ഇന്ത്യൻ പൗരന്മാർ എത്രയും വേഗം യുക്രൈന്‍ വിടണം’; മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി

0

കീവ്: റഷ്യൻ – യുക്രൈൻ യുദ്ധത്തിനിടെ യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങിപ്പോകാന്‍ ഇന്ത്യന്‍ പൗരന്മാരോട് ഇന്ത്യന്‍എംബസിയുടെ നിര്‍ദേശം. യുക്രൈനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുതെന്നും നിലവിൽ യുക്രൈനിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം യുക്രൈന്‍ വിടണമെന്നും മുന്നറിയിപ്പ് നൽകി.

” വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലേക്ക് ഇന്ത്യക്കാര്‍ യാത്ര ചെയ്യരുത്. നിലവിൽ യുക്രൈനിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പൗരന്മാരോട് ലഭ്യമായ മാർഗങ്ങളിലൂടെ എത്രയും വേഗം യുക്രൈന്‍ വിടാൻ നിർദേശിക്കുന്നു” ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിൻ ബുധനാഴ്ച യുക്രൈനിലെ നാല് പ്രദേശങ്ങളിൽ പട്ടാളനിയമം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നിർദ്ദേശം.

അതേസമയം അധിനിവേശ നഗരമായ കെർസൺ വാസികൾ അപകടമുന്നറിയിപ്പിനെ തുടർന്ന് ബോട്ടുകളിൽ രക്ഷപ്പെട്ടു. കെർസണിൽ നിന്ന് പലായനം ചെയ്യുന്ന ആളുകളുടെ ചിത്രങ്ങൾ റഷ്യൻ സ്‌റ്റേറ്റ് ടി.വി സംപ്രേക്ഷണം ചെയ്തു. ഡിനിപ്രോ നദിയുടെ വലത്തുനിന്ന് ഇടത് കരയിലേക്കാണ് ആളുകൾ മാറിയത്. കെർസൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പുടിൻ സൈനികനിയമം ഏർപ്പെടുത്തിയത്. റഷ്യ അധിനിവേശ പ്രദേശങ്ങളിൽ സൈനിക നിയമം നടപ്പിലാക്കുന്നത് ഉക്രൈനികളുടെ സ്വത്ത് കൊള്ളയടിക്കുന്നതിനുള്ള കപടനിയമമായി മാത്രമേ കണക്കാക്കൂവെന്ന് യുക്രൈൻ പ്രസിഡന്‍റിന്‍റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് ട്വീറ്റ് ചെയ്തു.

ഇറാന്‍ നിര്‍മ്മിത കാമികസ് ആളില്ലാ വിമാനം ഉപയോഗിച്ച് നടത്തുന്ന ആക്രമണവും യുക്രൈനില്‍ രൂക്ഷമായിരിക്കുകയാണ്. ഇത്തരത്തില്‍ നടത്തുന്ന ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് അമേരിക്ക കുറ്റപ്പെടുത്തി. യുക്രൈന്‍കാരെ കൊല്ലാന്‍ റഷ്യയെ ഇറാന്‍ സഹായിച്ചതിന് പിന്നാലെ ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ഥിക്കുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിച്രോ കുലേബ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here