കേരളത്തിലും തമിഴ്‌നാട്ടിലും 1,400 കോടിയുടെ തട്ടിപ്പ്‌; രണ്ടാം പ്രതി പിടിയില്‍

0

കുന്നംകുളം: പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്നു വാഗ്‌ദാനംചെയ്‌തു 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒരാള്‍ അറസ്‌റ്റില്‍. മുഖ്യ പ്രതി തമിഴ്‌നാട്‌ സ്വദേശി ഒളിവില്‍. കേരളത്തിലും തമിഴ്‌നാട്ടിലുമായി പ്രവര്‍ത്തിക്കുന്ന യു.ടി.എസ്‌. ട്രേഡിങ്‌ കമ്പനി എന്ന സ്‌ഥാപനത്തില്‍ വന്‍ തട്ടിപ്പു നടന്നെന്നാണു പരാതി.
പറന്നൂര്‍ സ്വദേശിയില്‍നിന്നും 60 ലക്ഷം രൂപ വാങ്ങി ലാഭവിഹിതമോ നിക്ഷേപിച്ച പണമോ തിരിച്ചുകൊടുക്കാതെ തട്ടിപ്പ്‌ നടത്തിയ കേസിലെ രണ്ടാം പ്രതി പാലക്കാട്‌ മരുത റോഡ്‌ സ്വദേശി ഹരിദാസി(46)നെയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
പാറന്നൂര്‍ സ്വദേശിയും വ്യവസായിയുമായ റിച്ചാര്‍ഡ്‌ ഹാമില്‍ട്ടണില്‍ (സുഭാഷ്‌) നിന്നാണ്‌ 60 ലക്ഷം തട്ടിയത്‌. കോയമ്പത്തൂര്‍ പീളൈമേട്‌ സ്വദേശി രമേഷാണ്‌ കേസില്‍ ഒന്നാം പ്രതി. സമാനരീതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും 1,400 കോടി രൂപയോളം തട്ടിപ്പ്‌ നടത്തിയതിന്‌ രമേഷിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ 140 കേസുകളും കേരളത്തില്‍ 40 കേസുകളും രജിസ്‌റ്റര്‍ ചെയ്‌ത്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.
കുന്നംകുളം അസിസ്‌റ്റന്റ്‌ പോലീസ്‌ കമ്മിഷണര്‍ ടി.എസ്‌. സിനോജിന്റെ മേല്‍നോട്ടത്തില്‍ കുന്നംകുളം എസ്‌.എച്ച്‌.ഒ: യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒന്നാം പ്രതിയായ രമേഷിനെ കണ്ടെത്തുന്നതിനായി തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ്‌ രണ്ടാം പ്രതി ഹരിദാസനെ പാലക്കാട്‌ നിന്നും അറസ്‌റ്റ്‌ ചെയ്‌തത്‌.
കുന്നംകുളം അഡീഷണല്‍ എസ്‌.ഐ. ഷക്കീര്‍ അഹമ്മദ്‌, അസിസ്‌റ്റന്റ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ പ്രേംജിത്ത്‌, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുജിത്ത്‌, റിജിന്‍ദാസ്‌, ജില്ലാ പോലീസ്‌ മേധാവിയുടെ ഡാന്‍സാഫ്‌ സ്‌ക്വാഡ്‌ അംഗങ്ങളായ ആഷിഷ്‌ ജോസഫ്‌, ശരത്ത്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ ഹരിദാസിനെ പിടികൂടിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here