അഖിൽ പതിനേഴുകാരിയെ ആക്രമിച്ചത് പരാതി കൊടുക്കാൻ പോലീസ് സ്റ്റേഷനിലേക്ക് പോയതിനെ തുടർന്ന്; വയറ്റിൽ കുത്താൻ ശ്രമിച്ചെങ്കിലും കൊണ്ടത് കൈയിൽ; കറുകച്ചാലിലെ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

കറുകച്ചാല്‍: പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാമ്പാടി കുറ്റിക്കല്‍ സ്വദേശിയായ പതിനേഴുകാരിയ്ക്ക് നേരെയായിരുന്നു ആക്രമണം. പെൺകുട്ടിയുടെ മുൻ സുഹൃത്താണ് ആക്രമണം നടത്തിയത്. കൈയിലാണ് പരിക്കേറ്റത്. വയറില്‍ കുത്താനുള്ള ശ്രമം തടയുമ്പോള്‍ കൈയില്‍ കുത്ത് കൊള്ളുകയായിരുന്നു. സംഭവത്തില്‍ പാമ്പാടി പൂതകുഴി ചീനികടുപ്പില്‍ അഖില്‍ സി.സുനിലി(21)നെ കറുകച്ചാല്‍ പോലീസ് അറസ്റ്റുചെയ്തു.

വ്യാഴാഴ്ച 11.10-ഓടെ കറുകച്ചാല്‍ പോലീസ് സ്റ്റേഷന്‍ വളപ്പിലായിരുന്നു സംഭവം. തന്നെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് അഖിലിനെതിരേ പരാതി നല്‍കാനായി പെണ്‍കുട്ടിയും സുഹൃത്തും പോലീസ് സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് അക്രമം. പിന്തുടര്‍ന്നെത്തിയ അഖില്‍ കൈയില്‍ കരുതിയ കത്രിക കൊണ്ട് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.

ഇടതുകൈയുടെ തള്ളവിരലിനോട് ചേര്‍ന്നുള്ള ഭാഗത്താണ് കുത്തേറ്റത്. ഉടനെ സുഹൃത്തും പെണ്‍കുട്ടിയും ചേര്‍ന്ന് അഖിലിനെ പിടികൂടി വലിച്ചിഴച്ച് സ്റ്റേഷന് സമീപമെത്തിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ പോലീസ് അഖിലിനെ പിടികൂടി. രക്തം വാര്‍ന്നൊഴുകിയ പെണ്‍കുട്ടിയെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ കൈയില്‍ മൂന്ന് തുന്നലുണ്ട്. മുറിവ് സാരമുള്ളതല്ല.

പെണ്‍കുട്ടി അഖിലുമായി മുന്‍പ് അടുപ്പത്തിലായിരുന്നു. ഏതാനുംനാള്‍ മുമ്പ് ഇരുവരും അകന്നു. എങ്കിലും അഖില്‍ പിന്മാറാതെ കുട്ടിയെ പിന്തുടരുന്നത് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ പന്ത്രണ്ടാംമൈലില്‍നിന്ന് പെണ്‍കുട്ടി കറുകച്ചാലിലേക്കുള്ള ബസില്‍ കയറുന്നത് അഖില്‍ കണ്ടു. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് കറുകച്ചാലിലെത്തുകയായിരുന്നു. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുന്നിലെ ഈ ഭാഗത്തുനിന്നാണ് അഖിലിനെ പോലീസ് പിടികൂടിയത്

സംഭവം കേട്ടറിഞ്ഞ ഞെട്ടലിലാണ് നാട്. പോലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്നും പെണ്‍കുട്ടിയുടെ നിലവിളി കേട്ട് സമീപത്തെ വ്യാപാരികളും യാത്രക്കാരുമാണ് ആദ്യം ഓടിക്കൂടിയത്. ആരും സ്റ്റേഷന്‍ വളപ്പിലേക്ക് കയറാതെ പകച്ചുനിന്നു. വയറിന് നേരയുള്ള കുത്ത് തടയുന്നതിനിടയില്‍ ഇടതുകൈയുടെ വിരലുകളോട് ചേര്‍ന്ന ഭാഗത്താണ് കുത്തേറ്റത്. വീണ്ടും ആക്രമിക്കുന്നതിന് മുന്‍പ് പ്രാണരക്ഷാര്‍ഥം ഒപ്പമുണ്ടായിരുന്ന സുഹൃത്തും പെണ്‍കുട്ടിയും ചേര്‍ന്ന് അഖിലിനെ പിടിച്ചുനിര്‍ത്തി വലിച്ചിഴച്ച് പോലീസ് സ്റ്റേഷന്റെ മുറ്റത്തേക്ക് നീങ്ങി.

ഇവരുടെ നിലവിളികേട്ട് ഓടിയെത്തിയ പോലീസുകാരാണ് അഖിലിനെ പിടികൂടിയത്. അപ്പോഴേക്കും പെണ്‍കുട്ടിയുടെ കൈയില്‍നിന്നും രക്തം വാര്‍ന്നൊഴുകുകയായിരുന്നു. സുഹൃത്തിന്റെ ശരീരത്തിലും വസ്ത്രങ്ങളിലുമാകെ രക്തമായിരുന്നു. സ്റ്റേഷന്റെ മുറ്റത്ത് പാകിയ ടൈലിലും രക്തം ചിതറി. ഉടന്‍തന്നെ പോലീസ് ജീപ്പില്‍ പെണ്‍കുട്ടിയുമായി ആശുപത്രിയിലേക്ക്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ മൂവരും വ്യത്യസ്തമായ മറുപടിയാണ് ആദ്യം നല്‍കിയത്. തന്നെ കുത്തിയ അഖിലിനെ അറിയിലെന്ന് പെണ്‍കുട്ടി പറഞ്ഞെങ്കിലും ഏറെ നാളുകളായി തങ്ങള്‍ പ്രണയത്തിലായിരുന്നെന്നുമായിരുന്നു അഖിലിന്റെ മറുപടി. പോലീസ് വിളിച്ചറിയിച്ചപ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുവരും തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നെന്ന് അറിയുന്നത്. ഇത് അഖിലിന്റെ ബന്ധുക്കളും സ്ഥിരീകരിച്ചു. ഇതിനിടയിലാണ് അഖിലിനെ തെളിവെടുക്കാനായി സ്റ്റേഷന് പുറത്തിറക്കിയത്. ഒരു കൂസലുമില്ലാതെയാണ് ഇയാള്‍ കാര്യങ്ങള്‍ വിവരിച്ചതും.

LEAVE A REPLY

Please enter your comment!
Please enter your name here