ഒമ്പതാം ക്ലാസുകാരനെ ഇടിച്ചത് പെർമിറ്റ് ഇല്ലാത്ത സ്കൂൾ ബസ്; കേസായപ്പോൾ രാത്രിയിൽ തന്നെ പെർമിറ്റ് പുതുക്കി നൽകി മോട്ടോർ വാഹന വകുപ്പും; ബാഹിഷ് മരിച്ചത് സ്‌കൂൾ ബസുകൾക്കിടയിൽ കുടുങ്ങി; കലോത്സവദിനത്തിലെ നൊമ്പരവാർത്തയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

0

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ സ്‌കൂളിലെ വിദ്യാർത്ഥിയെ ഇടിച്ച സ്കൂൾ ബസ് പെർമിറ്റ് ഇല്ലാത്തത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി. അപകടം നടക്കുമ്പോൾ ബസ്സിന് പെർമിറ്റ് ഇല്ലായിരുന്നു. ഇന്നലെ വൈകിട്ടാണ് സ്‌കൂൾ അധികൃതർ പെർമിറ്റ് പുതുക്കിയത്. ഈ വർഷം ഓഗസ്റ്റിലാണ് ബസിന്റെ പെർമിറ്റ് കാലാവധി അവസാനിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വിശദീകരണവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച തന്നെ പെർമിറ്റ് പുതുക്കാൻ സ്‌കൂൾ അധികൃതർ അപേക്ഷ നൽകിയിരുന്നു എന്നും 7500 രൂപ പിഴതുക ഈടാക്കി എന്നും മോട്ടോർ വാഹന വകുപ്പ് വിശദീകരിക്കുന്നു.

കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ് ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. സ്‌കൂൾ വളപ്പിൽ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്‌കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിങ് മൈതാനത്താണ് അപകടമുണ്ടായത്. അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോൾ, ചക്രങ്ങൾ കുഴിയിൽ അകപ്പെട്ടതാണ് അപകടത്തിന് കാരണം.

കുഴിയിൽ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്‌കൂൾ ബസിൽ ഉരസുകയും ചെയ്തു. ബസുകൾക്കിടെയിൽ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാഴൂർ സ്വദേശി ബാവയുടെ മകനാണ് ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്‌കൂളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്‌കൂൾ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടാക്കിയ കെ എൽ 57 ഇ 9592 എന്ന സ്‌കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുയർന്നു.

സ്‌കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാൽ പെർമിറ്റ് പുതുക്കിയതെന്നും വെബ്‌സൈറ്റിൽ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്‌കൂൾ അധികൃതർ വിശദീകരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രിയിൽ പെർമിറ്റ് പുതുക്കിയെന്ന് വ്യക്തമാകുന്നത്. അതായത് ഓടിക്കാൻ നിയമപരമായി കഴിയാത്ത ബസാണ് അപകടമുണ്ടാക്കിയത്. കുട്ടിക്ക് ചികിത്സ നൽകുന്ന കാര്യത്തിലുൾപ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്‌കൂൾ അധികൃതർ പറയുന്നു.

വൈകീട്ട് നാലരയോടെയാണ് സംഭവം. സ്‌കൂളിലെ കലോത്സവമായിരുന്ന തിങ്കളാഴ്ച സ്‌കൂൾ വിട്ട ശേഷമാണ് അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട ബാഹിഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വിദ്യാർത്ഥികളെ കൊണ്ടുപോകാനായി വാഹനം എടുത്ത സമയത്താണ് പാർക്കിങ് ഗ്രൗണ്ടിൽ വിദ്യാർത്ഥി കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ബസ് പിന്നോട്ട് എടുക്കുമ്പോൾ അപകടമുണ്ടായതാവാനാണ് സാധ്യതയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

‘തലയ്ക്ക് പിറകിൽ മുറിവുണ്ടായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിയിൽ തന്നെ വിദ്യാർത്ഥിയുടെ ജീവൻ നഷ്ടമായിരുന്നു. കലോത്സവ ദിനമായതിനാൽ സാധാരണയിൽ നിന്ന് അൽപം വൈകിയാണ് സ്‌കൂൾ വിട്ടത്. അശ്രദ്ധ സംഭവിച്ചതാണെന്ന് പറയാൻ കഴിയില്ല. ബസുകൾ വരിയായി പാർക്ക് ചെയ്ത ശേഷം മാത്രമേ വിദ്യാർത്ഥികളെ കയറാൻ അനുവദിക്കാറുള്ളൂ. അപകടങ്ങൾ സംഭവിക്കാതിരിക്കാനുള്ള മുൻകരുതലുകൾ പരമാവധി സ്‌കൂൾ അധികൃതർ എടുക്കാറുണ്ട്’, പ്രധാനധ്യാപകൻ പറഞ്ഞിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here