കൊലപാതകത്തിന് ഇടയാക്കുന്ന കാരണങ്ങളിൽ പ്രണയത്തിന് മൂന്നാം സ്ഥാനം; കഴിഞ്ഞ അഞ്ചു വർഷത്തിനിടെ പ്രണയപ്പകയിൽ പൊലിഞ്ഞത് പതിമൂന്നു ജീവനുകൾ; ആയുധമാക്കുന്നത് കത്തി മുതൽ ആസിഡും തീയും വരെ;

0

തിരുവനന്തപുരം: പ്രണയപ്പകയിൽ കേരളത്തിൽ തന്നെ നിരവധി ജീവനുകളാണ് പൊലിയുന്നത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറിയാലോ പ്രണയം സ്വീകരിക്കാതെ വന്നാലോ ഇപ്പോൾ കൊല്ലുക എന്ന മനസാണ് പലർക്കും. 2017 മുതൽ 2022 വരെ സംസ്ഥാനത്ത് പ്രണയപ്പകയിൽ പൊലിഞ്ഞത് 13 ജീവനുകളാണ്. കേരളത്തിൽ മാത്രമല്ല പ്രണയപ്പക മൂലമുള്ള കൊലപാതകങ്ങൾ വർദ്ധിച്ചു വരുന്നത്. പഠനങ്ങൾ പ്രകാരം രാജ്യത്തുകൊലപാതകത്തിന് ഇടയാക്കുന്ന കാരണങ്ങളിൽ പ്രണയത്തിന് മൂന്നാം സ്ഥാനമാണുള്ളത്.

കേരളത്തിൽ പ്രണയപ്പക മൂലമുള്ള കൊലപാതകങ്ങളുടെ തുടക്കമെന്ന് സൂചപ്പിക്കാവുന്ന ആദ്യ സംഭവം നടന്നത് 2013 നവംബർ 23 നായിരുന്നു. മിമിക്രി കലാകാരൻ ചങ്ങനാശേരി മുങ്ങോട്ട് പുതുപ്പറമ്പിൽ ലെനീഷാണ് അന്ന് കൊല്ലപ്പെട്ടത്. പാമ്പാടി കുന്നേൽപാലത്തിനു സമീപം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രണയബന്ധത്തിൽ നിന്നു ലെനീഷ് പിന്മാറിയതിലുള്ള വൈരാഗ്യമാണു കൊലപാതകത്തിനു കാരണമെന്നു കണ്ടെത്തി. സംഭവത്തിൽ കാമുകിയായ ശ്രീകലയായിരുന്നു പ്രതി.

2017 ഫെബ്രുവരി ഒന്നിന് ആർപ്പൂക്കര സ്‌കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ ഫിസിയോതെറപ്പി വിദ്യാർത്ഥി ലക്ഷ്മിയെ പെട്രോളൊഴിച്ച് തീകൊളുത്തിക്കൊന്നതിന് പിന്നിലെ കാരണം പ്രണയം നിരസിച്ചതായിരുന്നു. ആദർശ് എന്ന സീനിയർ വിദ്യാർത്ഥിയായിരുന്നു പ്രതി. പൊള്ളലേറ്റ രണ്ടു പേരും മരിച്ചു. പ്രണയാഭ്യർഥന നിരസിച്ചിട്ടും ശല്യപ്പെടുത്തുന്നതായി ഹരിപ്പാട് സ്വദേശിനിയായ ലക്ഷ്മി പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പകയിലാണ് ഫിസിയോ തെറാപ്പി ക്ലാസിലേക്കു വന്ന എസ് എം ഇയിലെ മുൻ വിദ്യാർത്ഥികൂടിയായ ആദർശ് പെട്രോൾ ഒഴിച്ചു ലക്ഷ്മിയെ തീകൊളുത്തിയത്. സമീപത്തുണ്ടായിരുന്ന രണ്ടു വിദ്യാർത്ഥികൾക്കും പൊള്ളലേറ്റു. പിന്നീട് ഇതൊരു പരമ്പരയായി മാറുകയായിരുന്നു.

