ഇന്ന് മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് സൈബർ അറ്റാക്ക്. ഫേസ്ബുക്കിൽ അത് ഒരു സംഘം ആളുകളുടെ കൂട്ടത്തോടെയുള്ള അധിക്ഷേപമാണെങ്കിൽ, വാട്സാപിൽ ഒരാൾ മാത്രം നടത്തുന്ന പ്രവർത്തനമാകും. അനാവശ്യ മെസേജുകളും ഫോട്ടോകളും വീഡിയോകളും മാത്രമല്ല, വോയിസ് കോളുകളും വീഡിയോ കോളുകളും വഴിയും ചിലർ ബുദ്ധിമുട്ടിക്കും. ചിലർ ശല്യം രൂക്ഷമാകുന്നതോടെ ശല്യക്കാരനെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്യും. എന്നാൽ, ഇത്തരക്കാരുടെ വാട്സാപ് അക്കൗണ്ട് തന്നെ പൂട്ടിക്കാൻ മാർഗമുണ്ട്. റിപ്പോർട്ടിംഗിലൂടെയാണ് അത് സാധ്യമാകുക.
നിങ്ങൾക്ക് ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെങ്കിൽ, ‘[email protected]’ എന്നതിലേക്ക് മെയിൽ വഴി നിങ്ങളുടെ പരാതി അയക്കാനും അക്കൗണ്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സൂചിപ്പിക്കാനും കഴിയും. റിപ്പോർട്ടുചെയ്യാനുള്ള നിങ്ങളുടെ കാരണത്തിന്റെ തെളിവായി നിങ്ങൾ സ്ക്രീൻഷോട്ട് പങ്കിടേണ്ടതുണ്ട്. കൂടാതെ ഒരു വാട്ട്സ്ആപ്പ് ചാറ്റ് തുറക്കുന്നതിലൂടെയും നിങ്ങൾക്ക് ഒരു അക്കൗണ്ട് റിപ്പോർട്ട് ചെയ്യാവുന്നതാണ്(WhatsApp Chat-Tap more options-More-Reptor). ഇതിൽ നിന്ന് ഉപയോക്താവിനെ റിപ്പോർട്ടുചെയ്യണോ അതോ ബ്ലോക്ക് ചെയ്യണോയെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം
വാട്സ്ആപ്പ് തുറന്ന് Settings-Helps Centerൽ കയറിയും നിങ്ങൾക്ക് സഹായം തേടാം. കൂടാതെ WhatsApp-ന്റെ സേവന നിബന്ധനകളുടെ ലംഘനങ്ങളെക്കുറിച്ചോ WhatsApp-ലെ അക്കൗണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങളെക്കുറിച്ചോ ഉപയോക്താക്കൾക്ക് [email protected] എന്ന വിലാസത്തിൽ എഴുതാവുന്നതാണ്.
ഈ വർഷം ആഗസ്റ്റ് മാസത്തിൽ 23 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ വാട്ട്സ്ആപ്പ് നിരോധിച്ചു. ഇതിൽ 13 ലക്ഷത്തോളം പേരുടെ അക്കൗണ്ടുകൾ മറ്റ് ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്തതിന്റെ ഭാഗമായി പൂട്ടിയതാണ്. ഉപയോക്താക്കളിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് ഭൂരിഭാഗം അക്കൗണ്ടുകളിലും വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. ആഗസ്റ്റിൽ വാട്ട്സ്ആപ്പ് നിരോധിച്ച അക്കൗണ്ടുകളുടെ എണ്ണം ജൂലൈ മാസത്തിൽ റിപ്പോർട്ട് ചെയ്തതിന് സമാനമാണ്.
വാട്ട്സ്ആപ്പിന്റെ ‘റിപ്പോർട്ട്’ ഫീച്ചർ വഴി ഉപയോക്താക്കളിൽ നിന്ന് നെഗറ്റീവ് ഫീഡ്ബാക്ക് ലഭിച്ചതിനെ തുടർന്നാണ് മിക്ക അക്കൗണ്ടുകളും നിരോധിച്ചതെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു. കൂടാതെ, വാട്സ്ആപ്പിന് 598 പരാതികൾ ലഭിക്കുകയും 19 അക്കൗണ്ടുകളിൽ നടപടിയെടുക്കുകയും ചെയ്തു. ഓഗസ്റ്റ് 1 മുതൽ 30 വരെ 2,328,000 ഇന്ത്യൻ അക്കൗണ്ടുകളാണ് ആകെ നിരോധിച്ചത്.
ചാറ്റിങ് പ്ലാറ്റ്ഫോം കൂടുതൽ സുരക്ഷിതമാക്കാനായി വിവിധ നടപടികൾ സ്വീകരിക്കുന്നതായി വാട്ട്സ്ആപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഒന്നിലധികം സ്വകാര്യതാ ഫീച്ചറുകൾ ഏർപ്പെടുത്തിയതിനൊപ്പം ഉപയോക്താക്കളെ റിപ്പോർട്ടുചെയ്യാനും സൗകര്യമുണ്ട്.
ഇമെയിൽ വഴി ലഭിച്ച എല്ലാ റിപ്പോർട്ടുകളും വാട്സ്ആപ്പ് പരിശോധിക്കാറുണ്ട്. ഇതിൽ നിന്ന് ‘ഇന്ത്യയുടെ നിയമങ്ങൾ/വാട്സ്ആപ്പിന്റെ സേവന നിബന്ധനകൾ ലംഘിച്ചെന്ന് തെളിഞ്ഞാൽ ആ അക്കൗണ്ടുകൾ നിരോധിക്കും. ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്ന പരാതികൾക്ക് പുറമേ, സ്പാം ഉപയോക്താക്കളെ തിരിച്ചറിയാൻ വാട്ട്സ്ആപ്പ് ഓട്ടോമേറ്റഡ് സിസ്റ്റങ്ങളെയാണ് ആശ്രയിക്കുന്നത്.
ഒരു അക്കൗണ്ടിന്റെ മൂന്ന് ഘട്ടങ്ങളിലായാണ് ദുരുപയോഗം നടന്നതായി കണ്ടെത്തുന്നത്. രജിസ്ട്രേഷൻ ചെയ്യുമ്പോഴോ സന്ദേശമയക്കുമ്പോഴോ ഉപയോക്തൃ റിപ്പോർട്ടുകളുടെയും ബ്ലോക്കുകളുടെയും ഘട്ടം എന്നിവയാണ് അവ.