പുറത്തായത് സന്ദീപ് വാര്യര്‍; ‘പൊങ്കാല’ സുരേന്ദ്രന്, ബി.ജെ.പിയില്‍ സൈബര്‍ പോര്

0

തൃശൂര്‍: സന്ദീപ് വാര്യരെ ബി.ജെ.പിയുടെ വക്താവ് സ്ഥാനത്തുനിന്നു നീക്കിയതിനു പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനു സോഷ്യല്‍ മീഡിയയില്‍ അണികളുടെ ”പൊങ്കാല”.
സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് അണികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയത്. വക്താവെന്ന നിലയില്‍ സംഘടനയ്ക്കു കാഴ്ചപ്പാടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണു സന്ദീപ് വാര്യരെ നീക്കിയതെന്നുമായിരുന്നു സുരേന്ദ്രന്‍ കോട്ടയത്തു വ്യക്തമാക്കിയത്. ഇതു സംബന്ധിച്ച വീഡിയോയ്ക്കു താഴെയാണു അണികള്‍ പ്രതിഷേധമറിയിച്ചത്.
സെന്‍കുമാര്‍, ശോഭാ സുരേന്ദ്രന്‍, സന്ദീപ് വാചസ്പതി, പി.ആര്‍. ശിവശങ്കര്‍, ജേക്കബ് തോമസ് എന്നിവരെയെല്ലാം ഒതുക്കിയതിനു പിന്നില്‍ സുരേന്ദ്രനാണെന്നും ചിലര്‍ ആരോപിക്കുന്നു. സന്ദീപ് വാര്യരെ പുറത്താക്കുമ്പോള്‍ കുറഞ്ഞപക്ഷം അണികളെയെങ്കിലും കാരണം ബോധ്യപ്പെടുത്തണമെന്നാണു ചിലരുടെ ആവശ്യം. ”പത്രസമ്മേളനം കൊണ്ടു പാര്‍ട്ടി വളരില്ല, സ്വന്തം ബൂത്തിലെങ്കിലും പോയി പ്രവര്‍ത്തിക്കൂ…” എന്ന് ആഹ്വാനം ചെയ്യുന്നവരുമുണ്ട്. സുരേന്ദ്രന്‍ പ്രസിഡന്റായതിനുശേഷം ആകെയുണ്ടായിരുന്ന നിയമസഭാ സീറ്റ് നഷ്ടമായെന്നും സി.കെ. ജാനുവിന് പണം കൊടുത്തതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടും എന്തുകൊണ്ടാണു രാജിവയ്ക്കാത്തതെന്നും ചിലര്‍ ചോദിക്കുന്നു.
നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ ജാംനഗറിലെ പരിപാടിയുടെ വീഡിയോ സുരേന്ദ്രന്‍ ഷെയര്‍ ചെയ്തതിനു കീഴിലും പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി എത്തി. പ്രതികരണവുമായി എത്തിയവരില്‍ ഏറെയും ബി.ജെ.പി. അനുഭാവികള്‍തന്നെയാണെന്ന സൂചനയാണ് ഇവരുടെ മുന്‍കാല ഫെയ്‌സ്ബുക്ക് പോസ്റ്റുകളും നല്‍കുന്നത്.
പട്ടാമ്പി കൊപ്പത്ത് മൊെബെല്‍ ടവര്‍ ഉദ്ഘാടനം ചെയ്തതിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പില്‍, അഴിമതിയുടെ പേരില്‍ വക്താവ് സ്ഥാനത്തുനിന്നു നീക്കിയതിനെതിരേ സന്ദീപ് വാര്യര്‍ പരിഹാസവുമായി എത്തി. ”സന്ദീപ് വാര്യര്‍ക്ക് മുകേഷ് അംബാനിയുമായി ബന്ധം, 80 ലക്ഷത്തിന്റെ അനധികൃത ടവര്‍ കൊണ്ടുവന്നു” എന്ന വാര്‍ത്തയ്ക്കു സാധ്യതയുണ്ടെന്നായിരുന്നു കുറിപ്പ്. ഇതിനുള്ള പ്രതികരണമെന്ന നിലയിലും നൂറുകണക്കിനു പ്രവര്‍ത്തകര്‍ പിന്തുണയറിയിച്ചു രംഗത്തെത്തി.
വക്താവു സ്ഥാനത്തുനിന്ന് നീക്കം ചെയ്യാനുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും തൃശൂരിലെ വ്യവസായിയില്‍നിന്ന് 20 ലക്ഷം ആവശ്യപ്പെട്ടെന്നും ഇതില്‍ അഞ്ചുലക്ഷം െകെപ്പറ്റിയെന്നുമുള്ള ആരോപണമാണെന്നു സൂചനയുണ്ട്.
ഒരു സ്ത്രീയുടെ പരാതിയും വിദേശത്തു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തെന്ന ആരോപണങ്ങളും സന്ദീപിനെതിരേ ഉയര്‍ന്നിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here