2017 ഒക്ടോബറിൽ ഒന്നിന് പാലാ സെന്റ് തോമസ് കോളജ് ക്യാംപസിൽ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി നിഥിനാമോൾ കൊല്ലപ്പെട്ടു. പ്രണയത്തിൽ നിന്ന് പിന്മാറിയതായിരുന്നു ആക്രമണകാരണം. സംഭവത്തിൽ സഹപാഠി അഭിഷേക് അറസ്റ്റിലായി.

ഏതാനും മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം 2017 ജൂലൈ 14ന് ശാരിക എന്ന പതിനെട്ടുകാരിയുടെ ജീവനും പ്രണയപ്പകയിൽ പിടഞ്ഞുതീർന്നു. കടമ്മനിട്ട സ്വദേശിനിയായ ശാരികയുടെ അകന്ന ബന്ധുകൂടിയായ സജിൽ (20) ആയിരുന്നു ജീവനെടുത്തത്. 2018 ഫെബ്രുവരിയിൽ കാസർഗോട്ട് സ്വദേശിനി കെ.അക്ഷിത(19) സുള്ള്യയിലെ നെഹ്റു കോളജിൽ സീനിയർ വിദ്യാർത്ഥി കാർത്തിക്കി(24)ന്റെ കുത്തേറ്റു മരിച്ചു.

എന്നാൽ പ്രണയനൈരാശ്യം പെൺകുട്ടികളുടെ ജീവനെടുക്കുന്ന അതിക്രമം ഭീകരരൂപം പൂണ്ടത് 2019ലായിരുന്നു. 2019 മാർച്ച് 12ന് കവിത എന്ന പതിനെട്ടുകാരി തിരുവല്ലയിൽ തീകൊളുത്തി കൊല്ലപ്പെട്ടു. കവിത കോളജിലേക്കു പോകുമ്പോഴാണ് തിരുവല്ല നഗരത്തിലെ നടുറോഡിൽ പ്രണയപ്പകയ്ക്ക് ഇരയായി മാറിയത്.

2020ലും പ്രണയച്ചോരക്കൊതിയടങ്ങിയില്ല. 2020 ജനുവരി അഞ്ചിന് കാരക്കോണം കുന്നവിള തുറ്റിയോട് കോളനിയിൽ അഷിക എന്ന പത്തൊന്പതുകാരിയെ കാമുകൻ അനു (24) വീട്ടിൽ കയറി കുത്തിക്കൊന്നു. പ്രതിയും ജീവനൊടുക്കി. ദിവസങ്ങൾക്കു ശേഷം ജനുവരി എട്ടിന് കൊച്ചിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന ഈവ ആന്റണിയെ വാൽപ്പാറ റൂട്ടിൽ മലയ്ക്കപ്പാറയിൽ കാറിൽ കൊണ്ടുപോയ ശേഷം സഫർ ഷാ എന്ന ഇരുപത്തഞ്ചുകാരൻ കുത്തിക്കൊലപ്പെടുത്തിയത്. ഇങ്ങനെ നീളുന്നു ഇരകളുടെ പട്ടിക.

ഒടുവിൽ കണ്ണൂരിലെ വിഷ്ണുപ്രിയയിൽ എത്തിനിൽക്കുന്ന പ്രണയപ്പക മൂലമുള്ള കൊലപാതകങ്ങൾ ക്രൂരതയുടെ എല്ലാ സീമകളും കടന്നാണ് ഇന്ന് സംഭവിക്കപ്പെടുന്നത്. കാമുകിയുടെ ജീവൻ അവശേഷിച്ചാൽ പോലും അവൾ എഴുന്നേറ്റു നടക്കരുതെന്ന രീതിയിൽ ക്രൂരമായി ചിന്തിക്കുന്ന മാനസികാവസ്ഥയിലേക്ക് വരെ ഇന്നത്തെ യുവ തലമുറയുടെ പ്രണയപ്പക എത്തിയിരിക്കുന്നു. കടുത്ത ശിക്ഷക്കൊപ്പം തന്നെ കൃത്യമായ ബോധവത്ക്കരണം കൂടി യുവതലമുറയ്ക്കിടയിൽ നടത്തിയാൽ മാത്രമേ ഇത്തരം സംഭവങ്ങളുടെ എണ്ണം പെരുകുന്നതിന് കൃത്യമായ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here