എസ്ഐയുടെ കസേരയിലിരുന്ന് ഇനി കള്ളടിക്കാം; കമ്പംമെട്ട് പോലീസ് സ്റ്റേഷൻ ഇനി മുതൽ ‘കള്ളുഷാപ്പ്’

0

കമ്പംമെട്ട്: കമ്പംമെട്ട് പോലീസ് സ്റ്റേഷൻ കള്ളുഷാപ്പായി. തൊണ്ടിമുതലുകൾ സൂക്ഷിച്ചിരുന്ന മുറി പാചകപ്പുരയാക്കി, ലോക്കപ്പ് റൂം കള്ളൂറ്റുന്ന മുറിയായി. എസ്ഐ ഇരുന്ന സ്ഥലം കള്ള് കുടിക്കുന്ന കേന്ദ്രമായി. അങ്ങനെ പഴയ പോലീസ് സ്റ്റേഷനിൽ ഇനി കള്ള് വിളമ്പും. 2 പതിറ്റാണ്ട് വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കമ്പംമെട്ട് പൊലീസ് സ്റ്റേഷനാണ് ഇപ്പോൾ കള്ളുഷാപ്പായി പ്രവർത്തനം തുടരുന്നത്.

ഷാപ്പിലെ പ്രധാന വിഭവം കപ്പയും, പന്നിക്കറിയും പന്നി ഫ്രൈയുമാണ്. എല്ല്, കപ്പ, ബീഫ് കറി, ബീഫ് ഫ്രൈ, പോട്ടി ഫ്രൈ, പതിര് എന്നിവയാണ് പ്രധാന പാചകക്കാരൻ ബൈജു കത്തിത്തറയുടെ രുചിക്കൂട്ടിൽ വിളമ്പുന്നത്. തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ പേരും കള്ളു കുടിക്കാനെത്തുന്നത്.

1980ൽ ടി.കെ.രാമകൃഷ്ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് കേരള തമിഴ്നാട് അതിർത്തിയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. തമിഴ്നാട്ടിൽ നിന്നുള്ള കവർച്ച സംഘങ്ങളുടെ ശല്യം തടയാനാണ് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്. ഒരു എസ്ഐയും 4 പൊലീസുകാരും ഉൾപ്പെടുന്നതായിരുന്നു സ്റ്റേഷൻ കെട്ടിടം. സ്റ്റേഷൻ ഭരിച്ചിരുന്നത് നിക്കർ പൊലീസ് ആയിരുന്നുവെന്നും പഴമക്കാർ ഓർക്കുന്നു.

കുമ്മായം തേച്ച് ഓടുമേഞ്ഞ ഏക കെട്ടിടമായിരുന്നു അന്ന് ഈ പൊലീസ് സ്റ്റേഷൻ. പൊലീസ് സ്റ്റേഷന് മുൻപിൽ ഇന്നു കാണുന്ന കമ്പം കമ്പംമെട്ട് പുളിയന്മല റോഡ് അന്ന് കാളവണ്ടി പോകുന്ന ഒരു മൺപാതയായിരുന്നു. പൊലീസ് ജീപ്പൊക്കെ വരുന്നത് പിന്നീട് വർഷങ്ങൾക്ക് ശേഷമാണ്. എന്തായാലും പ്രൗഢിയിൽ രണ്ടര പതിറ്റാണ്ട് പൊലീസ് സ്റ്റേഷൻ കമ്പംമെട്ടിൽ ഉണ്ടായിരുന്നു. അതിനു ശേഷം പുതിയ പൊലീസ് സ്റ്റേഷൻ നിർമിച്ചു മാറി.

LEAVE A REPLY

Please enter your comment!
Please enter your name here