപ്പെട്ടതോടെ ഫെയ്‌സ്ബുക്ക് പേജ് ഇതിനായി ആരംഭിച്ചു. രോഗികള്‍ക്ക് സംശയം ഫെയ്‌സ് ബുക്കിലൂടെ ആരായാം. കൃത്യമായ മറുപടി ലഭിക്കും. പഞ്ചായത്തിന്റെ ധനസഹായത്തോടെയാണ് തിരുമ്മുകേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇടയ്ക്കു കുട്ടികളില്‍ ഐ.ക്യു. വര്‍ധിപ്പിക്കാനുള്ള ക്ലാസുകള്‍ ഭഗവത് സിങ് നടത്താറുണ്ട്. മോട്ടിവേഷന്‍ ക്ലാസുകളാണ് മറ്റൊന്ന്. ആയുര്‍വേദ മരുന്നുകളുടെ വില്‍പ്പനയ്ക്കായി ഔട്ട്‌ലെറ്റ് തുടങ്ങാനും പഞ്ചായത്ത് ഇദ്ദേഹത്തെ സാഹയിച്ചു.
നരബലി നടത്തിയെന്ന് ആരോപിച്ച് പോലീസ് ഭഗവല്‍ സിങ്ങിനെയും ഭാര്യ െലെലയെയും അറസ്റ്റ് ചെയ്‌തെന്നുള്ള വാര്‍ത്ത നാട്ടുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

LEAVE A REPLY

Please enter your comment!
Please enter your name here