മലയാലപ്പുഴയിലെ മന്ത്രവാദിനിക്ക് ജാമ്യം; ശോഭനക്ക് രക്ഷപെടാൻ പഴുതൊരുക്കുന്നത് പൊലീസോ?

0

പത്തനംതിട്ട: മലയാലപ്പുഴയിലെ മന്ത്രവാദിനി ശോഭനക്ക് ജാമ്യം. ഉപാധികളോടുള്ള ജാമ്യമാണ് കോടതി അനുവദിച്ചത്. അതേസമയം, ശോഭനക്ക് ജാമ്യം ലഭിച്ചതോടെ പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. മന്ത്രവാദിനിക്കെതിരായ പരാതികളുടെ വിവരങ്ങൾ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ജാമ്യം ലഭിക്കാൻ സാഹചര്യം ഒരുങ്ങിയതെന്നാണ് ആരോപണം.

പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉപയോഗിച്ച് മന്ത്രവാദം ചെയ്തു എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രവാദിനിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസിലാണ് മന്ത്രവാദിനിക്ക് കോടതിയിൽ നിന്ന് ഉപാധികളുടെ ജാമ്യം ലഭിച്ചത്. എന്നാൽ മന്ത്രവാദിനിക്കെതിരെയുള്ള ഗൗരവകരമായ പരാതികൾ പൊലീസ് കോടതിയെ അറിയിക്കാതിരുന്നതോടെയാണ് ഇവർക്ക് ജാമ്യം ലഭിച്ചതെന്ന് പരാതിയും ഉയരുന്നുണ്ട്. രണ്ടര വയസ്സുള്ള കുട്ടിയെ നായയെ അഴിച്ചുവിട്ട് കടിപ്പിക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള പരാതികൾ മലയാലപ്പുഴ സ്റ്റേഷനിൽ നിലവിലുണ്ട്. ഈ പരാതികൾ ഒന്നും പൊലീസ് കോടതിയെ അറിയിച്ചില്ല.

അതേസമയം മുൻപ് മന്ത്രവാദിനി പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം ചെയ്തതിന് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ അസഭ്യം പറഞ്ഞുകൊണ്ടാണ് മന്ത്രവാദ ചടങ്ങുകൾ നടക്കുന്നത്. മലയാലപ്പുഴയിലെ മന്ത്രവാദിനിക്കെതിരായ പരാതികളിൽ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ല എന്ന് ആരോപിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

അസഭ്യം സ്ഥിരം മന്ത്രമാക്കിയ “സ്വാമിനി’യാണ്‌ പൊതീപ്പാട്‌ വാസന്തിയമ്മ മഠത്തിലെ ശോഭന. മോഡേൺ വസ്‌ത്രം ധരിച്ച്‌ ചികിത്സയ്‌ക്കെത്തുന്ന ന്യൂജെൻ മന്ത്രവാദിനി. ബാധയൊഴിപ്പിക്കൽ, വശീകരണം, രോഗചികിത്സ തുടങ്ങിയവയാണ്‌ ഇവർ ചെയ്യുന്നത്‌. വീടുകളിലെത്തിയും ആഭിചാരക്രിയകൾ ചെയ്‌ത്‌ ദക്ഷിണ വാങ്ങും. ഇവർക്കെതിരെ നിരവധി പരാതികൾ മലയാലപ്പുഴ, പത്തനംതിട്ട സ്റ്റേഷനുകളിൽ നാട്ടുകാർ നൽകിയിട്ടുണ്ട്. പൊലീസ്‌ ഉദ്യോഗസ്ഥർ അന്വേഷണത്തിനെത്തുമ്പോൾ ഇവർ അസഭ്യം പറയുകയും ഭസ്‌മം വിതറുകയും ചെയ്യും.

കൂടുതലും രാത്രി സമയങ്ങളിലാണ് മഠത്തിൽ ആഭിചാര ക്രിയകൾ നടക്കുന്നത്. മിക്ക ദിവസങ്ങളിലും അലർച്ച കേൾക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇവർക്കെതിരെ പരാതിപ്പെട്ടാൽ 41–-ാം ദിവസം മരിച്ചുപോകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. സമീപവാസികളെ ഭീഷണിപ്പെടുത്താൻ ഗുണ്ടകളെ ഉപയോഗിക്കും. 2016ൽ ഇവിടുത്തെ ഗുണ്ടകളെ വടിവാൾ അടക്കമുള്ള മാരകായുധങ്ങളുമായി ഡിവൈഎഫ്ഐ മലയാലപ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പിടിച്ചു പൊലീസിൽ ഏൽപ്പിച്ചിരുന്നു.

മലയാലപ്പുഴ പൊതീപാട് വാസന്തിമഠം എന്ന പേരിൽ ആശ്രമം സ്ഥാപിച്ചു കുട്ടികളെ ആഭിചാരക്രിയകൾക്ക് വിധേയയാക്കിയ മന്ത്രവാദിനി വാസന്തി പൂർവ്വാശ്രമത്തിൽ ശോഭനാതിലക് ആയിരുന്നു. മുൻപ് മെഴുവേലിയിൽ താമസിക്കുമ്പോൾ പ്രദേശവാസികളുമായി കലഹങ്ങളും പതിവായിരുന്നു. ഇവർ പലർക്കുമെതിരെ പരാതിയും നൽകിയിട്ടുണ്ട്. കുമ്പഴ സ്വദേശിനിയായ ഇവർ മുൻപ് മല്ലശേരിയിലും ഏലിയറയ്ക്കലിലും ആശ്രമങ്ങൾ സ്ഥാപിച്ചിരുന്നു. പതിനഞ്ചുവർഷങ്ങൾക്ക് മുൻപാണ് ശോഭനാതിലകും ഭർത്താവും രണ്ടു ആൺമക്കളും കൂടി മെഴുവേലിയിൽ വാടകവീട്ടിൽ താമസം തുടങ്ങിയത്.

