ഫാൻസ് ഗ്രൂപ്പ് വഴി പരിചയം പ്രണയമായി; അക്ബറലിയ്‌ക്കൊപ്പം ഇറങ്ങിപ്പോയത് അഞ്ചുവയസുള്ള കുഞ്ഞിന്റെ അമ്മ; പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കൈഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമവും; സിനിമാക്കഥയെ വെല്ലുന്ന സംഭവം ഇങ്ങനെ

0

കോഴിക്കോട്: വിവാഹിതയായ യുവതിയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് പോലീസ് സ്റ്റേഷനിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു. നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പോലീസ്‌ സ്റ്റേഷന് പുറത്ത് ബ്ലേഡ്‌ കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ചത്. തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം ആണ് ഇയാൾ പോലീസ് സ്റ്റേഷനിൽ എത്തിയത്.

വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. വ്യാഴാഴ്ച മുതൽ യുവതിയെ കാണാതായതിന് തിരുവനന്തപുരം പോലീസ്‌സ്റ്റേഷനിൽ കേസുണ്ട്. പോലീസ് ഇവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാ സ്റ്റേഷനിൽ എത്തുന്നത്. തങ്ങൾ രണ്ടുപേരും ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവർ വനിതാ സ്റ്റേഷനിലെത്തിയത്.

കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാൽ യുവതിയെ കസ്റ്റഡിയിൽ വെക്കാൻ പോലീസ് തീരുമാനിച്ചു. ഇതിനിടയിൽ സ്റ്റേഷനിൽ യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി. യുവാവിനൊപ്പം മലപ്പുറത്തെ വീട്ടിലേക്ക്‌ പോകുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.

താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പോലീസിനോട് പറഞ്ഞു. ഇതോടെ യുവാവ് കടയിൽപ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് സ്റ്റേഷനിൽ തിരിച്ചെത്തി. വനിതാപോലീസ് വിവരം സിറ്റി കൺട്രോൾറൂമിൽ അറിയിച്ചു. പിന്നീട് പോലീസെത്തി യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് വനിതാപോലീസ് എത്തിയാൽ യുവതിയെ അങ്ങോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്‌നടന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ വാട്‌സാപ്പ് ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here