പിന്നീട് ആ വീട് വിലയ്ക്ക് വാങ്ങി. അക്കാലത്ത് ഇവരുടെ ഭർത്താവ് ഗൾഫിൽ ജോലി ചെയ്യുകയായിരുന്നു. ഇതിനിടെ നാട്ടുകാരുമായി അടിപിടിയും ബഹളവുമുണ്ടായി. ചിലർ കൈയേറ്റം ചെയ്തുവെന്ന് കാണിച്ചു ആറു പേർക്കെതിരെ ഇവർ പരാതിയും നൽകി. വിവരമറിഞ്ഞു നാട്ടിലെത്തിയ ഭർത്താവ് ഇവരുടെ കഥകൾ കേട്ട് ഞെട്ടി. പൊലീസ് സഹായത്തോടെ വീട്ടിൽ നിന്ന് ഇറക്കി.

വീട് വിറ്റ ഭർത്താവ് രണ്ടു മക്കളെയും കൂട്ടി സ്വദേശത്തേക്ക് മടങ്ങി. ശോഭന സ്വദേശമായ കുമ്പഴയിലേക്കും മടങ്ങി. തുടർന്ന് ഏലിയറക്കലിൽ ആശ്രമം തുടങ്ങിയ ശോഭന നാട്ടുകാരെ ഇവിടേക്ക് ആകർഷിച്ചു. പിന്നീട് പേരുമാറ്റി വാസന്തിയമ്മയായി. കൂടോത്രം ചെയ്യാനും ആഭിചാര കർമ്മങ്ങൾക്കും നിരവധി പേർ ഇവിടെയെത്തി. വരുമാനം കൂടിയതോടെ പണം പലിശയ്ക്ക് കൊടുക്കാൻ തുടങ്ങി.

പണപ്പിരിവിനായി ഇവർക്ക് ഗുണ്ടകൾ ഉണ്ടായിരുന്നതായും വിവരമുണ്ട്. അങ്ങനെ പണം നൽകിയ ഒരാളിൽ നിന്നാണ് പൊതീപ്പാട്ടെ വീട് ഇവർ കൈക്കലാക്കിയത്. ചൊവ്വ,വെള്ളി ദിവസങ്ങളിൽ ഇവിടെ ദൂരെസ്ഥലങ്ങളിൽ നിന്ന് നിരവധി ഭക്തമാർ എത്തി. ഇതിനിടെ പൊതിപാട്ടെ അയൽവസികളുമായി പലതവണ കലഹങ്ങളുണ്ടായി. പരിസരവാസികളെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് പലരും പൊലീസിൽ പരാതി നൽകി.

വാസന്തി ചൂരൽ പ്രയോഗത്തിലൂടെയും അസഭ്യവർഷം നടത്തിയും കുട്ടികളെ നഗ്നരാക്കിയുമാണ് ആഭിചാരക്രിയകൾ നടത്തിയിരുന്നത്. വാസന്തിയമ്മ മഠത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായി മലയാലപ്പുഴ ക്ഷേത്ര പരിസരത്ത് ഏജന്റുമാരെയും നിയോഗിച്ചിരുന്നതായി വിവരമുണ്ട്.

ആഭിചാരക്രിയകളുടെ ഭാഗമായി കുട്ടികളെ നഗ്‌നരാക്കിയതുമായി ബന്ധപ്പെട്ട് പരാതികളുമുണ്ടായിരുന്നു. നാട്ടുകാരെ വെല്ലുവിളിച്ച് കഴിഞ്ഞിരുന്ന വാസന്തിയെ പലർക്കും ഭയമായിരുന്നു. പലപ്പോഴും ബനിയനും ബർമുഡയുമായിരുന്നു ഇവരുടെ വേഷം. പൂജകൾക്കായി വരുന്ന സ്ത്രീകളുടെ വസ്ത്രം അഴിച്ചു മാറ്റിയ ശേഷം അസഭ്യവർഷം നടത്തും.

തുടർന്നാണ് ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ചൂരൽപ്രയോഗം. സ്വയം ദൈവമാണ് എന്ന് പറയുന്ന വസന്തിയുടെ അസഭ്യവർഷം കേട്ടാണ് അയൽവാസികൾ ഉറക്കമുണരുന്നത്. തന്റെ ദേഹത്തു ഒരുശക്തി കയറുമെന്നും ആ ശക്തിയാണ് അസഭ്യം പറയുന്നതും ബാധ മാറ്റുന്നതെന്നുമാണ് വാസന്തി പറയുന്നത്.

ഒരിക്കൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നാടുവിട്ടുപോയ ഇവർ വീണ്ടും ഇവിടെ തിരികെയെത്തുകയായിരുന്നു. ഇവർക്കെതിരെയുള്ള പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ഇവർ ഭീഷണിപെടുത്തിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടെനിന്ന് അലർച്ചയും നിലവിളിയും പതിവായി കേട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. മുൻപ് ഇവിടെ താമസിച്ചിരുന്ന ചെറുപ്പക്കാരനെ കാണാതായതായും പരാതിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here